ഹുർമുസിന് ബദൽ സാധ്യമോ?; പുതുവഴികൾ തേടി ഗൾഫ് രാജ്യങ്ങൾ
text_fields.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷവും ഹുർമുസ് പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. യുദ്ധത്തിൽ പങ്കാളികൾ അല്ലെങ്കിലും ഈ രാജ്യങ്ങൾ നിരന്തരം ഇറാന്റെ ആക്രമണത്തിന് വിധേയമായി. ഹുർമുസിന് തുല്യമായി ഗൾഫ് രാജ്യങ്ങളെയും യു.എസിനുമേൽ ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗപ്പെടുത്തുകയായിരുന്നു ഇറാൻ.
മേഖലയിലാകെ അസ്ഥിരതയും, വ്യോമയാനം, ടൂറിസം, വ്യാവസായിക പ്രവർത്തനങ്ങൾ, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നിവക്ക് വലിയ തിരിച്ചടിയുമാണ് ഇത് സൃഷ്ടിച്ചത്.
ലോകത്തിലെ ഏറ്റവും പ്രധാന ഊർജ്ജ ഗതാഗത പാതകളിലൊന്നായ ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണത്തെയും, കയറ്റുമതി, ഇറക്കുമതി പ്രവർത്തനത്തെയും തടസ്സപ്പെടുത്തി. ഷിപ്പിങ് മേഖല അനിശ്ചിതത്വത്തിലായി. ലോകത്താകമാനം ഇന്ധന വില കുതിച്ചുയർന്നുവെങ്കിലും, കയറ്റുമതികൾ നിലച്ചത് ഗൾഫ് രാജ്യങ്ങളെ സാമ്പത്തികമായി ദുർബലപ്പെടുത്തി. ചരക്കുനീക്കം നിലച്ചത് ഇറക്കുമതിയെ ബാധിക്കുകയും വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്തു.
ബദൽ അനിവാര്യം
ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വിദേശ ചരക്കുകപ്പലുകൾക്ക് സർവീസ് ഫീസ് ഈടാക്കുമെന്ന് ഇറാനും, ഹുർമുസ് തങ്ങളുടെതാണെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇതിനിടെ രംഗത്തെത്തി. ഹുർമുസിലെ ആറുമാസത്തിലേറെ നീണ്ട അനിശ്ചിതത്വം ഇനിയും തുടർന്നേക്കാമെന്നതിന്റെ സൂചനകളായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ഇത് എണ്ണ, വാതകം, മറ്റ് വ്യാപാരങ്ങൾ എന്നിവക്കായി ബദൽ പാതകൾ കണ്ടെത്താൻ മേഖലയിലെ രാജ്യങ്ങളെ നിർബന്ധിതരാക്കിയിരിക്കുകയാണ്. വ്യാപാരത്തിനും ഊർജ്ജ കയറ്റുമതിക്കും പ്രധാനമായും തങ്ങൾ ആശ്രയിക്കുന്ന ഹുർമുസിന് ബദൽ മാർഗങ്ങൾ തേടണമെന്ന ചിന്ത ഗൾഫ് രാജ്യങ്ങൾ ഗൗരവത്തിൽ എടുക്കുന്നത് ഈ ഘട്ടത്തിലാണ്. ഹുർമുസിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടാലും ബദൽ മാർഗമായി തുടരാൻ കഴിയുന്ന, കൂടുതൽ കരുത്തുറ്റ ഗതാഗത-ഊർജ്ജ ശൃംഖലകൾ കെട്ടിപ്പടുക്കുകയാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിടുന്നത്.
പൈപ്പ്‌ലൈനുകൾ, റെയിൽവേ വികസനം
ഹുർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറക്കൽ ലക്ഷ്യമിട്ട് ഗൾഫ് രാജ്യങ്ങൾ തുറമുഖങ്ങൾ, പൈപ്പ്‌ലൈനുകൾ, റെയിൽവേ എന്നിവയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വേഗത്തിലാക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
തുറമുഖ വികസനം പ്രധാന മുൻഗണനാ വിഷയമായി ഗൾഫ് രാജ്യങ്ങൾ എടുത്തിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സൗദി അറേബ്യയുടെ നിക്ഷേപ ശ്രദ്ധ മുഴുവൻ തുറമുഖങ്ങളിലായിരിക്കുമെന്നാണ് റിപ്പോർട്ട്.
