കോച്ചായി ജുവാൻ അന്റോണിയോ പിസി; ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ബഹ്റൈൻ
text_fieldsമനാമ: ലോകകപ്പിൽ കളിക്കുക എന്ന രാജ്യത്തിന്റെ എക്കാലത്തെയും സ്വപ്നങ്ങൾക്ക് മിഴിവുനൽകി അർജന്റീനക്കാരനും മുൻ ലോകകപ്പ് താരവുമായ ജുവാൻ അന്റോണിയോ പിസിയെ ദേശീയ ഫുട്ബാൾ ടീം ഹെഡ് കോച്ചായി നിയമിച്ചു. ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ (ബി.എഫ്.എ) പ്രസിഡന്റ് ശൈഖ് അലി ബിൻ ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫയാണ് കരാർ ഒപ്പുവെച്ച കാര്യം അറിയിച്ചത്.
പരിശീലകൻ എന്ന നിലയിൽ ചിലിക്ക് കോപ അമേരിക്ക നേടിക്കൊടുത്ത ജുവാൻ അന്റോണിയോ പിസി 2018 റഷ്യൻ ലോകകപ്പിൽ സൗദി അറേബ്യയെ പരിശീലിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പരിചയമുള്ള അദ്ദേഹത്തിന്റെ സേവനം അടുത്ത ഘട്ടത്തിലേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന ബഹ്റൈൻ ദേശീയ ടീമിന് മുതൽക്കൂട്ടായിരിക്കുമെന്ന് ബി.എഫ്.എ പ്രസിഡന്റ് പറഞ്ഞു. പിസിയുടെ കീഴിൽ 2026 ലോകകപ്പിന് യോഗ്യത നേടാനാണ് ഇപ്പോൾ ടീം ലക്ഷ്യം വെക്കുന്നത്. ടൂർണമെന്റിൽ ഏഷ്യയിൽ നിന്നുള്ള വിപുലീകരിച്ച എട്ടു ഡയറക്ട് സ്ലോട്ടുകളിൽ ഒന്നിനായി ദേശീയ ടീം മത്സരിക്കും.
അത് സാധിച്ചില്ലെങ്കിൽ ഇന്റർ-കോൺഫെഡറേഷൻ പ്ലേ ഓഫിലൂടെ അത് നേടുകയാണ് ലക്ഷ്യം. ബഹ്റൈൻ മുമ്പ് രണ്ടു തവണ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അവസാന കടമ്പയിലേക്ക് മുന്നേറിയിരുന്നു. 2006ൽ ട്രിനിഡാഡ്-ടുബേഗോയോടും 2010ൽ ന്യൂസിലൻഡിനോടും പരാജയപ്പെട്ടു. രണ്ടു തവണയും ഒറ്റ ഗോളിനായിരുന്നു പരാജയം.
അന്ന് കടക്കാനാവാതെപോയ കടമ്പ പിസിയുടെ നേതൃത്വത്തിൽ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. ബഹ്റൈനുമായി പിസി രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ദോഹയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിനായി സീനിയർ പുരുഷ ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതലകളിൽ ഒന്ന്. പ്രീമിയർ ടൂർണമെന്റിന് യോഗ്യത നേടിയ 24 ഏഷ്യൻ ടീമുകളിൽ ഒന്നാണ് ബഹ്റൈൻ. ഏഷ്യൻ കപ്പിനു മുമ്പാണ് ലോകകപ്പ് യോഗ്യത റൗണ്ട്. നവംബറിൽ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ യോഗ്യത റൗണ്ടിന്റെ രണ്ടാം റൗണ്ടിൽ ബഹ്റൈൻ നേരിട്ട് കളിക്കും. ഗ്രൂപ്പുകളിലേക്കുള്ള നറുക്കെടുപ്പ് വ്യാഴാഴ്ചയാണ്. അഞ്ചു റൗണ്ടുകളടങ്ങിയതാണ് യോഗ്യത മത്സരം.

