സൈൻ ബഹ്റൈൻ 2025ലെ സാമ്പത്തിക ഫലം പുറത്തുവിട്ടു
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ സൈൻ ബഹ്റൈൻ കഴിഞ്ഞ വർഷത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വെല്ലുവിളികൾ നിറഞ്ഞ വിപണി സാഹചര്യത്തിലും കമ്പനി ലാഭത്തിലും വരുമാനത്തിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ൽ 5.99 ദശലക്ഷം ദീനാറാണ് അറ്റാദായം. 2024നെ അപേക്ഷിച്ച് 1.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്തം വരുമാനം 82.41 ദശലക്ഷം ദീനാറിലെത്തി. ഇത് മുൻവർഷത്തെക്കാൾ 6.7 ശതമാനം കൂടുതലാണ്. ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 9 ഫിൽസ് വീതം ഡിവിഡന്റ് നൽകാൻ ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തു. ഇത് മൊത്തം പെയ്ഡ്-അപ് മൂലധനത്തിന്റെ 9 ശതമാനമാണ്.
ഒക്ടോബർ-ഡിസംബർ കാലയളവിൽ 21.66 ദശലക്ഷം ദീനാർ വരുമാനം നേടി (9.4 ശതമാനം വർധന). എന്നാൽ, ഇക്കാലയളവിലെ ലാഭം 1.81 ദശലക്ഷം ദീനാറാണ് (3.7 ശതമാനം കുറവ്). ഒരു സാധാരണ ടെലികോം കമ്പനിയിൽനിന്നും ഐ.സി.ടി സൊലൂഷനുകൾ നൽകുന്ന മുൻനിര സ്ഥാപനമായി മാറാനുള്ള ശ്രമങ്ങൾ വിജയിച്ചതായി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ അലി ആൽ ഖലീഫ അറിയിച്ചു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 93.33 ശതമാനവും സ്വദേശികളാണ്. തദ്ദേശീയരായ പ്രതിഭകളെ വളർത്തുന്നതിൽ കമ്പനി കാട്ടുന്ന ശ്രദ്ധക്ക് ജി.സി.സി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിരുന്നു.
മൈക്രോ-ഫിനാൻസ് പ്ലാറ്റ്ഫോമായ ‘ബീഡെ’, ഇൻഷുറൻസ് സേവനമായ ‘സൈൻ ഇൻഷുർ’ എന്നിവയിലൂടെ സേവനങ്ങൾ വൈവിധ്യവത്കരിച്ചു. കമ്പനിയുടെ ആസ്തി മൂല്യം 147.79 ദശലക്ഷം ദീനാറായി ഉയർന്നു. വരുംവർഷങ്ങളിൽ ഡിജിറ്റൽ സാമ്പത്തിക രംഗത്തും നൂതന സാങ്കേതിക വിദ്യകളിലും കൂടുതൽ നിക്ഷേപം നടത്താനാണ് സൈൻ ബഹ്റൈൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

