ഷാര്‍ജ: കടലിനെ മാറ്റിനിറുത്തി ഇമാറാത്തി പൈതൃകത്തെ കുറിച്ച് എന്തെഴുയിട്ടും കാര്യമില്ല. തിരമാലകളുടെ താളത്തില്‍ നിന്ന് ഉയിരെടുത്തതാണ് അയാല നൃത്തം എന്ന് പറയുന്നിടത്ത് കാര്യം സ്പഷ്ടം. കടലാഴത്തില്‍ മുങ്ങിച്ചെന്ന് മുത്ത് വാരാനും കടല്‍പ്പരപ്പിലൂടെ യാത്ര ചെയ്ത് സഞ്ചാരപഥങ്ങള്‍ തീര്‍ക്കാനും ഇന്നും മുന്‍പന്തിയിലാണ് ഇമാറാത്തികള്‍. ഷാര്‍ജ പൈതൃകോത്സവത്തിലെത്തിയാല് യു.എ.ഇയുടെ സമുദ്രകലകള് കണ്ടറിയാം. ബോട്ടുകള്‍ നിര്‍മിച്ചും, മുത്തുകള്‍ തേടി കടലിലേക്ക് പോകുന്നതും. തിരിച്ചുവരുന്നതും എങ്ങനെയായിരുന്നുവെന്ന് ചെയ്ത് കാണിച്ചുതരും.
1421ജനിക്കുകയും പതിനേഴാം വയസില്‍ സമുദ്രയാത്രകള്‍ക്ക് തുടക്കം കുറിക്കുകയും സമുദ്രത്തിലെ സഞ്ചാരപഥങ്ങളെ വിരല്തുമ്പിലിട്ട് അമ്മാനം ആടുകയും ചെയ്ത, അറേബ്യന്‍ നാവികനും കാര്‍ട്ടോഗ്രാഫറുമായ അഹ്മദ് ഇബ്നു മാജിദിനെ കുറിച്ച് ലോകം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കേരളമടക്കമുള്ള സ്കൂളുകളില്‍ ഇബ്നുമാജിദിനെ പരിചയപ്പെടുത്തുന്നത് പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡി ഗാമയുടെ ഇന്ത്യയിലേക്കുള്ള യാത്രയില്‍ ആഫ്രിക്കന്‍ തീരത്തു നിന്ന് വഴി കാണിച്ചുകൊടുത്തയാൾ എന്നാണ്. എന്നാല്‍ ഈ ചരിത്രം അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും ഗാമക്ക് വഴി പറഞ്ഞു കൊടുത്തത് ഗോവക്കാരനായ ഒരാളാണെന്നും ഗാമയുടെ ദിനസരി കുറിപ്പുകള്‍ സഹിതം ഖണ്ഡിച്ച് പുസ്തകം എഴുതിയത് യു.എ.ഇയുടെ സാംസ്കാരിക നായകനും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ്. ആദ്യകാലത്തെ അറേബ്യന്‍ കടല്‍ സഞ്ചാരി എന്ന പ്രശസ്തി ലഭിച്ചത് ഇബ്നുമാജിദിനാണ്. ഏകദേശം 1500ലാണ് അദ്ദേഹം മരണപ്പെട്ടതെന്ന് കരുതുന്നു. സമുദ്ര യാത്രക്ക് പുറമെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. കടല്‍ സിംഹം എന്നും വിളിക്കുന്നു. റാസല്‍ഖൈമയിലെ മ്യൂസിയത്തില്‍ ഇപ്പോഴും ഇബ്നുമാജിദിന്്റെ ശേഷിപ്പുകള്‍ കാണാം.
തീരദേശ ജീവിതമടക്കം പുനരവതരിപ്പിക്കുന്ന ആഘോഷം ഏപ്രിൽ 10 വരെ ഷാര്‍ജയുടെ ഹൃദയഭാഗമായ റോള ഹെറിറ്റേജ് മ്യൂസിയത്തിലാണ് നടക്കുന്നത്. യുഎഇയുടെ മിന്നും പൈതൃകം എന്ന പ്രമേയത്തിലാണ് പൂർണ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയുള്ള ആഘോഷം. ഇന്ത്യയടക്കം 29 ലോക രാജ്യങ്ങളുടെ സമ്പന്നമായ പൈതൃകക്കാഴ്ചകളും ഇവിടെ ദൃശ്യമാണ്.
500 കലാ സാഹിത്യ പരിപാടികൾ അരങ്ങേറും. പാചക കലകളുടെ പ്രദർശനങ്ങളുമുണ്ട്. ഇവയെല്ലാം കുട്ടികളടക്കം കുടുംബങ്ങളെ ഏറെ ആകർഷിക്കുന്നു. സുഗന്ധദ്രവ്യങ്ങൾ, വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കുന്ന 80 വൈവിധ്യമാർന്ന കടകളാണ് മറ്റൊരു ആകർഷണം. സ്വദേശി, ഗൾഫ് ഭക്ഷ്യവിഭവങ്ങൾ ആരുടെ വായിലും രുചിയുയർത്തും.