Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂവെ...സെമ്പൂവെ ഉൻ വാസം വരും...; ദോഫാറിൽ ഇനി വസന്തകാലം

text_fields
bookmark_border
മഴക്കുളിരു പെയ്ത ഖരീഫ് സീസൺ സമാപിക്കുന്നു; ഇനി വസന്തത്തിന്റെ സർബ് സീസൺ
പൂവെ...സെമ്പൂവെ ഉൻ വാസം വരും...; ദോഫാറിൽ ഇനി വസന്തകാലം
cancel

സലാല: സഞ്ചാരികളെ കുളിരണിയിച്ച ഖരീഫിന് പിന്നാലെ ദോഫാറിൽ വസന്ത കാലമായ സർബ് സീസണിന് തുടക്കമാവുന്നു. വസന്തകാലം പ്രാദേശികമായി സർബ് എന്ന പേരിലാണ് അറിയപ്പെടുന്നത്. സെപ്റ്റംബർ അവസാനത്തോടെ തുടങ്ങുന്ന സർബ് കാലം ഡിസംബർ പകുതി വരെ തുടരും. ഖരീഫിന്റെ ഭാഗമായി ലഭിച്ച മഴയും മണ്ണിലെ ഈർപ്പവുമാണ് ദോഫാറിന്റെ പല പ്രദേശങ്ങളിലും പച്ചപ്പ് നിലനിർത്താൻ സഹായിക്കുന്നത്. അതേസമയം, സർബ് സീസണിൽ മൺസൂൺ കാറ്റിന്റെ സ്വാധീനം കുറയുന്നതോടെ മൂടൽമഞ്ഞ് മാറി ആകാശം കൂടുതൽ തെളിഞ്ഞു തുടങ്ങും. സൂര്യപ്രകാശം കൂടുകയും ഈർപ്പം കുറയുകയും ചെയ്യും.

പൂക്കൾ വിരിയും താഴ്വരകൾ

ഖരീഫ് സീസൺ കഴിഞ്ഞാലും മണ്ണിലെ ജലാംശം നിലനിൽക്കുന്നതിനാൽ മലനിരകളിലും സമതലങ്ങളിലും പുൽമേടുകളും കാട്ടുപൂക്കളും വൈവിധ്യമാർന്ന സസ്യങ്ങളും സമൃദ്ധമായി വളരും. മഴയും മഞ്ഞും നിറഞ്ഞ ഖരീഫ് സീസണിൽനിന്നും വ്യത്യസ്തമായി, കാഴ്ചകൾ കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നതിനാൽ സഞ്ചാരികൾക്ക് മലനിരകളുടെയും സമതലങ്ങളുടെയും തീരപ്രദേശങ്ങളുടെയും യഥാർഥ ഭംഗി ആസ്വദിക്കാൻ സർബ് സീസണിൽ സാധിക്കും.

ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ റഖ്യൂത്, ധാൽകൂത് എന്നീ വിലായത്തുകളും അവയുടെ പരിസര പ്രദേശങ്ങളുമാണ് സർബ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ. പച്ചപ്പുനിറഞ്ഞ മലനിരകൾ, സമതലങ്ങൾ, പുൽമേടുകൾ, കാട്ടുപൂക്കൾ, മനോഹരമായ തീരപ്രദേശങ്ങൾ എന്നിവയൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

ഒട്ടകക്കൂട്ടങ്ങളുടെ പാലായനം

ട്രക്കിങ്, ഫോട്ടോഗ്രാഫി, പ്രകൃതിപഠനം എന്നിവക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ദോഫാറിലെ സർബ് സീസൺ. മൂടൽമഞ്ഞ് മാറി തെളിഞ്ഞ കാലാവസ്ഥ രൂപപ്പെടുന്നതോടെ സഞ്ചാരികൾക്ക് ഇവിടുത്തെ പ്രകൃതിഭംഗി പൂർണമായി ആസ്വദിക്കാൻ സാധിക്കും. സർബ് സീസണിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് ഒട്ടകങ്ങളുടെ കൂട്ടമായുള്ള സഞ്ചാരം.

