ബഹ്റൈനിൽ ഡിസംബർ 21 മുതൽ തണുപ്പുകാലം തുടങ്ങുമെന്ന് നിരീക്ഷണം
text_fieldsമനാമ: ബഹ്‌റൈനിൽ ഈ വർഷത്തെ ശൈത്യകാലം ഡിസംബർ 21 ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര നിരീക്ഷകൻ മുഹമ്മദ് റെദാ അൽ അസ്ഫൂർ അറിയിച്ചു. ഇസ്‍ലാമിക മാസമായ റജബ് തുടങ്ങുന്നതും ഇതേ ദിവസമായിരിക്കും. വിശ്വാസികൾ ഏറെ കാത്തിരിക്കുന്ന പുണ്യമാസമായ റമദാൻ ഇത്തവണ പൂർണമായും ശൈത്യകാലത്തായിരിക്കും കടന്നുവരുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇസ്‍ലാമിക കലണ്ടറിലെ റജബ്, ശഅ്ബാൻ, റമദാൻ എന്നീ മൂന്ന് മാസങ്ങളും ഈ വർഷം ശൈത്യകാലത്താണ് വരുന്നത്.
റമദാൻ മാസം പൂർണമായും തണുപ്പുകാലത്തായിരിക്കും. മാർച്ച് 20 വെള്ളിയാഴ്ച ഈദ് അൽ ഫിത്തർ എത്തുന്നതോടെ ശൈത്യകാലം അവസാനിക്കുകയും വസന്തകാലത്തിന് തുടക്കമാവുകയും ചെയ്യും. ഡിസംബർ 21 ബഹ്‌റൈൻ സമയം വൈകുന്നേരം 6:03-നാണ് ശൈത്യകാലം ഔദ്യോഗികമായി ആരംഭിക്കുന്നത്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയുമായിരിക്കും അന്ന് അനുഭവപ്പെടുക.
ഡിസംബർ 20 ശനിയാഴ്ച റജബ് മാസപ്പിറവി ദൃശ്യമാകാൻ പ്രയാസമായിരിക്കും. എന്നാൽ ഡിസംബർ 21 ഞായറാഴ്ച കാലാവസ്ഥ അനുകൂലമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് മാസപ്പിറവി വ്യക്തമായി കാണാൻ സാധിക്കുമെന്ന് അൽ അസ്ഫൂർ വ്യക്തമാക്കി. കടുത്ത ചൂടിൽ നിന്ന് മാറി കുളിർമയുള്ള കാലാവസ്ഥയിൽ റമദാൻ വരുന്നത് വിശ്വാസികൾക്ക് ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

