മൽകിയയിൽ യുവാക്കളുടെ നേതൃത്വത്തിൽ ബീച്ച് ശുചീകരണം
text_fieldsമൽകിയയിലെ ബീച്ച് ശുചീകരണത്തിൽ പങ്കെടുത്ത യുവാക്കൾ
മനാമ: യുവാക്കളുടെ നേതൃത്വത്തിൽ പരിസ്ഥിതി ബോധവത്കരണത്തിന് മാതൃകയായി മൽകിയ ബീച്ചിൽ വൻ ശുചീകരണ പ്രവർത്തനം നടന്നു.
ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ്, ഗാവൽ ക്ലബ്, ഒൻ ഹാർട്ട് ബഹ്റൈൻ, ഉർബേസർ, അൽ മഹദ് സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘ഇക്കോ അവെയർനസ് ആൻഡ് ആക്ഷൻ ബീച്ച് ക്ലീനപ്പ്’ സംഘടിപ്പിച്ചത്. ഉച്ചക്ക് 2.15 മുതൽ അഞ്ചുമണിവരെ നീണ്ടുനിന്ന പരിപാടി പരിസ്ഥിതി ബോധവത്കരണത്തെയും പ്രായോഗിക പഠനത്തെയും ഒരുപോലെ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു.
കുടുംബങ്ങൾക്കും വിദ്യാർഥികൾക്കും സന്നദ്ധപ്രവർത്തകർക്കും പങ്കാളികളാകാനുള്ള അവസരം ലഭിച്ചു.സാമൂഹിക ഉൾക്കൊള്ളലിനും പരിസ്ഥിതി ഉത്തരവാദിത്തത്തിനുമായുള്ള പ്രസ്ഥാനമായ ‘ഒൻ ഹാർട്ട് ബഹ്റൈൻ’ ആണ് പരിപാടി സംഘടിപ്പിച്ചത്. ‘ഒൻ ഹാർട്ട്, ഒൻ കമ്യൂണിറ്റി, ഒൻ എർത്ത്’ എന്ന സന്ദേശത്തിൽ കുടുംബങ്ങളും സ്കൂളുകളും സമൂഹസംഘങ്ങളും ഒന്നായി ചേർന്നു.
ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സിന്റെയും ഗാവൽ ക്ലബിന്റെയും സംയുക്ത സംരംഭമായ ഈ പദ്ധതി യുവജനങ്ങളുടെ നേതൃക്ഷമതയെ മുൻനിരയിലേക്കു കൊണ്ടുവന്നു. ഗാവൽ ക്ലബ് അംഗങ്ങൾ ബോധവത്കരണ പ്രസംഗങ്ങളും പ്രവർത്തനങ്ങളുമായി കുട്ടികളെയും പങ്കെടുത്തവരെയും നയിച്ചു.
പരിസ്ഥിതി സേവനരംഗത്ത് പ്രവർത്തിക്കുന്ന ‘ഉർബേസർ’ സ്ഥാപനത്തിന്റെ ഇക്കോ ബസ് മാലിന്യ സംസ്കരണത്തിലും റിസൈക്ലിങ്ങിലും സ്ഥിരതയുള്ള ജീവിത ശൈലികളിലും പ്രായോഗിക പ്രദർശനങ്ങൾ നടത്തി. ‘ദി പാത് ബഹ്റൈൻ’ പരിപാടിക്ക് പിന്തുണ നൽകി.
അൽ മഹദ് സ്കൂൾ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത ചടങ്ങ് വിദ്യാഭ്യാസ രംഗം പരിസ്ഥിതി ബോധവത്കരണത്തിൽ വഹിക്കുന്ന പങ്ക് ഊന്നിപ്പറഞ്ഞു. ചടങ്ങിൽ ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസിഡന്റ് റോയ് സ്കറിയ, ഒൻ ഹാർട്ട് ബഹ്റൈൻ പ്രതിനിധികൾ, ഗാവൽ ക്ലബ് അംഗങ്ങൾ, അൽ മഹദ് സ്കൂൾ അധ്യാപകരും വിദ്യാർഥികളും സംസാരിച്ചു. ‘‘യുവാക്കൾക്ക് മാതൃകയാകാനുള്ള അവസരമാണ് ഈ പരിപാടി സൃഷ്ടിച്ചത്. ആശയവിനിമയവും സംഘാത്മകതയും ഒരുമിപ്പിച്ചാണ് ഗാവൽ ക്ലബ് അംഗങ്ങൾ പരിസ്ഥിതി സംരക്ഷണത്തിൽ മാറ്റം ഉണ്ടാക്കിയിരിക്കുന്നത്” - എന്ന് റോയ് സ്കറിയ പറഞ്ഞു. ദിനചര്യയിലെ മാലിന്യസംസ്കരണത്തിലെ ചെറിയ തെറ്റുകൾ പോലും സമുദ്രപരിസ്ഥിതിക്ക് എത്രത്തോളം ബാധകമാണെന്ന് കുട്ടികൾക്ക് അവബോധം കൈവന്നു.
200ലേറെ സ്കൂൾ വിദ്യാർഥികളും കുടുംബാംഗങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. “ഇത് ഒരു ശുചീകരണ പരിപാടി മാത്രമല്ല, പുത്തൻ തലമുറയുടെ കൈകളിലൂടെ ബോധവത്കരണത്തിന് വഴിയൊരുക്കുന്ന പ്രസ്ഥാനമാണ്’’- സ്കറിയ കൂട്ടിച്ചേർത്തു.
‘കൂടി നടക്കാം, കൂടി പ്രവർത്തിക്കാം - കൂടുതൽ പച്ചയും ശുദ്ധവുമായ ഭാവിയിലേക്കായി’ എന്ന സന്ദേശത്തോടെയായിരുന്നു ദിനത്തിന്റെ സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

