വേള്‍ഡ് മലയാളി കൗണ്‍സിൽ ഗ്ലോബല്‍ കോണ്‍ഫറന്‍സ് 23 മുതൽ
text_fieldsസായിദ് ബിൻ റാഷിദ് അൽസയാനി , പിയൂഷ് ശ്രീവാസ്തവ, എ.കെ. ശശീന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ
മനാമ: വേള്‍ഡ് മലയാളി കൗണ്‍സിൽ 13ാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബഹ്റൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഈ മാസം 23 മുതൽ 25 വരെ നടക്കും. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ബഹ്റൈനിലെയും രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ബഹ്‌റൈൻ വാണിജ്യ, വ്യവസായമന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനി, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള വനംമന്ത്രി എ.കെ. ശശീന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരു രത്‌നം ജ്ഞാനതപസ്വി, സെയ്ൻ ബഹ്റൈൻ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, ബഹ്‌റൈൻ ശൂറാ കൗൺസിൽ അംഗവും ഇന്‍റർ പാർലമെന്ററി യൂനിയൻ വൈസ് ചെയർപേഴ്സനുമായ ഹലാ റംസി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, തിരക്കഥാകൃത്തും സ്റ്റാൻഡ്അപ് കോമേഡിയനുമായ സുനീഷ് വാരനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ്, കർണാടക മുൻ ഡി.ജി.പി ജിജാ ഹരിസിങ്, ഷീല തോമസ് ഐ.എ.എസ്, യൂനിവേഴ്സിറ്റി കോളജ് ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്‍റ് ഡോ. റാണ സവായ എന്നിവർ പങ്കെടുക്കും.
വേൾഡ് മലയാളി കൗൺസിലിന്റെ 43 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ വേൾഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാർ, മെഡിക്കൽ ഫോറം, വിമൻസ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്ലോബൽ ചെയർപേഴ്സൻ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ളൈ (യു.എസ്.എ), വൈസ് പ്രസിഡന്‍റ് (അഡ്മിൻ) ജോൺ മത്തായി (യു.എ.ഇ), ഗ്ലോബൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമനി), ട്രഷറർ തോമസ് ആറാംബാങ്കുടി (ജർമനി), അസോസിയറ്റ് സെക്രട്ടറി റോണ തോമസ് (ഒമാൻ) എന്നിവരും വിവിധ രാജ്യങ്ങളിൽനിന്നുള്ള റീജ്യൻ, പ്രൊവിൻസുകളിൽനിന്നായി 400ൽപരം പ്രതിനിധികളും കുടുംബാംഗങ്ങളും ബഹ്‌റൈനിലെ കലാസാംസ്കാരിക രംഗങ്ങളിലെ 1000ത്തിൽപരം പ്രതിനിധികളും പങ്കെടുക്കുമെന്ന് കോൺഫറൻസ് ജനറൽ കൺവീനറും ഡബ്ല്യു.എം.സി ബഹ്‌റൈൻ കൗൺസിൽ പ്രസിഡന്‍റുമായ എബ്രഹാം സാമുവൽ, കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ഗ്ലോബൽ കോൺഫറൻസ് പേട്രൺ ഡോ. പി.വി. ചെറിയാൻ എന്നിവർ അറിയിച്ചു.