ഇന്ന് എം.എഫ്. ഹുസൈന്റെ 111ാം ജന്മദിനം; കാൻവാസിൽ മാഞ്ഞുപോകാത്ത വർണങ്ങൾ
text_fieldsആധുനിക ഇന്ത്യൻ ചിത്രകലയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ‘ഇന്ത്യൻ പിക്കാസോ’ എം.എഫ്. ഹുസൈന്റെ ജീവിതവും കലായാത്രയും കാൻവാസിലെ വൈവിധ്യമാർന്ന വർണങ്ങൾ പോലെ വിസ്മയകരവും മനോഹരവും അതിലേറെ സംഭവബഹുലവുമായിരുന്നു. പ്രതിഭയാൽ രാജ്യം ആദരിച്ച ആ കലാകാരന്, ഒടുവിൽ വിവാദങ്ങളെ തുടർന്ന് ജന്മനാട് ഉപേക്ഷിച്ച് ദോഹയിൽ അഭയം തേടേണ്ടിവന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വേദനാജനകമായ മറ്റൊരു അധ്യായമായിരുന്നു.
1915 സെപ്റ്റംബർ 17ന് മഹാരാഷ്ട്രയിലെ പന്ധാർപൂരിലാണ് മഖ്ബൂൽ ഫിദ ഹുസൈൻ ജനിച്ചത്. ബാല്യകാലത്തെ കഷ്ടതകളിലൂടെ വളർന്ന് പിൽക്കാലത്ത് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള കലാകാരന്മാരിൽ ഒരാളായി അദ്ദേഹം മാറി. ഒന്നര വയസ്സുള്ളപ്പോൾ തന്നെ മാതാവിനെ നഷ്ടപ്പെട്ടത് ബാല്യത്തെ ഏറെ ദുഃഖത്തിലാഴ്ത്തി.
പിന്നീട് പിതാവ് പുനർവിവാഹം കഴിച്ചതോടെ കുടുംബം ഗുജറാത്തിലെ സിദ്ധ്പൂരിലേക്ക് താമസം മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പിതാവ് അദ്ദേഹത്തെ മധ്യപ്രദേശിലെ ഇൻഡോറിലേക്കയച്ചു. മനസ്സിൽ ചിത്രകലയെന്ന മോഹം ശക്തമായതോടെ, 1930കളുടെ മധ്യത്തിൽ അദ്ദേഹം ബോംബെയിലെത്തുകയും പ്രശസ്തമായ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്സിൽ ചേർന്ന് പഠനം ആരംഭിക്കുകയും ചെയ്തു.
ബോംബെയിലെ തുടക്കകാലം ഏറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. ഉപജീവനത്തിനായി സിനിമകളുടെ കട്ടൗട്ടുകളും ഹോർഡിംഗുകളും വരയ്ക്കുന്ന ജോലിയാണ് അദ്ദേഹം ആദ്യം ചെയ്തത്. ബോംബെയിലെ തെരുവുകളിൽ സിനിമാ ബോർഡുകൾ വരച്ചുതീർത്ത അനുഭവപരിചയമാണ് പിൽക്കാലത്ത് കാൻവാസുകളിൽ അതിമനോഹരമായ, ഏറ്റവും വിലയേറിയ ചിത്രങ്ങൾ വരക്കുന്ന കലാകരനിലേക്കുള്ള തുടക്കമായത്.
ചിത്രകലയിലും ശിൽപ്പകലയിലും ചലച്ചിത്രത്തിലും കവിതയിലും ഡിസൈനിലുമെല്ലാം തന്റെതായ അദ്ദേഹം തന്റെ സർഗ്ഗമുദ്ര പതിപ്പിച്ചു. വർണങ്ങളാൽ വൈവിധ്യം തീർത്ത് അദ്ദേഹം നൽകിയ സംഭാവനകളെ ആദരിച്ച് പദ്മശ്രീ (1966), പദ്മഭൂഷൺ (1973), പദ്മവിഭൂഷൺ (1991) എന്നീ പരമോന്നത ബഹുമതികൾ സമ്മാനിച്ചു.
