വിന്റർ ഷെഡ്യൂളായി: കോഴിക്കോട്ടേക്ക് എല്ലാ ദിവസവും എയർ ഇന്ത്യ എക്സ്പ്രസ് സർവിസ്
text_fieldsമനാമ: എയർ ഇന്ത്യ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് നിലവിൽ വരും. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുണ്ട്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും വിമാന സർവിസുണ്ടാകും. മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് ഉണ്ടാകും. ഡൽഹിയിലേക്ക് നിത്യേന സർവിസുണ്ട്.
കോഴിക്കോട്ടേക്ക് നിലവിൽ അഞ്ചു ദിവസമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുള്ളത്. ഇതാണ് എല്ലാ ദിവസവുമായി മാറുന്നത്. മാത്രമല്ല, സർവിസുകൾ രാത്രിയിലാകാനാണ് സാധ്യത. ഇത് യാത്രക്കാർക്ക് പ്രയോജനം ചെയ്യും. കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നിലവിൽ ഡയറക്ട് സർവിസ്. ഇത് നാലായി മാറും. ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ സർവിസ് നിലവിൽ ആറായിരുന്നു. ഇത് നിത്യേനയായി മാറും. സർവിസുകളുടെ സമയവിവരങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കും. കോംപ്ലിമെന്ററി മീൽസ് നിർത്തലാക്കിയതായും അറിയിപ്പ് വന്നിട്ടുണ്ട്.

