Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅയാള്‍ ഒരു പ്രതീകമാണ്

അയാള്‍ ഒരു പ്രതീകമാണ്

text_fields
bookmark_border
അയാള്‍ ഒരു പ്രതീകമാണ്
cancel
ഗള്‍ഫിലെത്തി  നാലു കാശുണ്ടാക്കി തലയുയര്‍ത്തി പിടിച്ച് തിരികെ മടങ്ങുക... നാട്ടില്‍ ബാക്കിയുള്ള നാളുകള്‍ കുടുംബവുമൊത്ത് ഉള്ള കഞ്ഞി കുടിച്ച് കഴിഞ്ഞു കൂടുക... അവിവാഹിതനെങ്കില്‍ നല്ളൊരു പെണ്ണിനെ സ്വന്തമാക്കുക. വിവാഹിതനെങ്കില്‍ കുട്ടികളും കെട്ട്യോളുമായി സുഖമായി ജീവിക്കുക... ആദ്യ യാത്രയുടെ അങ്കലാപ്പുമായി വിമാനം കയറി കടല്‍ കടന്നത്തെുന്ന എല്ലാ പ്രവാസികളുടെയും സ്വപ്നങ്ങള്‍ക്ക് ഒരേ നിറമാണ്. ഒരു കുടുംബത്തിന്‍െറ മുഴുവന്‍ ബാധ്യതകളുമായി ഗള്‍ഫിലത്തെുന്നവരും ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും സുരക്ഷിത കരവലയങ്ങളിലേക്ക് വന്നു വീഴുന്നവരുമെല്ലാം ഉള്ളില്‍ പൊതിഞ്ഞു വെക്കുന്നത് ഈ ആഗ്രഹങ്ങള്‍ തന്നെയായിരിക്കും. അക്കൂട്ടത്തിലൊരാളായിരുന്നു അയാളും. അടുത്തറിയാവുന്നവര്‍ക്ക് പോലും പിടികൊടുക്കാത്ത ചെറുപ്പക്കാരന്‍. തെക്കന്‍ കേരളത്തിലെ ജീവിക്കാനറിയാവുന്ന അച്ചായന്മാരുടെ പ്രതിനിധികളിലൊരാള്‍. കാണാന്‍ സുമുഖന്‍. വിദ്യാസമ്പന്നന്‍. വീട്ടില്‍ അത്യാവശ്യം സൗകര്യങ്ങളുള്ളയാള്‍. കുറഞ്ഞകാലം മാത്രമേ അയാള്‍ ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ളൂ. എല്ലാവരെയും അമ്പരപ്പിച്ച് പെട്ടെന്ന് അയാള്‍ പോവുകയും ചെയ്തു. ഇവിടെ ജീവിച്ച നാളുകളിലൊന്നും അയാള്‍ക്ക് അടുത്ത കൂട്ടുകാര്‍ എന്ന് പറയാന്‍ ആരുമുണ്ടായിരുന്നില്ല. ഒപ്പം ജോലി ചെയ്യുന്നവനെയും ഒരു ക്യാമ്പില്‍ കഴിയുന്നവനെയും തുല്യ ദൂരത്തില്‍ നിര്‍ത്താന്‍ അയാള്‍ എന്നും ശ്രമിച്ചിരുന്നു. അയാളിവിടെ ഉണ്ടായിരുന്ന കാലത്ത് സൗദിയിലെ ദമ്മാമിനടുത്ത് ദഹ്റാനിലായിരുന്നു കിഴക്കന്‍ പ്രവിശ്യയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ദഹ്റാന്‍ സൈനിക കേന്ദ്രത്തിന്‍െറ വിമാനത്താവളമായിരുന്നു യാത്രക്കുവേണ്ടിയും ഉപയോഗിച്ചിരുന്നത്. സൗദിയുടെ അതിര്‍ത്തി ദേശങ്ങളായ ജുബൈല്‍, ഹഫറുല്‍ ബാതിന്‍, ഖഫ്ജി, പ്രധാന നഗരങ്ങളായ ദമ്മാം, ഖോബാര്‍, ഹുഫൂഫ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം പ്രവാസികള്‍ നാട്ടിലേക്ക് പോയിരുന്നത് ഈ വിമാനത്താവളം വഴിയായിരുന്നു. 
