Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താജ്മഹലിനപ്പുറം ഒരു പ്രണയ സ്മാരകം; ഖുർആൻ വചനങ്ങൾ പതിച്ച ഷാജഹാന്റെ രത്നക്കല്ല് ഏലസ്സ് ദോഹയിൽ

text_fields
bookmark_border
താജ്മഹലിനപ്പുറം ഒരു പ്രണയ സ്മാരകം; ഖുർആൻ വചനങ്ങൾ പതിച്ച ഷാജഹാന്റെ രത്നക്കല്ല് ഏലസ്സ് ദോഹയിൽ
cancel

കാലം പ്രണയത്തെ അടയാളപ്പെടുത്താറുള്ളത് അനശ്വര പ്രണയ ജോഡികളിലൂടെയാണ്. കാലാകാലങ്ങളിൽ ദേശാന്തരങ്ങളിൽ പ്രണയം അവശേഷിപ്പിച്ചിട്ടുള്ള സ്മാരകങ്ങൾ പലതാണ്. അത്തരത്തിൽ എണ്ണപ്പെട്ട ചിലതാവട്ടെ നമ്മുടെ ഇന്ത്യയിലുമുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനും അദ്ദേഹത്തിന്റെ പ്രിയ പത്നി മുംതാസ് മഹലും തമ്മിലുള്ള പ്രണയം നമുക്ക് സമ്മാനിച്ചത് താജ്മഹലെന്ന ലോകാത്ഭുതത്തെയാണ്. ആഗ്രയിൽ, യമുനാനദിക്കരയിലെ വെണ്ണക്കൽ കൊട്ടാരം കാണാൻ ലോകമെമ്പാടുനിന്നും മനുഷ്യർ വന്നുകൊണ്ടിരിക്കുന്നു.

എന്നാൽ, ഷാജഹാൻ -മുംതാസ് പ്രണയകഥയിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു അപൂർവ്വ നിധി ദോഹയിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഷാജഹാൻ ചക്രവർത്തി നെഞ്ചോട് ചേർത്തുവെച്ചിരുന്ന,'ജേഡ്' (Jade) എന്ന രത്നകല്ലിൽ തീർത്ത ഏലസ്സ് (Amulet / പതക്കം) ആണ് ദോഹയിലെ പ്രശസ്തമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിലുള്ളത്. ഷാജഹാൻ - മുംതാസ് പ്രണയത്തിന്റേതായി ഭൂമിയിൽ അവശേഷിക്കുന്ന ഓർമ്മച്ചെപ്പുകളിൽ ഒന്നാണ് ഈ ജേഡ് ഏലസ്സ്. പ്രധാനമായും പച്ച നിറത്തിൽ കാണപ്പെടുന്ന ഒരു രത്നകല്ലാണ് ജേഡ്. വെള്ള, ലാവെൻഡർ നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്.

പ്രിയപത്നി മുംതാസ് മഹലിന്റെ വേർപാടിൽ കടുത്ത ദുഃഖത്തിലായിരുന്ന കാലത്താണ് (എ.ഡി 1631-1632) ഷാജഹാൻ ചക്രവർത്തി ജേഡ് ഏലസ്സ് നിർമിച്ചതെന്ന് കരുതപ്പെടുന്നു. വെള്ളനിറത്തിലുള്ള ഏലസ്സിന് 3.8 സെന്റീമീറ്റർ ഉയരവും 5.3 സെന്റീമീറ്റർ വ്യാസവുമാണുള്ളത്. ഏലസ്സിന്റെ ഇരുവശങ്ങളിലും വിശുദ്ധ ഖുർആനിലെ 'ആയത്തുൽ കുർസി' വചനങ്ങൾ അലേഖനം ചെയ്തിട്ടുണ്ട്. മുഗൾ പാരമ്പര്യത്തിൽ, ഹൃദയത്തോട് ചേർത്ത് അണിഞ്ഞിരുന്ന ജേഡ് ഏലസ്സുകൾ 'ഹൽദിലി' എന്നാണ് അറിയപ്പെട്ടിരുന്നത്.

മനസ്സമാധാനത്തിനും വികാരങ്ങളെ നിയന്ത്രിക്കാനും 'ആയത്തുൽ കുർസി' രേഖപ്പെടുത്തിവെച്ച ഏലസ്സ് സഹായിക്കുമെന്ന് വിശ്വസിച്ചിരുന്ന ഷാജഹാൻ ചക്രവർത്തി, മുംതാസിന്റെ വേർപാടിൽ ആശ്വാസം കണ്ടെത്തുന്നതിനായി ഇത് സ്ഥിരമായി ധരിച്ചിരുന്നതായാണ് ചരിത്രകാരന്മാരുടെ അനുമാനം. രണ്ട് തീയതികൾ, മുഗൾ രാജകീയ മുദ്രകൾ എന്നിവയും കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. ഏലസ്സ് ലോഹ ചെയിനുകൾ കൊണ്ട് കോർത്ത്, മുത്തുകൾ പിടിപ്പിച്ച നിലയിലാണ്.

സെസിൽ ബാരിങ്ങിന്റെ ശേഖരത്തിലുണ്ടായിരുന്ന ഈ ഏലസ്സ്, 2001 ഒക്ടോബർ 18-ന് ലണ്ടനിൽ നടന്ന സോത്ത്ബീസ് ലേലത്തിൽ നിന്നാണ് (Arts of the Islamic World ലേലം, Lot 150) ഖത്തർ മ്യൂസിയംസ് സ്വന്തമാക്കുന്നത്. ഇസ്ലാമിക കലയുടെയും മുഗൾ പ്രണയകാവ്യത്തിന്റെയും ഉദാഹരണമായ ഈ ഏലസ്സ് ഇപ്പോൾ സന്ദർശകർക്ക് പ്രണയത്തിന്‍റെയും വിരഹത്തിന്റെയും മനോഹരമായ കാഴ്ചയാവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shah Jahan's gemstone engraved with verses from the Quran is in Els Doha
Next Story