ഹുർമുസ് കടലിടുക്ക് ഒഴിവാക്കി സൗദി അറേബ്യ ചെങ്കടൽ തുറമുഖങ്ങളിലേക്ക് ചരക്കുനീക്കം വഴിതിരിച്ചുവിടുന്നുണ്ട്. വലിയ അളവിൽ എണ്ണ കയറ്റുമതി ടെർമിനലുകളിലെത്തിക്കാൻ സഹായിക്കുന്ന തരത്തിൽ, ചെങ്കടലിലേക്കുള്ള ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ ശൃംഖല വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾക്കും സൗദി വേഗത നൽകിയിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിക്ക് ഹുർമുസിലെ തടസ്സങ്ങൾ മൂലമുള്ള ഭീഷണി കുറക്കാൻ സഹായിക്കും.
ഹുർമുസിലേക്കുള്ള ബദലുകൾ യു.എ.ഇയും വികസിപ്പിക്കുന്നുണ്ട്. തങ്ങളുടെ കിഴക്കൻ തീരത്തേക്ക് കൂടുതൽ ചരക്കുനീക്കം വഴിതിരിച്ചുവിടുകയാണ് ഈ രാജ്യം. അടുത്ത വർഷം ഫുജൈറയുടെ കിഴക്കൻ തുറമുഖത്തേക്കുള്ള ക്രൂഡ് ശേഷി ഇരട്ടിയാക്കാൻ ഒരു പൈപ്പ്‌ലൈൻ പദ്ധതി പ്രതീക്ഷിക്കുന്നു. ഹുർമുസ് കടലിടുക്കിന് പുറത്തുള്ള ഫുജൈറയുടെ സ്ഥാനം, മേഖലയിൽ സംഘർഷം വർധിക്കുന്ന ഘട്ടങ്ങളിലും അന്താരാഷ്ട്ര വിപണികളുമായുള്ള ബന്ധം നിലനിർത്താൻ യു.എ.ഇയെ സഹായിക്കും. ഡി.പി വേൾഡ് ഇവിടെ രണ്ട് പുതിയ കണ്ടെയ്‌നർ ടെർമിനലുകൾ വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
ഹുർമുസ് കടലിടുക്കിനെ വളരെയധികം ആശ്രയിക്കുന്ന പ്രധാന എണ്ണ കയറ്റുമതി രാജ്യമായ കുവൈത്ത്, എണ്ണ കയറ്റുമതിക്ക് ബദൽ മാർഗങ്ങൾ ഒരുക്കുന്നതിനായി സൗദി, യു.എ.ഇ പൈപ്പ്‌ലൈൻ ശൃംഖലകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്.
മറ്റൊരു മുൻനിര എണ്ണ ഉൽപാദക രാജ്യമായ ഇറാഖ് തുർക്കിയ, സിറിയ, ജോർഡൻ എന്നിവ വഴിയുള്ള അധിക കയറ്റുമതി സാധ്യതകൾ തേടുന്നു.
ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പൂർണമായും ഹുർമുസ് കടലിടുക്കിനെ ആശ്രയിച്ചിരുന്നതിനാൽ ഈ രാജ്യവും വലിയൊരു പ്രതിസന്ധി നേരിടുകയും ബദൽ വഴികളെ കുറിച്ച അന്വേഷണത്തിലുമാണ്.
ജി.സി.സി റെയിൽവേ
ആറ് ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽവേ പദ്ധതി 2030 ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് തീരുമാനം. കുവൈത്തിൽ നിന്ന് തുടങ്ങി സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നിവയെ ബന്ധിപ്പിക്കുന്ന റെയിൽവേയിൽ ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും പങ്കാളികളാകും.
ഗൾഫ് രാജ്യങ്ങളിലെ ചരക്ക് നീക്കം, യാത്ര എന്നിവയിൽ പദ്ധതി പൂർത്തിയാകുന്നതോടെ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കപ്പെടും.റെയിൽവേക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എല്ലാ രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഗതാഗത, അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഗൾഫ് രാജ്യങ്ങളുടെ ഈ നീക്കത്തിന് വൻ നിക്ഷേപം ആവശ്യമായി വരും. ഇതിന്റെ വേഗതക്കനുസരിച്ചായിരിക്കും ബദൽ മാർഗങ്ങളുടെ വികാസവും. എന്നാൽ പദ്ധതികൾ പൂർത്തിയാകുന്നതോടെ അതിന്റെ വ്യാപ്തി വളരെ വലുതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

