അൽ ഐനിലുണ്ട് അൽ ദാഹർ പാർക്ക്
text_fieldsമാനസികോല്ലാസത്തോടൊപ്പം വ്യായാമത്തിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുകയാണ് അൽഐൻ നഗരസഭ. അൽഐനിലെ ദാഹറിലാണ് ഈ പാർക്ക്. മനോഹരമായി സംവിധാനിച്ച ഈ പാർക്കിൽ വ്യായാമം ചെയ്യാനുള്ള വിവിധ ഉപകാരണങ്ങൾ, കളിസ്ഥലങ്ങൾ, നടപ്പാത, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങൾ എന്നിവയും സംവിധാനിച്ചിരിക്കുന്നു.
ആധുനിക രീതിയിൽ നിർമിച്ച ഈ പാർക്ക് സന്ദർശകർക്ക് മനസ്സിന് കുളിർമ നൽകുന്ന ഒന്നാണ്. പച്ചവിരിച്ച പുൽത്തകിടികൾ, നടപ്പാതകൾ, ഈത്തപ്പന മരങ്ങൾ, പ്രകൃതിക്കനുയോജ്യമായി നിർമിച്ച ഇരിപ്പിടങ്ങൾ, വിവിധ വർണ്ണങ്ങളിലുള്ള തൂണുകൾ, പൂച്ചെടികളും മരങ്ങളുമെല്ലാം ഈ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു.
പാർക്കിലുള്ള മറ്റൊരു പ്രധാന ആകർഷണമാണ് അവിടെ ഒരുക്കിയ ജലധാര. ഈ ജലധാരയും പ്രകാശിക്കുന്ന ഇരിപ്പിടങ്ങളും വിവിധ നിറങ്ങളിലുള്ള തൂണുകളും എല്ലാ സന്ധ്യാസമയങ്ങളിൽ കാഴ്ചയുടെ വിരുന്നൊരുക്കും. പാർക്കിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.
അൽഐനിലെ മെസ് യാദ് ഏരിയയിൽ ദാഹറിലാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. കോവിഡുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നിരവധി കുടുംബങ്ങളാണ് ഓരോ ദിവസവും പാർക്കിൽ എത്തുന്നത്.

