മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ്ങിനിടെ അപകടം; ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ യുവതിക്ക് ആറുമാസം തടവ്
text_fieldsമനാമ: മൊബൈൽ ഫോണിൽ ശ്രദ്ധിച്ച് അശ്രദ്ധമായി വാഹനമോടിച്ച് ശുചീകരണ തൊഴിലാളിയുടെ മരണത്തിന് കാരണക്കാരിയായ യുവതിക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതിനായി 100 ദീനാർ ജാമ്യത്തുക കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.
2025 ജൂലൈ 14ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. അശ്രദ്ധയോടെ കാർ ഓടിച്ചെത്തിയ യുവതി തെരുവിൽ മാലിന്യം നീക്കം ചെയ്യുന്ന കാർട്ട് തള്ളിക്കൊണ്ടുപോവുകയായിരുന്ന ശുചീകരണ തൊഴിലാളിയെ ഇടിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ ശ്രദ്ധിക്കുകയും വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ വാഹനമോടിക്കുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.ശരിയായ ശ്രദ്ധ നൽകാതെ വാഹനം ഓടിച്ച പ്രതിയുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ട്രാഫിക് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനം ഓടിച്ചപ്പോൾ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞിരുന്നുവെന്നും കാൽനടയാത്രികരുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിലാണ് ഡ്രൈവർ വാഹനം ഓടിച്ചതെന്നും കണ്ടെത്തി.
തനിക്ക് റോഡിനെക്കുറിച്ച് നന്നായി അറിയാമെന്നും ശ്രദ്ധിച്ചിരുന്നുവെന്നും പറഞ്ഞ് പ്രതി തെറ്റ് നിഷേധിച്ചു. എന്നാൽ, അപകടത്തിന് പ്രധാന കാരണം ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗത്തിലുള്ള ശ്രദ്ധക്കുറവാണെന്ന് തെളിവുകൾ സ്ഥിരീകരിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

