തൊഴിൽ വിസ ലംഘനം; കമ്പനികൾക്കും തൊഴിലാളികൾക്കും ഇളവുകൾ
text_fieldsമനാമ: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്ന രീതിയിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന നിയമഭേദഗതിയെ എതിർത്തുള്ള നിർദേശത്തെ എം.പിമാർ പാർലമെന്റിൽ പാസാക്കി. എൽ.എം.ആർ.എ, ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) എന്നിവരുടെ ശക്തമായ താക്കീതുകളെ അവഗണിച്ചാണ് എം.പിമാർ പദ്ധതിയെ എതിർത്തത്.
നേരത്തേ നിയമം ശൂറ കൗൺസിലിന് തുടർനടപടികൾക്കായി വിട്ടതായിരുന്നു. ആ വേളയിലാണ് പിൻവലിക്കണമെന്ന പുതിയ നിർദേശവുമായി എം.പിമാർ രംഗത്തെത്തിയത്. പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കുകയും ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യുമായിരുന്നു.
കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ മറ്റു കമ്പനികളുടെ പെർമിറ്റോ ഉള്ള തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് 1,000 ദീനാറാണ് നിലവിൽ പിഴ. ഇത് 500 ദീനാറായി കുറക്കുകയും ചെയ്യുന്നതായിരുന്നു നിയമം. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. പിന്നീട് പാർലമെന്റ് അംഗീകാരം ലഭിച്ചതിനെ തുടർന്ന് ശൂറ കൗൺസിലിന് വിടുകയായിരുന്നു. എന്നാൽ, സ്വദേശികളുടെ തൊഴിൽ സാധ്യതകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയാണ് എം.പിമാർ നിയമത്തെ എതിർത്ത് വീണ്ടും പാർലമെന്റിൽ ഉന്നയിച്ചത്.
എന്നാൽ, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ചെലവ് കൂടുന്നതിലൂടെ തൊഴിലുടമകളെ ബഹ്റൈനി തൊഴിലാളികളെ മാത്രം ആശ്രയിക്കുന്നതിലേക്ക് നയിക്കുമെന്ന് എൽ.എം.ആർ.എ ചൂണ്ടിക്കാട്ടി. രാജ്യത്തെ പല വിദഗ്ധ ജോലികളും വിദേശികളുടെ വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പദ്ധതി നടപ്പാക്കുന്നത് ഇത്തരം മേഖലകളിൽ നിലവാരത്തകർച്ചക്കും അതുവഴി കാര്യക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥക്കും കാരണമാകുമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

