Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോകകപ്പ് ആവേശം...

ലോകകപ്പ് ആവേശം ബഹ്‌റൈനിലും; ഉണർന്ന് പ്രാദേശിക വിപണി

text_fields
bookmark_border
ലോകകപ്പ് ആവേശം ബഹ്‌റൈനിലും; ഉണർന്ന് പ്രാദേശിക വിപണി
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: ഫുട്ബാൾ ലോകകപ്പ് മാമാങ്കത്തിന് തുടക്കമാകുന്നതിന് മുമ്പേ ബഹ്‌റൈനിലും ആവേശക്കാഴ്ചകൾ. ലോകകപ്പ് മത്സരങ്ങൾ കാണാൻ കാത്തിരിക്കുന്ന ഫുട്ബാൾ ആരാധകർക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്തെ കഫേകളും റസ്റ്റാറന്റുകളും ഷോപ്പിംഗ് ഔട്ട്‌ലെറ്റുകളും ഒരുക്കുന്നത്. ഈ ആവേശം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണർവേകുമെന്ന് വ്യാപാരികളും ബിസിനസ്സ് പ്രമുഖരും അഭിപ്രായപ്പെടുന്നു. ലോകകപ്പിന് മുന്നോടിയായി തന്നെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേബിൾ ബുക്കിംഗുകൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഫ്രാൻസ്, ബ്രസീൽ, അർജന്റീന, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ ജേഴ്‌സികൾക്കും മറ്റ് ഫാൻ ഉൽപ്പന്നങ്ങൾക്കും വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്.

നാല് വർഷത്തിലൊരിക്കൽ വരുന്ന ലോകകപ്പ് വിപണിയിൽ വലിയ ചലനമാണ് സൃഷ്ടിക്കുന്നതെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. ഖുലൂദ് അൽ ഖത്താൻ പറഞ്ഞു. ഭക്ഷണ വിതരണക്കാർ മുതൽ ചെറുകിട വ്യാപാരികൾ വരെ എല്ലാവർക്കും ഈ കാലയളവ് വലിയ അവസരമാണ് ഒരുക്കുന്നത്. ബഹ്‌റൈനിലെ പല കഫേകളും മത്സരങ്ങൾ കാണുന്നതിനായി നേരത്തെ തന്നെ ബുക്കിംഗുകൾ ആരംഭിച്ചു കഴിഞ്ഞു. ഹമലയിലെ ലയാലി അൽ ഉറുബ കഫേയിൽ ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങൾക്കുമുള്ള ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്. ആരാധകർക്കായി 24 മണിക്കൂറും പ്രവർത്തിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

അരിസോണ കഫേയും ആവേശകരമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കുടുംബങ്ങൾക്കായി പ്രത്യേക ഇടങ്ങൾ, കുട്ടികൾക്കുള്ള കളിക്കളം, പുകവലിക്കുന്നവർക്കും അല്ലാത്തവർക്കും പ്രത്യേക ഏരിയകൾ തുടങ്ങിയ സൗകര്യങ്ങൾ ഇവർ ഒരുക്കുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങളായതിനാൽ ബഹ്‌റൈനിലെ സമയക്രമം അനുസരിച്ച് പുലർച്ചെ നടക്കുന്ന മത്സരങ്ങൾ കാണാനും ആരാധകർ തയ്യാറാണ്. പുലർച്ചെയുള്ള മത്സരങ്ങൾക്കായി ബ്രേക്ക്ഫാസ്റ്റ് സൗകര്യങ്ങളും ജീവനക്കാരുടെ ഷിഫ്റ്റുകളിൽ മാറ്റവും വരുത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ ടൂർണമെന്റിന് മുൻപേ വലിയ ഉണർവാണ് ദൃശ്യമാകുന്നതെന്ന് പാർലമെന്റ് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാനും ബഹ്‌റൈൻ ചേംബർ ട്രഷററുമായ അഹമ്മദ് അൽ സല്ലൂം പറഞ്ഞു. സ്കാർഫുകൾ, ഹെഡ്‌ബാൻഡുകൾ തുടങ്ങിയ ഫുട്ബാൾ ആക്സസറികൾക്കും ആവശ്യക്കാരേറെയാണ്. ലോകകപ്പ് കാലം ബഹ്‌റൈനിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വലിയൊരു അവസരമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - World Cup fever hits Bahrain; local market picks up
Next Story