ഇലക്ട്രിക് കാറുകൾ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് യൂത്ത് സിറ്റി 2030
text_fieldsയൂത്ത് സിറ്റി 2030 യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി സന്ദർശിച്ചപ്പോൾ
മനാമ: ഇലക്ട്രിക് കാറുകളെ കുറിച്ച് വൈദ്യുതി-ജല കാര്യ മന്ത്രാലയത്തിലെ എനർജി എഫിഷ്യൻസി വിഭാഗം ശിൽപശാല നടത്തി. ‘ഇലക്ട്രിക് വാഹനങ്ങളും ഭാവിയും’ എന്ന വിഷയത്തിലായിരുന്നു ശിൽപശാല. യൂത്ത് സിറ്റി 2030ന്റെ ഭാഗമായാണ് മന്ത്രാലയം പരിപാടി നടത്തിയത്. വൈദ്യുതി വാഹനങ്ങളുടെ വിശദാംശങ്ങൾ, അവ ചാർജ് ചെയ്യുന്ന രീതി, ഗതാഗതമേഖലയിലെ ആഗോള പ്രവണതകൾ എന്നിവയും ശിൽപശാല ചർച്ചചെയ്തു.
വൈദ്യുതി വാഹനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം വൈദ്യുതി-ജല കാര്യ മന്ത്രാലയത്തിന് കീഴിൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതൊരുക്കിയത്. വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിമുഖത ഒഴിവാക്കുക, അതിലേക്ക് കൂടുതലാളുകളിൽ താൽപര്യം ജനിപ്പിക്കുക, ഫോസിൽ ഇന്ധനങ്ങളുടെ പൂർണ ആശ്രിതത്വം ഒഴിവാക്കുക, എന്നീ ലക്ഷ്യങ്ങളിലൂന്നിയാണ് മന്ത്രാലയത്തിന്റെ പ്രവർത്തനം. അന്തരീക്ഷ മലിനീകരണം തടയുന്നതിനും, കാർബൺ ബഹിർഗമനം കുറക്കുന്നതിനും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും അതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുമുദ്ദേശിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും മന്ത്രാലയം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകളെ കൂടുതൽ ആശ്രയിക്കുന്നത് ഊർജ കാര്യക്ഷമത കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂത്ത് സിറ്റി 2030ൽ അവതരിപ്പിക്കുന്ന പരിശീലന പരിപാടി വഴി 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള അകലം കുറയുമെന്നും കണക്കാക്കപ്പെടുന്നു. 2035ഓടെ കാർബൺ ബഹിർഗമനം 30 ശതമാനം കുറക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്. ബഹ്റൈനിൽ അഞ്ചിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ക്വിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ നേരത്തേ വൈദ്യുതി-ജല കാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു.
15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാവുന്ന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതി. സ്വകാര്യമേഖലയുമായി സഹകരിച്ച് ഇലക്ട്രിക് വാഹനമേഖല കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുന്നതിന് വിവിധ വാഹന ഏജൻസികൾ തയാറായത് അഭിനന്ദനാർഹമായ കാര്യമാണെന്നും മന്ത്രാലയം വിലയിരുത്തിയിരുന്നു. പുതിയ സാങ്കേതിക വിദ്യയോടൊപ്പം സഞ്ചരിക്കാനുള്ള ബഹ്റൈൻ ശ്രമങ്ങൾക്ക് സാധ്യമാകുന്ന മുഴുവൻ പിന്തുണയും നൽകുമെന്ന് വാഹന ഏജൻസികൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

