സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കാൻ കടകളിൽ സ്ത്രീകൾ മതി
text_fieldsമനാമ: സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റ് ഉൽപന്നങ്ങളും വിൽക്കുന്ന കടകളിൽ പുരുഷ ജീവനക്കാരെ നിയമിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.സാധനങ്ങൾ വാങ്ങാനെത്തുന്ന സ്ത്രീകളുടെ അസ്വസ്ഥതകളെ മാറ്റിയെടുക്കാനും സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ നൽകാനുമുള്ള നിർദേശം മുഹറഖ് മുനിസിപ്പൽ കൗൺസിലാണ് മുന്നോട്ടു വെച്ചത്.
വസ്ത്രങ്ങൾ, തയ്യൽ, അനുബന്ധ സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന നിർദേശം കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച് കൂടുതൽ പഠനത്തിനായി വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു കൈമാറിയിരിക്കുകയാണ്. ഇത്തരം കടകളിൽ ഇപ്പോഴും പുരുഷ ജീവനക്കാരുള്ളത് ചില വനിത ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ അഭിപ്രായപ്പെട്ടു.
റീട്ടെയിൽ മേഖലയിൽ ധാരാളം യോഗ്യതയുള്ള സ്ത്രീകൾ ജോലി അന്വേഷിക്കുന്നുണ്ട്.
എന്നാൽ, ചില തൊഴിലുടമകൾ പ്രസവാവധി പോലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി പുരുഷന്മാരെ നിയമിക്കാൻ താൽപര്യം കാണിക്കുന്നു. ഇത് വിവേചനമാണെന്നും അൽ നാർ പറഞ്ഞു.2017ൽ സമാനമായ ഒരു നിർദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ മുന്നോട്ടുവെച്ചെങ്കിലും അന്നത്തെ മന്ത്രിസഭ അത് തള്ളിയിരുന്നു. ഈ നിർദേശം അംഗീകരിക്കപ്പെട്ടാൽ, ബഹ്റൈനിലെ വനിത കേന്ദ്രീകൃത കടകളിലെ ജീവനക്കാരുടെ നിയമനത്തിൽ ഒരു പുതിയ നയത്തിന് ഇത് തുടക്കം കുറിച്ചേക്കാം.
പുരുഷന്മാരെ ഒഴിവാക്കുകയല്ല, മറിച്ച് അർഹരായ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ നൽകി അവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്ന് അൽ നാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

