സുരക്ഷാ കാമറ മറച്ച് തീവെപ്പ്; യുവാവിന് ഒരുവർഷം തടവ്
text_fieldsമനാമ: എക്സിബിഷൻ റോഡിൽ സുരക്ഷ കാമറകൾ മറച്ചശേഷം മാലിന്യപ്പെട്ടികൾക്ക് തീയിട്ട ബഹ്റൈനി യുവാവിന് ഹൈ ക്രിമിനൽ കോടതി ഒരുവർഷം തടവ് ശിക്ഷ വിധിച്ചു. മാലിന്യപ്പെട്ടികൾ കത്തിച്ചതിലൂടെയുണ്ടായ 198 ദിനാറിന്റെ നഷ്ടം യുവാവിൽനിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു. മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ തീ വെക്കുകയും മാലിന്യനിർമാർജന കമ്പനിയുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് ശിക്ഷ.
കഴിഞ്ഞ മേയിലാണ് സംഭവം. ഒരു സൂപ്പർമാർക്കറ്റിന് പിന്നിൽ മാലിന്യപ്പെട്ടികൾക്ക് തീയിട്ടതായി ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തീ അണച്ച ശേഷമാണ് െപാലീസ് സ്ഥലത്തെത്തിയത്. തീ മനുഷ്യനിർമിതമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ഇത് ഫോറൻസിക് റിപ്പോർട്ടിലും സ്ഥിരീകരിച്ചു.
കുറ്റവാളിയെ കണ്ടെത്താൻ സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചെങ്കിലും ഇയാൾ കാമറകൾ തുണികൊണ്ട് മറയ്ക്കുകയും ലെൻസുകളിൽ പെയിന്റടിക്കുകയും ചെയ്തതിനാൽ ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഗുദൈബിയയിലെ വീട്ടിൽനിന്ന് കണ്ടെത്തി. ഇയാളുടെ കൈവശം പെയിന്റ് ബക്കറ്റും മണ്ണെണ്ണയും ലൈറ്ററും ഉണ്ടായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

