പുസ്തകങ്ങളുടെ അത്ഭുത പ്രപഞ്ചമിവിടെ, കേരളീയ സമാജത്തിൽ
text_fields‘കാലം സാക്ഷി’ കവർപേജ്
മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ മുതൽ എം.എം. ലോറൻസിന്റെ വിവാദ ആത്മകഥ ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ അടക്കമുള്ള പുസ്തകങ്ങളുടെ നീണ്ട നിരയാണ് കേരളീയ സമാജത്തിൽ വായനക്കാരെ കാത്തിരിക്കുന്നത്. ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയാണ് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വ്യത്യസ്ത വിഭാഗങ്ങളിലെ പുസ്തകനിരയുമായി ജനശ്രദ്ധ ആകർഷിക്കുന്നത്.
കേരളരാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയ രാഷ്ട്രീയനേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ആത്മകഥ തയാറാക്കിയത് മുതിർന്ന പത്ര പ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമാണ്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്സാക്ഷിവിവരണം കൂടിയാണ് ‘കാലം സാക്ഷി’ എന്നാണ് നടൻ മമ്മൂട്ടി പുസ്തകത്തെപ്പറ്റി പറഞ്ഞത്. മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ വി.എസ്. അച്യുതാനന്ദനെതിരെ രൂക്ഷവിമർശനമാണ് ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ എന്ന പുസ്തകത്തിലൂടെ മുതിർന്ന നേതാവായ എം.എം. ലോറൻസ് നടത്തിയത്. രണ്ട് പുസ്തകങ്ങളും പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദമായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ യുടെ ബഹ്റൈൻതല പ്രകാശനം ഞായറാഴ്ച വൈകീട്ട് 7.30ന് നടക്കും.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പുസ്തകം പ്രകാശനം ചെയ്യും. മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി ഏറ്റുവാങ്ങും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ഷെഫ് സുരേഷ് പിള്ള ജീവിതത്തെയും പാചകത്തെയും കുറിച്ച് മുഖാമുഖത്തിൽ സംസാരിക്കും.
ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പരിമിതമായ കോപ്പികളാണുള്ളത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, കൺവീനർമാരായ പ്രശാന്ത് മുരളീധർ 33355109, ബിനു വേലിയിൽ 39440530 എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

