ഇസ്‍ലാമിക പ്രതീകങ്ങളെ സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചു; യുവാവിന് ഒരു വർഷം തടവ്
text_fieldsപ്രതീകാത്മക ചിത്രം
മനാമ: ഇസ്‍ലാമിക ചിഹ്നങ്ങളെയും പവിത്ര വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ച സംഭവത്തിൽ യുവാവിന് ഒരു വർഷം തടവുശിക്ഷ വിധിച്ച് ലോവർ ക്രിമിനൽ കോടതി. തടവുശിക്ഷക്ക് പുറമെ പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. പ്രതിയുടെ വയസ്സോ ദേശീയതയോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്നാണ് പബ്ലിക് പ്രൊസിക്യൂഷന് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. ഇസ്‍ലാമിക പ്രതീകങ്ങളെയും ആദരണീയരായ വ്യക്തിത്വങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രതി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച സൈബർ ക്രൈം പ്രൊസിക്യൂഷൻ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ തെളിവുകൾ സഹിതം നേരിടുകയും ചെയ്തു.
പോസ്റ്റുകൾ തന്റേതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. തുടർന്ന് റിമാൻഡ് ചെയ്ത പ്രതിയെ വിചാരണക്കായി ലോവർ ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയും വിധി പ്രഖ്യാപിക്കുകയുമായിരുന്നു.സാമൂഹിക സൗഹാർദവും ദേശീയ ഒരുമയും തകർക്കുന്ന തരത്തിലും, മതചിഹ്നങ്ങളെയും വിശുദ്ധ വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലുമുള്ള സോഷ്യൽ മീഡിയ ദുരുപയോഗങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

