ശൈത്യമെത്തുന്നു; ക്യാമ്പിങ് സീസണ് ഒരുക്കം തുടങ്ങി
text_fieldsമനാമ: കോവിഡ് മഹാമാരി സൃഷ്ടിച്ച മൂന്നുവർഷത്തെ ഇടവേളക്കുശേഷം ബഹ്റൈൻ ക്യാമ്പിങ് സീസൺ തിരിച്ചെത്തുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശത്തെത്തുടർന്ന്, ഈ വർഷം നവംബറിൽ ക്യാമ്പിങ് സീസൺ ആരംഭിക്കുമെന്ന് ഹമദ് രാജാവിന്റെ ഹ്യുമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ അറിയിച്ചു. നവംബർ 10 മുതൽ 2024 ഫെബ്രുവരി 29 വരെയായിരിക്കും സീസൺ. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കണമെന്ന് ശൈഖ് നാസർ ബന്ധപ്പെട്ട അധികാരികളോട് നിർദേശിച്ചു.
അതേസമയം പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുകയും ചെയ്യണം. സതേൺ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, ബാപ്കോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ സീസൺ ഒരുക്കുന്നത് 2019 -2020 കാലയളവിലാണ് അവസാനമായി ക്യാമ്പിങ് നടന്നത്.
അന്ന് 2000 പേരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്. അവാലി മുതൽ സാഖിർ വരെയാണ് ക്യാമ്പിങ് നടക്കുക. തണുത്ത കാലാവസ്ഥ ആസ്വദിച്ച് ക്യാമ്പിങ് നടത്താൻ ഇത്തവണയും ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്.
സ്വന്തം ടെന്റുകൾക്കു പുറമെ വാടകക്കും ടെന്റുകൾ ലഭ്യമാണ്. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിക്കാനായാണ് ആയിരങ്ങൾ സീസണിൽ എത്തുന്നത്.
മിനി ടെന്റുകളിൽ താമസിക്കുന്ന അവർ പോർട്ടബിൾ കുക്കിങ് ഗ്യാസ് സ്റ്റൗവ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തു കഴിക്കും. ഇത്തവണ ക്യാമ്പിങ് സൈറ്റ് ഒരുക്കുന്നത് എണ്ണ ഖനന മേഖലയിൽനിന്ന് ദൂരെയാണ്. അതുകൊണ്ടുതന്നെ സുരക്ഷ ഭീഷണിയുണ്ടാവില്ലെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവരിൽനിന്ന് കനത്ത പിഴ ഈടാക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

