വൈ.എം.സി.എ ബഹ്റൈൻ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
text_fieldsമനാമ: വൈ.എം.സി.എ ബഹ്റൈൻ 'ഗ്ലോറിയസ് ലൈറ്റ്' എന്ന പേരിൽ ക്രിസ്മസ് കരോൾ പ്രോഗ്രാം സംഘടിപ്പിച്ചു. ക്വയർ ഡയറക്ടർ ഷാജിമോൻ ക്രിസ്തുദാസിന്റെ നേതൃത്വത്തിലുള്ള 60 അംഗ ഗായകസംഘം അധാരിയിലെ ന്യൂ സീസൺസ് ഹാളിൽ നടന്ന പരിപാടിയിൽ കരോളുകൾ അവതരിപ്പിച്ചു. വിവിധ സഭകളിലെ വൈദികരും പാസ്റ്റർമാരും അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
ബഹ്റൈൻ സി.എസ്.ഐ പള്ളി വികാരി ഫാ. ദിലീപ് ഡേവിഡ്സൺ മാർക്കിന്റെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വൈ.എം.സി.എ ബഹ്റൈൻ പ്രസിഡന്റ് സോമൻ ബേബി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു. സൗഹാർദത്തിനും സഹവർത്തിത്വത്തിനും മാതൃകയായി ബഹ്റൈൻ മാറിയെന്ന് അംബാസഡർ പറഞ്ഞു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും അദ്ദേഹം പ്രകീർത്തിച്ചു.
അൽമോയിദ് കോൺട്രാക്റ്റിങ് ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹല അൽമോയിദ് വിശിഷ്ടാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. ഫൗലത്ത് ഹോൾഡിങ്സ്, ബഹ്റൈൻ സ്റ്റീൽസ് എന്നിവയുടെ സി.ഇ.ഒ ദിലീപ് ജോർജ്, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജീബെൻ വി. കുര്യൻ, ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് എജുക്കേഷൻ സീനിയർ എക്സിക്യൂട്ടിവ് ഡോ. ഹന കാനൂ, മനാമ സിംഗേഴ്സ് ക്വയർ ഡയറക്ടർ ജോ ഡിസിയോള, വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് കോശി സാമുവൽ, കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബെംകോ ഡയറക്ടർ സന്ദീപ് അഗർവാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ മാർത്തോമ പാരിഷ് വികാരി ഫാ. ഡേവിഡ് വി.ടൈറ്റസ് ക്രിസ്മസ് സന്ദേശം നൽകി.വൈ.എം.സി.എ ബഹ്റൈൻ ട്രഷറർ ജിജു വർഗീസ് അവതാരകനായിരുന്നു. സെക്രട്ടറി ഷിബു തോമസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

