ഡിജിറ്റൽ പണമിടപാടിൽ രാജ്യം മുന്നോട്ട്
text_fieldsമനാമ: രാജ്യത്തെ ഡിജിറ്റൽ പണമിടപാട് അതിവേഗം വളർച്ച പ്രാപിക്കുന്നതായി റിപ്പോർട്ട്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജൂണിലെ കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണിൽ 14 ദശലക്ഷത്തിലധികം കറൻസി രഹിത ഇടപാടുകളാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 74 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങളിലെ പോയന്‍റ് ഓഫ് സെയിൽ (പി.ഒ.എസ്) മെഷീൻ മുഖേന നടത്തുന്ന ഇടപാടുകളും ഇ-കോമേഴ്സ് ഇടപാടുകളും കാര്യമായ വർധന രേഖപ്പെടുത്തി.
ഈ രണ്ട് രീതികളിലൂടെയുമുള്ള പണമിടപാട് ജൂണിൽ 331.6 ദശലക്ഷം ദിനാറായി ഉയർന്നു. 65.2 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്. കോവിഡ് കാലത്ത് ജനങ്ങളിലുണ്ടായ മാറ്റമാണ് പുതിയ കണക്കുകളിൽ പ്രതിഫലിക്കുന്നത്. ഡിജിറ്റൽ ഇടപാടുകളിലേക്ക് ആളുകൾ വൻതോതിൽ തിരിയാൻ തുടങ്ങിയത് കോവിഡ് കാലത്താണ്.
ഈ പ്രവണത വരും നാളുകളിൽ വർധിക്കുമെന്ന സൂചനയാണ് സി.ബി.ബിയുടെ പുതിയ കണക്കുകൾ പറയുന്നത്. ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാടുകൾ നടന്നത് റസ്റ്റാറന്‍റ്, സൂപ്പർമാർക്കറ്റ്, സർക്കാർ സേവനങ്ങൾ, ആരോഗ്യം, വസ്ത്രം-പാദരക്ഷ എന്നീ മേഖലകളിലാണ്. ഏറ്റവും കൂടുതൽ തുകയുടെ ഇടപാടുകൾ നടന്നത് സർക്കാർ സേവനങ്ങൾ, റസ്റ്റാറന്‍റ്, സൂപ്പർമാർക്കറ്റ്, വസ്ത്രം-പാദരക്ഷകൾ, വാഹനങ്ങൾ എന്നീ മേഖലകളിലാണ്. രാജ്യത്ത് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറിലും വർധന രേഖപ്പെടുത്തി. കഴിഞ്ഞ 16 മാസമായി തുടരുന്ന പ്രവണത ജൂണിലും ആവർത്തിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഫണ്ട് കൈമാറ്റം ഏറക്കുറെ തത്സമയംതന്നെ സാധ്യമാക്കുന്ന ഫൗരി + വഴിയാണ് കഴിഞ്ഞ മാസം 91.5 ശതമാനം ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറും നടന്നത്. പ്രതിദിനം 1000 ദിനാറാണ് ഫൗരി + വഴി അയക്കാൻ സാധിക്കുക. 30 സെക്കൻഡിനുള്ളിൽതന്നെ ഇടപാട് പൂർത്തിയാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

