വാക പൂത്തതറിയാതെ
text_fieldsരമ്യ മിത്രപുരം
എന്നത്തേയും പോലെ അന്നും അയാൾ തന്റെ പ്രണയിനിക്കുള്ള സമ്മാനപ്പൊതിയുമായി വാകമരച്ചുവട്ടിൽ എത്തി. അവനെ മാത്രം പ്രതീക്ഷിച്ചു നിൽക്കുന്ന അവൾക്കരികിലെത്താൻ മനസ്സുവെമ്പി. തന്റെ പ്രിയയോടൊപ്പം കുറെ സംസാരിച്ചിരിക്കണം എന്നൊക്കെ വിചാരിച്ച് അവൻ എന്നും കാണുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങി.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് അവൻ അതിൽ നിന്നിറങ്ങി ചുറ്റും അവളെ പരതി. അവളെ അവിടെയെങ്ങും കാണുന്നില്ല. പതിവിലും വിപരീതമായി അന്ന് വാകമരം നിറയെ പൂവിട്ടിരുന്നു, ഒരു ഇലപോലും കാണാത്തവിധം.
അവൻ കുറേ നേരം പ്രിയ വരും എന്ന് കരുതി അവിടെത്തന്നെ നിന്നു. നേരം സന്ധ്യയോടടുത്തു. അവളെ തിരക്കി വീടുവരെ പോയാലോ എന്ന് വിചാരിച്ചു. പ്രിയയുടെ നിർദേശാനുസരം അവൻ അവൾക്ക് ഒരു വാക്ക് കൊടുത്തിരുന്നു. ഒരിക്കലും തന്നെ തേടി വീട്ടിൽ വരരുതെന്നും വാകമരച്ചുവട്ടിൽ വെച്ച് മാത്രം കാണാമെന്നുമായിരുന്നു ആ ഉടമ്പടി. അത് ഇരുവരും മുടക്കിയിട്ടില്ല നാളിതുവരെ.
അങ്ങനെ കുറേ ദിവസങ്ങൾ കടന്നുപോയി. അവൻ അവളെ പ്രതീക്ഷിച്ച് വാകമരച്ചുവട്ടിൽ വന്നുകൊണ്ടേയിരുന്നു. ഒരുദിവസം അവൻ അവൾക്ക് കൊടുത്ത വാക്ക് തെറ്റിച്ചു. പ്രിയയെ കാണാൻ അവളുടെ വീട്ടിൽ ചെന്നു. പടിപ്പുര വാതിൽ തുറന്നുകിടക്കുന്നു. അവൻ അവളുടെ വീടിന്റ മുറ്റത്തേക്ക് കടന്നു. അവിടെ ചാരു കസേരയിൽ കിടക്കുന്ന വൃദ്ധനോട് ചോദിച്ചു.
‘ഇത് പ്രിയയുടെ വീടല്ലേ?’
അയാൾ അവനെ നോക്കി ഉത്തരം നൽകി '
‘ഉവ്വ് എന്താ കാര്യം’
‘ഞാൻ പ്രിയയുടെ സുഹൃത്താണ് അവളെ ഒന്ന് വിളിക്കാമോ?’
അപ്പോൾ ആ പാവം വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞു. അയാൾ പറഞ്ഞു.
‘ഇനി ആര് വിളിച്ചാലും അവൾ വരില്ല' തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് അവൾ യാത്രയായി’
അവന് ഒന്നും മനസ്സിലായില്ല. അവനോട് സംസാരിച്ചത് പ്രിയയുടെ മുത്തച്ഛനായിരുന്നു. അയാൾ ചോദിച്ചു ‘മോന്റെ പേര് എന്താ’ അവൻ രാഹുൽ എന്ന് പറഞ്ഞു. മുത്തച്ഛൻ അകത്തേക്ക് നോക്കി ആരെയോ വിളിച്ചു എന്നിട്ട് ആ കത്ത് ഇങ്ങു കൊണ്ടുവാ എന്ന് പറഞ്ഞു. ഒരു സ്ത്രീ സാരിതുമ്പിനാൽ നിറഞ്ഞ കണ്ണുകൾ തുടച്ച് കത്ത് മുത്തച്ഛനെ ഏൽപ്പിച്ച് തിരിഞ്ഞുനോക്കാതെ മുറിയിലോട്ട് കയറിപ്പോയി. അപ്പോൾ മുത്തച്ഛൻ തുടർന്നു.
‘ഈ കത്ത് രാഹുലിന് തരാൻ എന്റെ മോൾ മരിക്കും മുമ്പ് എഴുതിയതാണ്, ദാ വാങ്ങിച്ചോളൂ’
അവൻ ആ കത്ത് തുറന്ന് വായിക്കാൻ തുടങ്ങി.....
എന്റെ പ്രിയപ്പെട്ട രാഹുൽ, നീ ഈ കത്ത് വായിക്കുമ്പോൾ ഞാൻ ഈ ലോകത്തിൽ തന്നെ കാണും എന്നെനിക്കുറപ്പില്ല. നിന്റെ കൂടെയുള്ള പകലുകളും സന്ധ്യകളും എനിക്ക് എന്നും ആനന്ദമായിരുന്നു. പെട്ടന്നായിരുന്നു എന്റെ ജീവിതത്തിൽ കരിനിഴൽ വീശിയത്, എന്റെ ജീവൻ കാർന്നുതിന്നുന്ന കാൻസർ എന്നോടൊപ്പംതന്നെ വളരുന്നത് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. നിന്നോട് ഞാൻ പറയാഞ്ഞത് നിനക്ക് അത് സഹിക്കാൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ടാണ്. വാകമരം പൂത്തുലയുന്ന രാവുകളിൽ നിന്റെ കൈ പിടിച്ച് ഒരുപാട് നടന്നിട്ടുണ്ട് ഞാൻ. കൂടെ ഇല്ലാത്ത ദിനങ്ങൾ നിനക്ക് വേദന ഉണ്ടാകും എന്നെനിക്കറിയാം. എന്റെ മരിക്കാത്ത ഓർമകൾ എന്നും നിന്നോടൊപ്പമുണ്ടാകും ആ വാകമരത്തണലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

