യൂത്ത് സിറ്റി 2030 14ാം പതിപ്പ്; എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഇന്ന് തുടക്കം
text_fieldsയുവജനകാര്യമന്ത്രി റവാൻ തൗഫീഖി
മനാമ: യുവജനങ്ങളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി യുവജനകാര്യ മന്ത്രാലയം ലേബർ ഫണ്ടിന്റെ (തംകീൻ) പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന യൂത്ത് സിറ്റി 2030ന്റെ 14ാം പതിപ്പ് എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ ഞായറാഴ്ച തുടങ്ങും.ദേശീയ വികസനത്തിലും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും യുവജനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പിന്തുണക്കാനും ശാക്തീകരിക്കാനുമുള്ള ബഹ്റൈന്റെ പ്രതിബദ്ധതയാണ് യൂത്ത് സിറ്റി 2030 പ്രതിഫലിപ്പിക്കുന്നതെന്ന് യുവജനകാര്യമന്ത്രി റവാൻ തൗഫീഖി പറഞ്ഞു.രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും അനുസൃതമായാണ് ഈ സംരംഭമെന്നും മന്ത്രി പറഞ്ഞു.
യുവജന ശാക്തീകരണത്തിലും വിവിധ മേഖലകളിലെ അവരുടെ സംഭാവനകളെ ശക്തിപ്പെടുത്തുന്നതിനുമായുള്ള നൂതന സംരംഭങ്ങൾ ഒരുക്കുന്നതിലുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. ഈ വർഷത്തെ പതിപ്പ് യുവജനങ്ങളുടെ കഴിവുകൾ വികസിപ്പിച്ച് തൊഴിൽവിപണിക്ക് ആവശ്യമായ ഗുണനിലവാരമുള്ള പരിശീലന അവസരങ്ങൾ നൽകലാണ് ലക്ഷ്യമിടുന്നത്. ഇത് അവർക്ക് ആത്മവിശ്വാസത്തോടെ ഭാവി രൂപപ്പെടുത്താനുള്ള സാഹചര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശാസ്ത്രസാങ്കേതികവിദ്യ, കലയും സംസ്കാരവും, നേതൃത്വവും സംരംഭകത്വവും, മാധ്യമങ്ങളും വിനോദവും, കായികവും ആരോഗ്യവും തുടങ്ങി അഞ്ച് പ്രധാന കേന്ദ്രങ്ങളിലായി 195 പ്രത്യേക പരിശീലനപരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. 70 ശതമാനത്തിലധികം പരിശീലനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ സാന്നിധ്യവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