സൈനിക കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികളുടെ കോണ്‍ട്രാക്റ്റെടുത്തിരുന്ന കമ്പനിക്കാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന ഡിപ്പാര്‍ട്ടുമെന്‍റിലായിരുന്നു അയാള്‍ എത്തിപ്പെട്ടത്. നിത്യവും രാവിലെ ജോലിക്കത്തെി വൈകിട്ട് തിരിച്ചു പോകും. ആരോടും അധികം സംസാരമില്ല. പ്രത്യക്ഷത്തില്‍ ആര്‍ക്കും ഒരു കുഴപ്പവും തോന്നാത്ത പ്രകൃതം. തനിക്കെല്ലാം നിസാരമാണെന്ന് പറയാതെ പറയുന്ന ഒരു ചിരി ചുണ്ടിലെപ്പോഴുമുണ്ടായിരുന്നു. അടുത്തിടപഴകിയാല്‍ തന്‍െറ സൈ്വര ജീവിതത്തിന് അത് വിഘാതമാവുമെന്ന്  അയാള്‍ക്ക് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് പോകുന്നതുവരെ അയാള്‍ അങ്ങനെ തന്നെ ജീവിച്ചു. 2000ലധികം ജീവനക്കാരുള്ള ക്യാമ്പിലായിരുന്നു ജോസിന്‍െറ കമ്പനിയിലെ ഓഫിസ് ജീവനക്കാരുള്‍പ്പെടെ എല്ലാവരും താമസിച്ചിരുന്നത്. ഒരു കാബിനില്‍ ചുരുങ്ങിയത് നാലു പേര്‍ തിങ്ങി ഞെരുങ്ങിയായിരുന്നു താമസം. കക്കൂസും കുളിമുറിയുമൊക്കെ പൊതുമുതലായിരുന്നു. ക്യാമ്പില്‍ പലയിടത്തായി സ്ഥാപിച്ച വാതിലുകളില്ലാത്ത കുളിമുറിയും അരവാതില്‍ പിടിപ്പിച്ച, പൊട്ടിപ്പൊളിഞ്ഞ ക്ളോസറ്റുകളും പലപ്പോഴും കേടായ ഫ്ളഷ് ടാങ്കുകളുമുള്ള കക്കൂസുകളിലായിരുന്നു മുഴുവനാളുകളും ഒന്നും രണ്ടുമൊക്കെ കഴിച്ചിരുന്നത്. അപൂര്‍വം ചിലര്‍ക്ക് അധികൃതര്‍ വില്ലകള്‍ നല്‍കിയിരുന്നു. മുതിര്‍ന്ന ഓഫിസര്‍മാര്‍ക്കായിരുന്നു അത് ലഭിച്ചിരുന്നത്. സ്വന്തമായി കക്കൂസും കുളിമുറിയും സാമാന്യം വൃത്തിയുമുണ്ടായിരുന്നു വില്ലകള്‍ക്കെന്ന് പറയാം. അതുകൊണ്ട് തന്നെ ക്യാമ്പില്‍ ജീവിക്കുന്നവന്‍െറ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് വില്ല സ്വന്തമാക്കുക എന്നതായിരുന്നു. മഹാഭൂരിപക്ഷത്തിനും സ്വപ്നമായി തന്നെ അത് അവശേഷിച്ചു. 
