ലോക അത്ലറ്റിക്സ് സ്വർണമെഡൽ ജേതാവ് വിൻഫ്രെഡ് യാവിക്ക് ബഹ്റൈനിൽ ഉജ്ജ്വല സ്വീകരണം
text_fieldsവിൻഫ്രെഡ് യാവിയെ ബഹ്റൈൻ അത്ലറ്റിക്സ് അസോസിയേഷൻ ആസ്ഥാനത്ത് സ്വീകരിക്കുന്നു
മനാമ: ബുഡപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ ചാമ്പ്യനായ ബഹ്റൈൻ താരം വിൻഫ്രെഡ് യാവിക്ക് ഉജ്ജ്വല സ്വീകരണം. ബഹ്റൈൻ അത്ലറ്റിക്സ് അസോസിയേഷൻ (ബി.എ.എ) ആസ്ഥാനത്താണ് സ്വീകരണ ചടങ്ങ് നടന്നത്. ബി.എ.എ സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി, പ്രസിഡന്റ് മുഹമ്മദ് ബിൻ ജലാൽ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് യാവിയെ സ്വീകരിച്ചത്. തനിക്ക് പ്രോത്സാഹനം തന്ന രാജ്യത്തിനും അസോസിയേഷനും വിൻഫ്രെഡ് യാവി നന്ദി പറഞ്ഞു. രാജ്യത്തിനുവേണ്ടി കൂടുതൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ പ്രോത്സാഹനങ്ങൾ തനിക്ക് പ്രേരണയാണെന്നും അവർ കൂട്ടിച്ചേർത്തു.
വിൻഫ്രെഡ് യാവി
ഈ വർഷത്തെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈന്റെ ഏക മെഡലാണ് യാവിയുടേത്. മീറ്റിന്റെ ചരിത്രത്തിൽ രാജ്യത്തിന്റെ എട്ടാമത്തെ സ്വർണവും. ഇതോടെ ബഹ്റൈനെ കായിക ലോകത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്കെത്തിച്ച താരങ്ങളുടെ നിരയിൽ യാവിയും ഇടം നേടി. 2005ൽ പുരുഷന്മാരുടെ 800 മീറ്ററിലും 1,500 മീറ്ററിലും സ്വർണം നേടിയ റാഷിദ് റംസി, 2007ൽ വനിതകളുടെ 1,500 മീറ്ററിൽ സ്വർണം നേടിയ മറിയം യൂസഫ് ജമാൽ, 2009ൽ പുരുഷന്മാരുടെ 1,500 മീറ്ററിൽ യൂസഫ് സാദ് കമൽ, 1,500 മീറ്ററിൽ വീണ്ടും മറിയം യൂസഫ് ജമാൽ, 2017ൽ റോസ് ചെലിമോ (വനിത മാരത്തൺ), സൽവ ഈദ് നാസർ (വനിതകളുടെ 400 മീറ്റർ) എന്നിവരാണ് ബഹ്റൈനുവേണ്ടി സ്വർണം നേടിയ താരങ്ങൾ.ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8:54.29 എന്ന ഈ വർഷത്തെ മികച്ച സമയം കുറിച്ചാണ് യാവി വിജയിച്ചത്. യാവിയുടെ കരിയറിലെ മികച്ച സമയം കൂടിയാണിത്. കെനിയൻ വംശജയായ വിൻഫ്രെഡ് യാവിയുടെ എതിരാളികളും കെനിയൻ താരങ്ങളായിരുന്നു. ലോക റെക്കോഡ് ഉടമയായ ബിയാട്രിസ് ചെപ്കോച്ച്, ലോക അണ്ടർ 20 ചാമ്പ്യൻ ഫെയ്ത്ത് ചെറോട്ടിച്ച്, കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ ജാക്ക്ലൈൻ ചെപ്കോച്ച് എന്നിവരടങ്ങിയ കെനിയൻ താരങ്ങളെയാണ് യാവി അട്ടിമറിച്ചത്. ചെപ്കോച്ച്, ചെറോട്ടിച്ച് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജാക്ക്ലിൻ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അടുത്ത മാസം ചൈനയിലെ ഹാങ്ചോയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലും യാവി ബഹ്റൈനെ പ്രതിനിധാനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

