സ്പീഡ് ബോട്ടിൽ ഡൈവിങ്ങിനിടെ കടലിൽ വീണ് യുവാവ് മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
text_fieldsമരണപ്പെട്ട മുഹമ്മദ് ഇസ്മാഈൽ
മനാമ: ബഹ്റൈനിലെ കിങ് ഫഹദ് ഹൈവേക്ക് സമീപം സ്പീഡ് ബോട്ടിൽ ഡൈവിങ് നടത്തുന്നതിനിടെ കടലിൽ വീണ രണ്ട് ബഹ്റൈൻ സ്വദേശികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുങ്ങൽ വിദഗ്ധനായ മുഹമ്മദ് ഇസ്മാഈലാണ് (36) മരണപ്പെട്ടത്. ചൊവ്വാഴ്ച സാനി മറൈൻ ഏരിയയിൽ ഉച്ചക്ക് 1.30ഓടെ കടലിലിറങ്ങിയ ഇവർ തുടർന്ന് അപകടത്തിൽപെടുകയായിരുന്നു. പിന്നീട് ഇവരെക്കുറിച്ച് ഒരുവിധ വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചതന്നെ ബഹ്റൈനിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള രക്ഷാപ്രവർത്തകർ തിരച്ചിൽ ആരംഭിച്ചു.
പുലർച്ചെ1.30 ഓടെയാണ് അസീസ് നസീബിനെ ജീവനോടെ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താൻ കഴിഞ്ഞത്. ബോട്ടിലെ ഗ്യാസ് സിലിണ്ടറുകളിൽ ഒന്ന് ഉപയോഗിച്ച് ബലൂൺ വീർപ്പിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ അദ്ദേഹം പൊങ്ങിക്കിടക്കാൻ ഇത് സഹായിച്ചു. ഉടൻ തന്നെ അദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി, ആരോഗ്യം പരിശോധിച്ചശേഷം വിട്ടയച്ചു. അതിനിടയിലാണ് കോസ്വേക്ക് സമീപം ഇസ്മാഈലിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന്റെ വിശദാംശങ്ങളും സാഹചര്യങ്ങളും നിർണയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണ്. സമുദ്രസുരക്ഷാ നടപടികളും മാർഗനിർദേശങ്ങളും പാലിക്കണമെന്നും കപ്പൽ കയറുന്നതിന് മുമ്പ് പ്രത്യേകിച്ച് ഡൈവിങ്, മീൻപിടിത്ത യാത്രകൾക്കിടയിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊതുജനങ്ങളോടും വിദഗ്ധരോടും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

