മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സീ ഫുഡ് ഫാക്ടറി ദുബൈയിൽ
text_fieldsദുബൈയിലെ സീ ഫുഡ് ഫാക്ടറിയിൽനിന്ന്
ആഴക്കടലിൽ നിന്ന് വലവീശി പിടിക്കുന്ന ശേരി മുതൽ വീടകങ്ങളിലെ അേക്വറിയത്തിൽ വളർത്തുന്ന ഫിലോപ്പിയ വരെ സകലമാന മത്സ്യ സമ്പത്തിെൻറയും കേന്ദ്രമാണ് ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ തുറന്ന സീ ഫുഡ് ഫാക്ടറി. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സീ ഫുഡ് ഫാക്ടറിയിലാണ് ഇനി മുതൽ യു.എ.ഇയിലെ സമുദ്രോൽപന്നങ്ങളുടെ നാലിലൊന്നും കൈകാര്യം ചെയ്യുന്നത്. പ്രദേശിക ഫാമുകളിലും വീടുകളിലും ഉദ്പാദിപ്പിക്കുന്ന മത്സ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നതാണ് പുതിയ ഫാക്ടറിയുടെ ഏറ്റവും വലിയ പ്രത്യേകത.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മത്സ്യസമ്പത്ത് ഇറക്കുമതി ചെയ്യുകയും കയറ്റി അയക്കുകയും ചെയ്യുന്ന നഗരമാണ് ദുബൈ. പെടപെടക്കണ മീൻ ഫ്രഷ്നസോടെ എവിടേക്കും എത്തിക്കാനുള്ള സൗകര്യമാണ് ദുബൈെയ സമുദ്രോൽപന്നങ്ങളുടെ കേന്ദ്രമാക്കുന്നത്. ഇ മേഖലയിൽ ദുബൈയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനാണ് 13,000 ചതുരശ്ര മീറ്ററിൽ വിശാലമായ ഫാക്ടറി തുറന്നിരിക്കുന്നത്. ശേരി മുതൽ ഹമൂർ വരെയും കിങ് ഫിഷ് മുതൽ ചെമ്മീൻ വരെയും സകല മത്സ്യങ്ങളും ഇവിടെ സുലഭം. ഭക്ഷ്യ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ഭക്ഷ്യമാലിന്യങ്ങൾ കുറക്കുക എന്നത് ഫാക്ടറിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. വീടുകളിൽ വളർത്തുന്ന മത്സ്യങ്ങൾ വിൽക്കാനും ഇവിടെ സൗകര്യമുണ്ട്.
ആദ്യ വർഷം 18,000 ടൺ ഫ്രഷ് മത്സ്യങ്ങൾ ഇതുവഴി വിപണിയിലെത്തിക്കും. 60,000 ടൺ സമുദ്രോൽപന്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഹോൾസെയിലായും റി ടെയിലായും ഉൽപന്നങ്ങൾ ലഭിക്കും. പ്രാദേശിക ഫാമുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനാൽ യു.എ.ഇയിലെ മലയാളി മത്സ്യ കർഷകർക്കടക്കം ഗുണം ലഭിക്കും. വീടകങ്ങളിലും ടെറസിെൻറ മുകളിലും ചെറിയ രീതിയിൽ മത്സ്യ കൃഷി നടത്തുന്ന നിരവധി പ്രവാസികളുണ്ട് യു.എ.ഇയിൽ. മുഴുസമയം ഇതിനായി മാറ്റിവെക്കുന്നവർ കുറവാണെങ്കിലും കിട്ടുന്ന സമയം മുതലെടുത്ത് മത്സ്യകൃഷി നടത്തുന്നവാണ് ഏറെയും. ലോക്ഡൗൺ സമയത്താണ് ഇത് വ്യാപകമായത്.
മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ ഫിഷ് ഓയിൽ, മരുന്ന് തുടങ്ങിയവക്കും ഉപയോഗിക്കുന്നതിനാൽ ഇവിടെയെത്തുന്ന മത്സ്യസമ്പത്തിെൻറ 95 ശതമാനവും ഉപയോഗപ്പെടുത്താൻ കഴിയുന്നു. അതിനാൽ, മത്സ്യ മാലിന്യങ്ങൾ ഉണ്ടാകുമെന്ന ഭയവും വേണ്ട. യൂറോപ്, ദക്ഷിണേഷ്യ, മെഡിറ്ററേനിയൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യവും ഇറക്കുമതി ചെയ്യുന്നുണ്ട്. 90 ശതമാനവും പ്രാദേശിക ഫാമുകളിൽ നിന്നും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതുമാണ്. 10 ശതമാനമാണ് കടലിൽ നിന്ന് നേരിട്ടെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

