തൊഴിൽ വിസ ഫീസുകൾ ആറുമാസത്തേക്ക് ഒഴിവാക്കണം: അടിയന്തര പ്രമേയം സമർപ്പിച്ച് എംപിമാർ
text_fieldsമനാമ: രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്പനികൾ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഈടാക്കുന്ന എല്ലാ ഫീസുകളും ആറുമാസത്തേക്ക് പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം സമർപ്പിച്ചു. എം.പി അബ്ദുൽ വാഹിദ് ഖരാത്തയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുക, പുതുക്കുക, സ്പോൺസർഷിപ്പ് മാറ്റം, റെസിഡൻസി റിന്യൂവൽ, റിക്രൂട്ട്‌മെന്റ് ഫീസുകൾ തുടങ്ങി എൽ.എം.ആർ.എ വഴി നൽകുന്ന എല്ലാ സേവനങ്ങളുടെയും തുക ആറുമാസത്തേക്ക് ഒഴിവാക്കണം തുടങ്ങിയവയാണ് പ്രധാനമായും നിർദേശത്തിലുള്ളത്.
കൂടാതെ, കമ്പനികൾ മുൻപ് നൽകാനുള്ള തുകകൾ പിഴയോ പലിശയോ ഇല്ലാതെ അടച്ചുതീർക്കാൻ സാവകാശം നൽകണമെന്നും സാമ്പത്തിക സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ഈ ഇളവ് നീട്ടിനൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ് ഈ ഇളവ് പ്രധാനമായും ഗുണകരമാവുക.
രാജ്യത്തെ പ്രധാന വ്യാപാര മേഖലകളിൽ 40 മുതൽ 60 ശതമാനം വരെ വരുമാന ഇടിവ് ഉണ്ടായതായി എം.പിമാർ ചൂണ്ടിക്കാട്ടി. നിർമ്മാണ മേഖല, വിനോദസഞ്ചാരം, റീട്ടെയിൽ, ലോജിസ്റ്റിക്സ് എന്നീ മേഖലകളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. സാമ്പത്തിക ബാധ്യത മൂലം ആയിരക്കണക്കിന് സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഈ നടപടി അത്യാവശ്യമാണ്.
ഉയർന്ന തൊഴിൽ ചെലവ്, വൈദ്യുതി-വെള്ളം ബില്ലുകൾ, വാടക, അന്താരാഷ്ട്ര ഷിപ്പിംഗ് നിരക്കുകൾ എന്നിവ കാരണം പല കമ്പനികളും അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്ന് എം.പിമാർ വിശദീകരിച്ചു.
ഒരു ഇടത്തരം കമ്പനിക്ക് വർഷം തോറും ലക്ഷക്കണക്കിന് ദീനാർ ഫീസ് ഇനത്തിൽ നൽകേണ്ടി വരുന്നുണ്ട്. ഈ ഭാരം താൽക്കാലികമായി നീക്കുന്നത് വഴി നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകാനും സമ്പദ്‌വ്യവസ്ഥയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും സാധിക്കുമെന്ന് എം.പിമാർ തങ്ങളുടെ കുറിപ്പിൽ വ്യക്തമാക്കി. ഫീസ് ഇനത്തിൽ സർക്കാറിനുണ്ടാകുന്ന വരുമാന നഷ്ടത്തേക്കാൾ വലുതാണ് തൊഴിലില്ലായ്മയും ബിസിനസ് തകർച്ചയും മൂലമുണ്ടാകുന്ന സാമൂഹിക ആഘാതമെന്നും അവർ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