എന്നാല്‍, സാധാരണ ഓഫിസ് ജോലിയായിരുന്നിട്ടും അയാള്‍ താമസിച്ചിരുന്നത് വില്ലയിലായിരുന്നു. അതയാള്‍ എങ്ങനെ ഒപ്പിച്ചെടുത്തുവെന്ന് ആര്‍ക്കുമറിയില്ല. അതായിരുന്നു അച്ചായന്‍െറ മിടുക്ക്. കിട്ടുന്ന ശമ്പളത്തില്‍ നിന്ന് കൃത്യമായി നാട്ടിലേക്ക് അയക്കേണ്ട സാധാരണ പ്രവാസിയായിരുന്നില്ല അയാള്‍. അയാള്‍ വീട്ടിലേക്ക് പണം അയക്കുന്നത് ആരും കണ്ടിട്ടില്ല. അയച്ചിരുന്നത് സ്വന്തം അക്കൗണ്ടിലേക്കായിരുന്നു. അതുകൊണ്ട് തന്നെ എപ്പോഴും കൈയില്‍ റിയാലുണ്ടായിരുന്നു. അത് പലിശക്ക് കൊടുത്ത് ശമ്പളത്തിന്‍െറ ഇരട്ടിയലധികം മാസത്തില്‍ സമ്പാദിച്ചു. ആദ്യമൊക്കെ ചെറിയതോതിലായിരുന്നു. എന്നാല്‍ പിന്നീട് അതിന്‍െറ മട്ടും ഭാവവും മാറി. അത്യാവശ്യക്കാരന്‍ എല്ലാ മാസവും അയാളെ തേടിയത്തെി. പറഞ്ഞ പലിശക്ക് വായ്പയെടുത്തു. അങ്ങനെ ക്യാമ്പിലെ അറിയപ്പെടുന്ന ബ്ളേഡുകാരനായി കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ പേരെടുത്തു. കല്യാണത്തിനും പ്രസവത്തിനും മുടികളച്ചിലിനും ചോറൂണിനും വീടു കൂടലിനുമൊക്കെ അയാള്‍ റിയാല്‍ നല്‍കി. ആവശ്യക്കാര്‍ കൂടുമ്പോള്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നതുപോലെ ഒരു ദാക്ഷിണ്യവുമില്ലാതെ പലിശ നിരക്ക് കൂട്ടി. 500 റിയാലിന് 650 മുതല്‍ 750 റിയാല്‍ വരെ പലിശ വാങ്ങിയിട്ടുണ്ട് ജോസ്. ബഹ്റൈന്‍ ചാനലില്‍ വ്യാഴാഴ്ച രാവുകളില്‍ വന്നിരുന്ന പഴയ ഹിന്ദി സിനിമയായിരുന്നു മലയാളികളുള്‍പ്പെടെ പ്രവാസികളുടെ അക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്ന്. വെള്ളിയാഴ്ച അവധിയായതിനാല്‍ ക്യാമ്പിന്‍െറ പരിസര പ്രദേശങ്ങളില്‍ ബന്ധുക്കളും സുഹൃത്തുക്കളുമുള്ളവര്‍ പലരും വ്യാഴാഴ്ച രാത്രി തന്നെ ക്യാമ്പു വിടും. അല്ലാത്തവര്‍ സിനിമയും വെടിവട്ടങ്ങളുമായി അവരവരുടെ ലോകങ്ങളില്‍ തന്നെ ഒതുങ്ങി കൂടും. ജോസിന്‍െറ ജീവിതത്തിലെ ആദ്യ കരി നിഴല്‍ വീണത് അങ്ങനെ ഒരു വ്യാഴാഴ്ചയായിരുന്നു. പതിവുപോലെ ഹിന്ദി സിനിമയില്‍ ലയിച്ചിരുന്ന ക്യാമ്പിലേക്ക് ‘മുത്തവ’മാരുടെ (മതകാര്യ വിഭാഗം ഉദ്യോഗസ്ഥര്‍) നേതൃത്വത്തില്‍ പൊലീസ് ഇരച്ചു കയറി. പൊലീസ് കാറുകളുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും കാതടപ്പിക്കുന്ന സൈറണും അക്ഷരാര്‍ഥത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 
എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടുന്നതിന് മുമ്പ് വാതിലില്‍ കനത്ത ഇടിയുടെ ശബ്ദം കേട്ട് എല്ലാവരും ഞെട്ടി. മുറികളില്‍ കയറിയ പൊലീസ് കുടിവെള്ളത്തിന്‍െറ കാനുകളും മറ്റും പരിശോധിച്ച് അന്തേവാസികളെ തുറിച്ചു നോക്കി തിരികെ പോയി. മലയാളികളടക്കം നിരവധി പേരെ പിടിച്ചുകൊണ്ടുപോയി. മദ്യപിച്ചവരായിരുന്നു പിടിയിലായവരെന്നും ക്യാമ്പില്‍ മദ്യമൊഴുകുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും നേരം വെളുത്തിട്ടാണ് എല്ലാവരും അറിഞ്ഞത്. ക്യാമ്പില്‍ തന്നെ മദ്യ വില്‍പന തകൃതിയായി നടന്നിരുന്നുവെന്നും ഒന്നോ രണ്ടോ ഏജന്‍റുമാരാണ് അതിന് പിന്നിലെന്നും പലരും അടക്കം പറഞ്ഞു. എന്നാല്‍, ആരാണീ ഏജന്‍റുമാരെന്ന് അപ്പോഴും ആര്‍ക്കും വ്യക്തമായി അറിയില്ലായിരുന്നു. കമ്പനിയുടെ ഉത്തരവാദപ്പെട്ടവര്‍ പൊലീസ് സ്റ്റേഷനിലത്തെി ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യത്തിലിറക്കിയതിനാല്‍ അകത്തായ എല്ലാവര്‍ക്കും തിരിച്ച് ജോലിയില്‍ കയറാനായി. അതിനുള്ള വിശാല മനസ്കത കമ്പനി അധികൃതര്‍ കാണിച്ചു. ആയിടെ വന്ന തുര്‍ക്കിക്കാരനായ പ്രൊജക്റ്റ് ഡയറക്ടറുടെ കാരുണ്യമായിരുന്നു അത്. അല്ളെങ്കില്‍ പലരുടെയും ഗള്‍ഫ് ജീവിതത്തിന്‍െറ അവസാനമാവുമായിരുന്നു ആ റെയ്ഡ്. എന്തായാലും ആ രാത്രി ഇരുട്ടി വെളുത്തതോടെ അയാളുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കണ്ടു. അയാള്‍ കൂടുതല്‍ നിശ്ശബ്ദനായി. റെയ്ഡ് ദിവസം അയാളും മദ്യപിച്ചിരുന്നുവെന്ന് തൊട്ടടുത്ത വില്ലയിലുള്ളവര്‍ പറഞ്ഞാണറിഞ്ഞത്. മദ്യപിച്ചിട്ടും പിടിയിലാവാതെ രക്ഷപ്പെട്ടതിന്‍െറ ആശ്വാസം അയാള്‍ക്കുണ്ടായിരുന്നുവെങ്കിലും എന്തോ ഭയം പിന്നീടുള്ള ദിവസങ്ങളിലെല്ലാം മുഖത്ത് നിഴലിച്ചിരുന്നു. ചോദിച്ചപ്പോഴൊക്കെ ചിരിച്ചൊഴിഞ്ഞു. ക്യാമ്പിലെ മദ്യ വില്‍പ്പനയുടെയും നിര്‍മാണത്തിന്‍െറയും പ്രധാന കണ്ണിയായിരുന്നു അയാളെന്ന് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞത് പിന്നെയും എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ്. കാരണം അങ്ങനെയൊരാളായി അയാളെ സങ്കല്‍പ്പിക്കാനാവുമായിരുന്നില്ല. ഇത്രയും വിദ്യാസമ്പന്നനായ യുവാവിന് മദ്യത്തിന് കടുത്ത വിലക്കുള്ള സൗദിയില്‍ അതിന്‍െറ ഏജന്‍റും നിര്‍മാതാവുമായി മാറാന്‍ കഴിഞ്ഞതിന്‍െറ രാസവിദ്യ ആര്‍ക്കും എളുപ്പം പിടികിട്ടുന്ന ഒന്നായിരുന്നില്ല. റെയ്ഡും കോലാഹലവും കഴിഞ്ഞതിന് ശേഷം ഭയം കാരണം അയാള്‍ക്ക് മദ്യ വ്യാപാരം തുടരാന്‍ കഴിഞ്ഞില്ല. 
