സകാത് ഫണ്ട് 2400 പേർക്ക് ഈദ് പുടവ നൽകും
text_fieldsമനാമ: സകാത് ഫണ്ട് ഈദുൽ ബലിപെരുന്നാളിനോടനുബന്ധിച്ച് 2400 പേർക്ക് ഈദ് പുടവ സഹായം നൽകുമെന്ന് നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള സകാത് ഫണ്ട് വക്താവ് ശൈഖ് സലാഹ് ഹൈദർ വ്യക്തമാക്കി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികളിൽ സന്തോഷം നിറക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
സകാത് ഫണ്ടിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇസ്ലാമിന്റെ അടിസ്ഥാനങ്ങളിൽപെട്ട സകാത് നിലനിർത്തുകവഴി സമൂഹത്തിൽ പ്രയാസപ്പെടുന്നവർക്കും താഴ്ന്ന വരുമാനക്കാരായവർക്കുമെല്ലാം ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹ, സൗഹാർദങ്ങൾ ഊട്ടിയുറപ്പിക്കാനും സമൂഹത്തിൽ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ കരുപ്പിടിപ്പിക്കുന്നതിനും ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

