ബിഷ്ത് -അറബ് സംസ്കൃതിയുടെ സമസ്ത മേഖലകളിലും നമ്മള് നിരന്തരം കാണുന്ന അടയാള വസ്ത്രമാണിത്. പള്ളി ഇമാമുമാര്‍, ഭരണ കര്‍ത്താക്കള്‍, വരന്മാര്, ബിരുദ-ബിരുദാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങി ആഘോഷവുമായി ബന്ധപ്പെട്ടവര്‍ അണിയുന്ന മേല്‍ വസ്ത്രം.
ബിഷ്തുകള്‍ ആദ്യം രൂപകല്‍പ്പന ചെയ്തത് പേര്‍ഷ്യയിലാണ്. ഹജ്ജിനും ഉംറക്കും എത്തിയ കച്ചവടക്കാരാണ് ഈ വസ്ത്രം സൗദികളെ പരിചയപ്പെടുത്തിയത്. സൗദി അറേബ്യയിലെ, കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സ പ്രദേശം 200 വര്‍ഷത്തിലേറെയായി മികച്ച ബിഷ് തയ്യല്‍ക്കാർക്ക് പ്രശസ്തമാണിപ്പോൾ അല്അഹ്സയിലെ ചില കുടുംബങ്ങൾക്ക് അവരുടെ പൂര്‍വ്വികരുടെ വൈദഗ്ദ്ധ്യം പാരമ്പര്യമായി ലഭിക്കുകയും അവരുടെ കുടുംബനാമത്തില്‍ ഇവ ഉണ്ടാക്കുകയും ചെയ്യുന്നു. അല്ഖത്താന്, അല്ഖരാസ്, അല്‍മഹ്ദി, അല്ബാഗ്ലി തുടങ്ങിയവ ഇതിനുദാഹരണമാണ്.
ഗോള്‍ഡ് സ്റ്റിച്ച്, സില്‍വര്‍ സ്റ്റിച്ച്, സില്‍ക്ക് സ്റ്റിച്ച് എന്നീ മൂന്ന് തരം എംബ്രോയിഡറികള്‍ ഉപയോഗിക്കുന്നു. സ്വര്‍ണ്ണ തുന്നലുള്ള കറുത്ത ബിഷ്തുകള്‍ ക്രീമിനും വെള്ളയ്ക്കും ശേഷം ഏറ്റവും ജനപ്രിയമാണ്. 90കളുടെ തുടക്കത്തില്‍ വിപണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു. നീല, ചാരം, മെറൂണ്‍ എന്നിവ കൂടുതലും യുവതലമുറയാണ് ധരിക്കുന്നത്. പഴയ തലമുറ പരമ്പരാഗത കറുപ്പ്, തവിട്ട്, ക്രീം എന്നിവയില്‍ പറ്റിനില്ക്കുന്നു. ഫാബ്രിക്, സ്റ്റിച്ചിംഗ്, കളര്‍, സ്റ്റൈല്‍ എന്നിവയെ ആശ്രയിച്ച് 100 സൗദി ദിനാര്‍ മുതല്‍ 20,000 വരെ വിലകള്‍ വ്യത്യാസപ്പെടുന്നു. രാജകുമാരന്മാര്ക്കും രാഷ്ര്ടീയക്കാര്‍ക്കും വേണ്ടിയാണ് റോയല്‍ ബിഷ്ത് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണയായി കറുപ്പ്, തേന്‍, ബീജ്, ക്രീം നിറങ്ങളാണ് ഇവര്‍ ധരിക്കുക. അധികവും കൈകൊണ്ട് നിര്‍മ്മിച്ചവ. സ്വര്‍ണ്ണമോ വെള്ളിയോ ഉള്ള ത്രെഡും ചിലപ്പോള്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നതുമാണ്. ഡാര്‍ബേയ, മെകാസാര്, ടാര്കീബ് തുടങ്ങി മൂന്ന് പ്രധാന ബിഷ്ത് ഡിസൈനുകളുണ്ട്.
യഥാര്‍ഥ സാരി എംബ്രോയിഡറിയും പരമ്പരാഗത പാറ്റേണുകളും ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ച ഡാര്‍ബേയ ശൈലി ചതുരവും അയഞ്ഞതുമാണ്. ഗാസ്ബി എന്നും അറിയപ്പെടുന്ന മെകാസറിന് തുണിയുടെ അരികില്‍ സില്‍ക്ക് എംബ്രോയിഡറി ഉണ്ടാകുമെന്ന് അബു ഹസന് പറഞ്ഞു. തയ്യല്‍ മെഷീെൻറ കണ്ടുപിടുത്തം വരെ യഥാര്‍ഥ ബിഷ്ത് കൈകൊണ്ടാണ് നെയ്തൊരുക്കിരുന്നത്. ഇപ്പോള്‍ മിക്കതും മെഷീന് നിര്‍മ്മിതമാണ്. കൈകൊണ്ട് നിര്‍മ്മിക്കുന്നതിന് 80 മുതല്‍ 120 മണിക്കൂര്‍ വരെ എടുക്കും. കോളര്‍, സ്ളീവ് എന്നിവയില്‍ സ്വര്‍ണ്ണ എംബ്രോയിഡറി ഉപയോഗിക്കും. പരമ്പരാഗതമായി, ഇതിന് രണ്ട് സ്ലീവ് ഉണ്ടെങ്കിലും സ്ലീവിലൂടെ ഒരു കൈകൊണ്ട് മാത്രമേ ഇത് ധരിക്കാന്‍ കഴിയൂ. മറ്റേത് അയഞ്ഞ രീതിയില്‍ ചുറ്റിപ്പിടിച്ച് വശത്തേക്കാണ് ബന്ധിക്കുകയെന്ന് ഷാർഷജയിൽ പ്രദർശനത്തിനെത്തിയ വിദഗ്ധൻ അബുഹസന്‍ പറഞ്ഞു.