അതുകൊണ്ട് തന്നെ പലിശക്ക് പണം കൊടുക്കുന്നതിന്‍െറ അളവ് കുറഞ്ഞു. വരുമാനം കുറഞ്ഞതോടെ പിന്നീട് നാട്ടില്‍ പോകുന്നതിനെ കുറിച്ചായി ചിന്ത. മൂന്നു വര്‍ഷം കൂടുമ്പോഴായിരുന്നു കമ്പനി ടിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍, ജോസ് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ നാട്ടിലേക്ക് മടങ്ങി. പോകുന്നതിന് മുമ്പ് കൈയിലുണ്ടായിരുന്നതുകൊണ്ട് രണ്ട് എയര്‍ കണ്ടീഷണറുകളും ടി.വിയും വി.സിയാറുമൊക്കെ വാങ്ങി കാര്‍ഗോ അയച്ച് അത് നാട്ടിലത്തെിയെന്ന് ഉറപ്പിച്ചാണ് വിമാനം കയറിയത്. ‘രാജാവിന്‍െറ മകന്‍’ എന്ന സിനിമയിലെ ‘സാഗര്‍ ഏലിയാസ് ജാക്കിയെന്ന’ അധോലോക നായകനെ പോലെ ജോസ് എന്ന കൊച്ചുതെമ്മാടി നെഞ്ചുവിരിച്ച് നാട്ടിലത്തെി. കാര്‍ഗോ വീട്ടിലത്തെി. നല്ല വിലക്ക് മറിച്ചു വില്‍ക്കാനായി അയാള്‍ ഇടപാടുകാരെ തേടി. എന്നാല്‍, മുകളിലുള്ളവന്‍ മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്. വീട്ടില്‍ സൂക്ഷിച്ച സാധനങ്ങള്‍ വാങ്ങാന്‍ കച്ചവടക്കാരന്‍ വരാമെന്നേറ്റ ദിവസത്തിന്‍െറ തൊട്ടു തലേ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ജോസ് കാണുന്നത് ഒഴിഞ്ഞ മുറിയായിരുന്നു. മദ്യം വിറ്റും പലിശക്ക് കൊടുത്തും താന്‍ വാങ്ങിക്കൂട്ടിയ സാധനങ്ങളെല്ലാം അരിച്ചുപെറുക്കി മോഷ്ടാക്കള്‍ കൊണ്ടുപോയി. തുറിച്ച കണ്ണുകളുമായി അയാള്‍ മുറിക്കുള്ളിലിരുന്നു. മോഷണത്തിന്‍െറ ആഘാതത്തില്‍ നിന്ന് മുക്തനാകാന്‍ ദിവസങ്ങളെടുത്തു. ബാങ്കില്‍ അത്യാവശ്യം തുകയുള്ളതുകൊണ്ട് അപ്പോഴും സമാധാനിച്ചു. എന്നാല്‍, വിധി മറ്റൊന്നായിരുന്നു കാത്തുവെച്ചിരുന്നത്. വയറുവേദനയായിട്ടായിരുന്നു തുടക്കം. അസുഖം എന്താണ് തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോഴേക്കും അര്‍ബുദം അയാളുടെ കുടലുകളെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു. പിന്നീട് മരുന്നു മണക്കുന്ന നാളുകളായിരുന്നു ജോസിന്‍െറത്. കുടലിന്‍െറ വലിയൊരു ഭാഗം മുറിച്ചുമാറ്റി. ഓരോ തവണയും ആശുപത്രി വിട്ടപ്പോള്‍ അയാളുടെ അക്കൗണ്ടിന്‍െറ കനം കുറഞ്ഞു. അത് പിന്നീട് പൂജ്യത്തിലത്തെി. വീട്ടുകാരുടെയും നാട്ടുകാരുടെയും കാരുണ്യത്തിന് കാത്ത് കിടക്കേണ്ട അവസ്ഥയില്‍ അയാളത്തെി എന്നത് കഥാന്ത്യം. ഒരുപാട് പേരുടെ കണ്ണീരില്‍ കുതിര്‍ന്ന നോട്ടുകള്‍ കണക്കു പറഞ്ഞ് എണ്ണി വാങ്ങിയിട്ടും എല്ലാവരുടെയും കണ്ണുവെട്ടിച്ച് മദ്യവില്‍പ്പന നടത്തിയിട്ടും താന്‍ കൂട്ടിവെച്ചതെല്ലാം മലവെള്ളം പോലെ ഒലിച്ചുപോവുന്നത് അയാള്‍ ആശുപത്രി കിടക്കയില്‍ കിടന്ന് നിറ കണ്ണുകളോടെ തിരിച്ചറിഞ്ഞിട്ടുണ്ടാവും. അയാള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. അയാള്‍ ഒരു പ്രതീകം മാത്രമാണ്. ഈ മണ്ണില്‍ കുറുക്കുവഴികള്‍ തേടുന്നവര്‍ക്കുള്ള ഒന്നാന്തരം ഓര്‍മപ്പെടുത്തല്‍. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story