ഖരീഫ് കാലത്തെ മഴയിൽ സമൃദ്ധമായി വളർന്ന പുല്ലും സസ്യങ്ങളും തേടി ഒട്ടകങ്ങൾ പർവതമേഖലകളിലേക്കും പുൽമേടുകളിലേക്കും കൂട്ടമായി കുടിയേറും. അവയുടെ സഞ്ചാരത്തിന്റെ കാഴ്ച ​ദോഫാറിലെത്തുന്ന ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഫ്രെയിമാണ്. ഇത് വെറുമൊരു പ്രകൃതിദത്ത പ്രതിഭാസം മാത്രമല്ല, മറിച്ച് തലമുറകളായി കൈമാറിവന്ന പരമ്പരാഗത കന്നുകാലി മേയ്ക്കൽ രീതികളുടെ തുടർച്ചയും പ്രകൃതിയോട് അവിടുത്തെ പ്രാദേശിക സമൂഹം പുലർത്തുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ അടയാളവുമാണ്. പച്ചപ്പുനിറഞ്ഞ മലനിരകളിലൂടെയുള്ള ഒട്ടകങ്ങളുടെ ഈ യാത്ര വിനോദസഞ്ചാരികൾക്ക് ഗ്രാമീണ ജീവിതവും പൈതൃകവും ഒത്തുചേരുന്ന വേറിട്ടൊരു യാത്രാനുഭവം സമ്മാനിക്കുന്നു.

കാർഷിക വിളവെടുപ്പിന്റെ കാഴ്ച

മഴയും കനത്ത മൂടൽമഞ്ഞും നിറഞ്ഞ ഖരീഫ് കാലത്തുനിന്നും തികച്ചും വ്യത്യസ്തമാണ് സർബ് സീസൺ. കൂടുതൽ തെളിഞ്ഞതും ശാന്തവുമായ കാലാവസ്ഥയായതിനാൽ സഞ്ചാരികൾക്ക് മലനിരകളിലൂടെയുള്ള സഞ്ചാരം സാധ്യമാവും. പുൽമേടുകളിലൂടെയുള്ള യാത്ര, ഫോട്ടോഗ്രാഫി, കാട്ടുപൂക്കൾ നിരീക്ഷിക്കൽ, മനോഹരമായ കടൽത്തീര വിനോദങ്ങൾ എന്നിവക്കൊപ്പം പ്രാദേശിക പൈതൃകവും ഗ്രാമീണ ജീവിതവും അടുത്തറിയാനും സാധിക്കും. അതുകൊണ്ടുതന്നെ ഖരീഫിനും ശീതകാലത്തിനും ഇടയിലുള്ള ഒരു പരിവർത്തന കാലഘട്ടമായി മാത്രമല്ല, മറിച്ച് ദോഫാറിലെ പ്രധാനപ്പെട്ട ഒരു സ്വതന്ത്ര വിനോദസഞ്ചാര സീസണായി സർബ് മാറിയിരിക്കുന്നു.

ടൂറിസത്തിനപ്പുറം പ്രാദേശിക പരിസ്ഥിതിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഈ സീസൺ വലിയ സംഭാവന നൽകുന്നു. മലനിരകളിലെയും ഗ്രാമീണ മേഖലകളിലെയും സമൃദ്ധമായ പച്ചപ്പ് കന്നുകാലികൾക്ക് മികച്ച സ്വാഭാവിക പുൽമേടുകൾ സമ്മാനിക്കുന്നു. പർവത-ഗ്രാമീണ മേഖലകളിൽ കാർഷിക വിളവെടുപ്പുകൾ സജീവമാകുന്നകാലംകൂടിയാണിത്. പ്രാദേശിക കർഷകർക്കും ഉൽപാദകർക്കും പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, തേൻ, മറ്റ് പരമ്പരാഗത പൈതൃക ഉൽപന്നങ്ങൾ എന്നിവ വിപണനം ചെയ്യാനും ഇതിലൂടെ മികച്ച വരുമാനം കണ്ടെത്താനും സാധിക്കുന്നു. ഈ സീസണിന്റെ സാമ്പത്തിക നേട്ടങ്ങൾ വലിയ ഹോട്ടലുകളിലും ടൂറിസം സ്ഥാപനങ്ങളിലും മാത്രം ഒതുങ്ങുന്നില്ല.

മറിച്ച്, സാധാരണക്കാരായ കർഷകർ, കന്നുകാലി വളർത്തുന്നവർ, തദ്ദേശീയരായ തേനീച്ച കർഷകർ, ചെറുകിട സംരംഭകർ, പരമ്പരാഗത കരകൗശലത്തൊഴിലാളികൾ എന്നിവരിലേക്കെല്ലാം ഇതിന്റെ പ്രയോജനം നേരിട്ടെത്തുന്നു. കേരളത്തിലെന്ന പോലെ പച്ചപ്പുൽകുന്നുകളുടെയും പച്ചമരക്കാടുകളുടെയും മനോഹര കാഴ്ചയാണ് സഞ്ചാരികൾക്കായി ദോഫാറിലെ സർബ് സീസൺ ഒരുക്കിവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - End of Khareef; Spring Sarb season begins in Dhofar
Next Story