ക്രൂയിസ് സീസൺ മിന റാഷിദിൽ
text_fieldsശൈത്യകാലത്ത് അറേബ്യൻ ഗൾഫിലെ സമുദ്രസഞ്ചാരം യു.എ.ഇ നിവാസികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. വേനൽക്കാലത്ത് മെഡിറ്ററേനിയൻ മേഖലയിലും വടക്കൻ യൂറോപ്പിലും ക്രൂസ് കപ്പലുകളിൽ ഒഴിവുദിനങ്ങൾ ആഘോഷിക്കുന്നത് പതിവുണ്ട്. ഇതുപോലെയാണ് തണുപ്പു കാലത്തെ യു.എ.ഇയിലെ ക്രൂസ് കപ്പൽ ആഘോഷങ്ങൾ. നവംബർ അവസാനത്തോടെ ആരംഭിച്ച് ഏപ്രിൽ വരെ നീളുന്ന ക്രൂസ് സീസണിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന യു.എ.ഇയിലെ തുറമുഖമാണ് 'മിന റാശിദ്' എന്ന റാശിദ് തുറമുഖം.
ദേരക്കും ബർ ദുബൈക്കും ഇടയിലെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഐക്കണിക് സൈറ്റാണിത്. 2021ലെ വേൾഡ് ട്രാവൽ അവാർഡിൽ തുടർച്ചയായി 14ാം വർഷവും പശ്ചിമേഷ്യയിലെ 'ലീഡിങ് ക്രൂസ് പോർട്ട്' അവാർഡ് സ്വന്തമാക്കിയത് മിന റാശിദാണ് സ്വന്തമാക്കിയത്.
അറബ് മേഖലയിലെ ആദ്യ കണ്ടെയ്നർ തുറമുഖമായ മിന റാശിദ് 1972ൽ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് ജബൽ അലി തുറമുഖം ആരംഭിച്ചപ്പോൾ കാർഗോ ഓപറേഷനുകൾ ഇവിടെ നിന്ന് ഒഴിവായി. ഏഴു വൻ യാത്രാകപ്പലുകൾക്ക് ഒരേസമയം നങ്കൂരമിടാനും ഒരു ദിവസം 25,000യാത്രക്കാർക്ക് ഇറങ്ങാനും ഇവിടെ സാധിക്കും. ഇവിടുത്തെ ഹംദാൻ ബിൻ മുഹമ്മദ് ടെർമിനലാണ് ലോകത്തെ ഏറ്റവും വലിയ ക്രൂസ് ടെർമിനൽ. 14,000യാത്രക്കാർക്ക് ഇവിടെ മാത്രം ഒരു ദിവസം ഇറങ്ങാം.
കോവിഡിന് മുമ്പത്തെ 2018-19 സീസണിൽ 8ലക്ഷത്തിലധികം യാത്രക്കാരെ സ്വീകരിച്ച മിന റാശിദ്, വിനോദ മേഖല കൂടുതൽ വിപുലീകരിച്ച് പ്രധാന ക്രൂയിസ് ടൂറിസം ഹബ്ബ് എന്നതിലേക്ക് വളരാനാണ് ശ്രമിക്കുന്നത്. മിന റാശിദിലെ അത്യാധുനിക സൗകര്യങ്ങളും യാത്രക്കാരെ മാനേജ് ചെയ്യാനുള്ള ശേഷിയും സുപ്രധാന സ്ഥലത്ത് സ്ഥിതി ചെയ്യുന്നുവെന്നതും ഏറ്റവും പ്രധാന സവിശേഷതയാണ്. 2021-22 ക്രൂസ് സീസണിൽ അഞ്ചു ലക്ഷത്തിലധികം സന്ദർശകരെയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
കോവിഡാനന്തര ദുബൈയുടെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന് ഇതേറെ സംഭാവന നൽകും. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി 2014ൽ ഉദ്ഘാടനം ചെയ്ത ശേഷം ഓരോവർഷവും ഇവിടം വളർച്ച കൈവരിച്ചു വരികയാണ്. എക്സ്പോ ആരംഭിച്ച ശേഷം അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ക്രൂസ് മേഖലയും സജീവമായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

