കടകളിൽ തൊഴിലാളികൾ ഉറങ്ങുന്നത് അപകടകരം: നടപടി ശക്തമാക്കാൻ മുനിസിപ്പൽ കൗൺസിൽ
text_fieldsമനാമ: സ്ഥാപനങ്ങളിൽ തൊഴിലാളികൾ ഉറങ്ങുന്നതിനെതിരെ സൗത്തേൺ മുനിസിപ്പൽ കൗൺസിലർമാർ അടിയന്തര മുന്നറിയിപ്പ് നൽകി. തീപിടിത്ത സാധ്യത, ആരോഗ്യപരമായ വെല്ലുവിളികൾ, മുനിസിപ്പൽ-തൊഴിൽ നിയമലംഘനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയും ഇത്തരം പ്രവണത വർധിക്കുന്നതിനുള്ള തെളിവുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലുമാണ് മുന്നറിയിപ്പ്. റസ്റ്റാറന്റുകൾ, കഫേകൾ, ബേക്കറികൾ, അലക്കുശാലകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ബുക്ക്ഷോപ്പുകൾ, സ്റ്റേഷനറി ഷോപ്പുകൾ തുടങ്ങി വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പ്രവാസി തൊഴിലാളികൾ രാത്രി ചെലവഴിക്കുന്നതായി നിരവധി പരാതികൾ ലഭിച്ചതായി സൗത്തേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ഇതൊരു വലിയ അപകടമാണ്, തൊഴിലാളികൾ അപകടങ്ങൾക്കും ദുരന്തങ്ങൾക്കും ഇരയാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യ സ്ഥാപനങ്ങളിൽ മാത്രമല്ല ഈ പ്രശ്നമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചില പ്രൈവറ്റ് സ്കൂളുകളിലെ തൊഴിലാളികൾ ക്ലാസ് മുറികൾക്കുള്ളിൽ ഉറങ്ങുന്നതായി വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമുഅ കഴിഞ്ഞ മാസം പാർലമെന്റിൽ വെളിപ്പെടുത്തിയത് എംപിമാരെ ഞെട്ടിക്കുകയും സുരക്ഷാ ആശങ്കകൾ ഉയർത്തുകയും ചെയ്തിരുന്നു. റെസ്റ്റാറന്റുകളിലും കഫേകളിലും ഗ്യാസ് സിലിണ്ടറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഓവനുകൾ, എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ എന്നിവയുണ്ട് പ്രവർത്തന സമയത്തിനുശേഷം ഇവ ശ്രദ്ധിക്കപ്പെടാതെ കിടന്നാൽ അപകടങ്ങൾ ഉണ്ടാകാമെന്നും കേണൽ അബ്ദുല്ലത്തീഫ് മുന്നറിയിപ്പ് നൽകി. ദുരന്തങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി സൗത്തേൺ മുനിസിപ്പൽ കൗൺസിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് ഒരു സംയുക്ത കർമപദ്ധതിക്ക് രൂപം നൽകുകയാണ്. ആരോഗ്യ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റീസ് കാര്യ-കൃഷി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ചാകും പരിശോധനകൾ നടത്തുക. താമസസ്ഥലങ്ങളായി ഉപയോഗിക്കുന്നു എന്ന് സംശയിക്കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് അപ്രതീക്ഷിത പരിശോധനാ കാമ്പയിനുകൾ നടത്തും. തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ താമസിക്കുന്നതിന് പിന്നിൽ അവരുടെ താമസരേഖകൾ വ്യാജമാണോ എന്നതിലേക്ക് വിരൽചൂണ്ടുന്നുവെന്ന് കൗൺസിൽ സാമ്പത്തിക, ഭരണപര, നിയമനിർമാണ സമിതി ചെയർമാൻ അലി അൽ ശൈഖ് വ്യക്തമാക്കി.
ദുരന്തം സംഭവിക്കാൻ ഞങ്ങൾ കാത്തിരിക്കില്ല. ഈ ജോലിസ്ഥലങ്ങൾ ഉറങ്ങാനോ താമസിക്കാനോ വേണ്ടി രൂപകൽപന ചെയ്തവയല്ല. ഇത് നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ നടപടിയാണെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. തൊഴിലാളികൾക്ക് ശരിയായ താമസ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും സ്ഥാപനങ്ങൾ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

