ഇന്നലകളിലെ ഓണം ഓർമ
text_fieldsഎന്റെ ഓർമയിലുള്ള ഓണം തൊണ്ണൂറുകളിലെ മധുരം നിറഞ്ഞ ബാല്യസ്മരണകളാണ്. ഓണം എന്നാൽ ഒരു ഒത്തു ചേരൽ കൂടിയാണ്, ബന്ധുക്കൾ എല്ലാം വീട്ടിൽ വരും. തിരിച്ചു ബന്ധുവീടുകളിൽ പോകും. അന്ന് ഇന്നത്തെ പോലെയല്ലായിരുന്നു.
ഓണമാകണമായിരുന്നു പുതിയ ഒരു വസ്ത്രം കിട്ടാൻ. ഓണ പരീക്ഷ കഴിഞ്ഞ് സ്കൂൾ അടക്കുന്ന സമയമാണ്.
ഓണത്തിന് ഒരാഴ്ച മുന്നേ തന്നെ എന്റെ വീടിന് സമീപത്തുള്ള ഉടയഗിരി ക്ഷേത്രമുറ്റത്തെ വലിയ ആലിന്റെ കൊമ്പിൽ ഊഞ്ഞാൽ ഇടും. കുട്ടികളെല്ലാം പിന്നെ ഓണം കഴിയുംവരെ ഊഞ്ഞാൽ ആടാൻ മത്സരമാണ്. ഉത്രാട ദിവസം ഞങ്ങൾ കുട്ടികൾ എല്ലാം പാടവരമ്പിലും കാട്ടിലും പൂവ് പറിക്കാൻ പോകും. തുമ്പപൂവ്, തുളസി, മുക്കുറ്റി, ശംഖ്പുഷ്പം, കൊങ്ങിണി പൂവ്, കാക്ക പൂവ് ഇവയൊക്കെ കൊണ്ട് ചാണകം മെഴുകിയ തറയിൽ ആയിരുന്നു അന്ന് പൂക്കളം ഇട്ടിരുന്നത്.
ഉത്രാടത്തിന് എല്ലാവരും അടൂർ ടൗൺ ഹാളിലെ ഓണച്ചന്ത, പറക്കോട് മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നായിരുന്നു പച്ചക്കറികൾ വാങ്ങിയിരുന്നത്. അന്ന് അതൊരു ആഘോഷമായിരുന്നു. ഇന്ന് അതുപോലെയുള്ള ഓണച്ചന്തകൾ കാണാനില്ല. പകരം സൂപ്പർമാർക്കറ്റുകളും മാളുകളും ആ സ്ഥാനം സ്വന്തമാക്കി. വീട്ടിലെ മുതിർന്ന ആളുകൾകൂടി സദ്യ ഒരുക്കും, ആദ്യം സദ്യ വിളമ്പുന്നത് ഞങ്ങൾ കുട്ടികൾക്കാണ്. ഇന്ന് അതെല്ലാം റെഡിമെയ്ഡ് ആഹാരത്തിലൊതുങ്ങി.
തിരുവോണ ദിവസം രാവിലെ മുതൽ തൊട്ടടുത്തുള്ള മിത്രപുരം കലാസമിതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണ പ്രോഗ്രാമിൽ എല്ലാവരുമെത്തും. മത്സരങ്ങളിൽ പങ്കെടുക്കും. അന്ന് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ സജീവമല്ലാത്ത കാലമാണ്. അതുകൊണ്ട് തന്നെ എല്ലാവരും ഒത്തുചേർന്നു ഓണം ആഘോഷിക്കും.
പ്രവാസജീവിതത്തിലേക്ക് കടന്നപ്പോൾ അന്നത്തെ ഓർമകൾ എവിടെയോ തളംകെട്ടി നിൽക്കുന്നു, ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കുറെ ഓർമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

