യൂത്ത് ഇന്ത്യ ബഹ്റൈൻ ‘അഹ്ലൻ റമദാൻ’ സംഗമം സംഘടിപ്പിച്ചു
text_fieldsയൂത്ത് ഇന്ത്യ ബഹ്റൈൻ ‘അഹ്ലൻ റമദാൻ’ സംഗമത്തിൽനിന്ന്
മനാമ: വിശുദ്ധ റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി യൂത്ത് ഇന്ത്യ ബഹ്റൈൻ ഹൃദയത്തോട് ചേർക്കാം റമദാൻ എന്ന പേരിൽ അഹ്ലൻ റമദാൻ പരിപാടി സംഘടിപ്പിച്ചു. സംഗമത്തിൽ റമദാൻ സന്ദേശം നൽകിക്കൊണ്ട് യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗം അലി അൽത്താഫ് സംസാരിച്ചു. റമദാനിലൂടെ വിശ്വാസികൾക്ക് കൂടുതൽ ദൈവഭക്തി വർധിപ്പിക്കാനും അല്ലാഹുവുമായി കൂടുതൽ അടുക്കാനും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
റമദാൻ ഒരു മഴ പോലെയാണെന്നും അത് പെയ്തിറങ്ങുന്ന ഭൂമിയിലെല്ലാം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരു മഴ പെയ്ത് ഭൂമി പുനർജീവിക്കുന്നത് പോലെ, റമദാനിലൂടെ ആർജിക്കുന്ന നന്മകൾ ഒരു വിശ്വാസിയിലൂടെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ പകർന്നു നൽകണം. നന്മയുടെ ഉറവിടമായി സമൂഹത്തിൽ നിറഞ്ഞൊഴുകാൻ ഓരോ വിശ്വാസിയും തയാറാകണമെന്നും അദ്ദേഹം ഉണർത്തി. വിശ്വാസികൾ ജീവിതത്തിൽ പ്രധാനമായും നാല് കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം പ്രവർത്തകരെ ഉദ്ബോധിപ്പിച്ചു. അല്ലാഹുവിനോടുള്ള തഖ്വ വർധിപ്പിക്കുക, വിശുദ്ധ ഖുർആൻ അനുശാസിക്കുന്ന രീതിയിലുള്ള മാതൃകാപരമായ ജീവിതം നയിക്കുക, അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ പൂർണ സംതൃപ്തി കണ്ടെത്തി ജീവിക്കുക, ഈ ലോകത്തിനപ്പുറം മരണാനന്തര ജീവിതത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ നടത്തുക എന്നിവയാണവ. ഈ ഗുണങ്ങൾ ജീവിതത്തിൽ പകർത്തിയാൽ മാത്രമേ റമദാൻ ലക്ഷ്യം വെക്കുന്ന യഥാർഥ ആത്മീയ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം വിശദീകരിച്ചു.
യൂത്ത് ഇന്ത്യ ഓഫിസിൽവെച്ച് നടന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് ഹൈദ്രോസ് ആമുഖ പ്രഭാഷണവും യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഇജാസ് മൂഴിക്കൽ സമാപന പ്രസംഗവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