വിവാദങ്ങൾ, പ്രവാസത്തിലേക്ക്; ലൗഹ് വ ഖലം മ്യൂസിയം
കലയിലെ സ്വതന്ത്ര ആവിഷ്കാരങ്ങൾ അദ്ദേഹത്തെ വിവാദങ്ങളിലേക്കും പിന്നീട് പ്രവാസത്തിലേക്കും തള്ളിവിട്ടു. 1970ൽ വരച്ച ചിത്രങ്ങൾ 1996ൽ ഒരു മാസിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദങ്ങൾ പടർന്നത്. ഹിന്ദുദേവതമാരെയും ഭാരതാംബയേയും നഗ്നരായി ചിത്രീകരിച്ചു എന്ന കുറ്റമാരോപിച്ച് ചില തീവ്ര സംഘടനകൾ രംഗത്തെത്തി. ഹിന്ദുദേവതമാരെ മോശമായി ചിത്രീകരിച്ച് സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കാൻ ശ്രമിച്ചു എന്ന കേസ് കോടതി തള്ളിയെങ്കിലും വിവാദങ്ങൾ തീർന്നില്ല. തുടർച്ചയായ കേസുകളും പ്രതിഷേധങ്ങളും കാരണം ഇന്ത്യയിൽ സമാധാന ജീവിതം സാധ്യമാകാതെ വന്നപ്പോൾ, ജന്മനാട് ഉപേക്ഷിച്ച അദ്ദേഹത്തിന് ഖത്തരി ഭരണകൂടം സ്നേഹത്തോടെ അഭയം നൽകി. 2010ൽ തന്റെ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച്, അദ്ദേഹം ഖത്തർ പൗരത്വം സ്വീകരിച്ചു. 2011ൽ വിടവാങ്ങുന്നത് വരെ ദോഹയിൽ ഇരുന്ന് തന്റെ വിഖ്യാതമായ പല ചിത്രരചനകൾക്കും ജീവൻ നൽകി.
ഖത്തർ നൽകിയ ആദരവും സ്വാതന്ത്ര്യവും ഹുസൈനിലെ കലാകാരന് വീണ്ടും ജീവനേകി. അറബ്-ഇസ്‍ലാമിക് നാഗരികതയുടെ ചരിത്രവും പാരമ്പര്യവും പ്രമേയമാക്കി 99 ചിത്രങ്ങൾ വരക്കാൻ ഖത്തർ ഫൗണ്ടേഷന്റെ അധ്യക്ഷ ശൈഖ മോസ ബിൻത് നാസർ അദ്ദേഹത്തെ ചുമതലപ്പെടുത്തി. 2011ൽ 95ാം വയസ്സിൽ ഈ ലോകത്തോട് വിടപറയും മുമ്പ്, ഈ പരമ്പരയിലെ 36 ചിത്രങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു. അറബ് അസ്ട്രോണമി (2008), യമൻ കോൾ ഓഫ് ദി ഡെസേർട്ട്' (2010) എന്നിവ ദോഹ ജീവിതത്തിലെ അദ്ദേഹത്തിന്റെ മാസ്റ്റർപീസുകളാണ്.
ഇന്ത്യയിൽ നിന്നും നാടുകടത്തപ്പെട്ട കലാകാരന് അഭയവും തന്റെ വർണ ഭാവനകൾ ലോകത്തോട് പങ്കുവെക്കാൻ സ്വാതന്ത്രവും നൽകിയ ഖത്തർ, അദ്ദേഹത്തിന്റെ ഓർമകൾക്കായി ഒരു ഇടം ഒരുക്കുകയും ചെയ്തു. ഹുസൈൻ തന്നെ തയാറാക്കിയ ഒരു പ്രാഥമിക രൂപരേഖയെ അടിസ്ഥാനമാക്കിയാണ് ഖത്തർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദോഹയിലെ എജുക്കേഷൻ സിറ്റിയിൽ ലൗഹ് വ ഖലം; എം.എഫ്. ഹുസൈൻ മ്യൂസിയം നിർമിച്ചത്.
ഇന്ത്യൻ ആർക്കിടെക്റ്റായ മാർത്താണ്ഡ് ഖോസ്‌ലയാണ് മ്യൂസിയം യാഥാർഥ്യമാക്കിയത്. അദ്ദേഹത്തിന്റെ അവസാനകാലം, പ്രവാസജീവിതത്തിൽ വരച്ച കലാസൃഷ്ടികളുടെ ശേഖരം ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സൃഷ്ടികൾ മ്യൂസിയത്തിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

