ഡെലിവറി ഡ്രൈവർമാർക്ക് ആശ്വാസമേകാൻ നിർമിച്ച ‘ചിൽ സോണുകൾ’ക്കെതിരെ വ്യാപക പരാതി
text_fieldsമനാമ: ഡെലിവറി ഡ്രൈവർമാർക്ക് ആശ്വാസമേകാൻ ബഹ്റൈനിൽ പുതുതായി ആരംഭിച്ച ‘ചിൽ സോണുകൾ’ ക്കെതിരെ വ്യാപക പരാതി. സ്വകാര്യതയെ ഹനിക്കുന്നുവെന്നും സമാധാനം നഷ്ടപ്പെട്ടുവെന്നുമാണ് ചിൽ സോണുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ താമസക്കാർ പറയുന്നത്. താമസക്കാരുടെ വ്യാപകമായ പരാതികളും രാജ്യത്തെ മൂന്ന് മുനിസിപ്പൽ കൗൺസിലുകളിൽ നിന്നുള്ള എതിർപ്പും മൂലം ‘ചിൽ സോണുകൾ’ വികസിപ്പിക്കാനുള്ള പദ്ധതികളും നിലവിൽ തടസ്സപ്പെട്ട അവസ്ഥയിലാണ്.
വേനൽക്കാലത്തെ കനത്ത ചൂടിൽ തളർന്ന ഡ്രൈവർമാർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം, ഫുഡ് ഡെലിവറി സ്ഥാപനമായ തലബാത്തുമായി സഹകരിച്ച് 12 പുതിയ വിശ്രമ കേന്ദ്രങ്ങളാണ് ആരംഭിച്ചത്. എയർ കണ്ടീഷനിങ്, ഇരിപ്പിടങ്ങൾ, സുരക്ഷിതമായ മോട്ടോർസൈക്കിൾ പാർക്കിങ് എന്നിവയോടുകൂടിയ കണ്ടെയ്നറുകളാണ് ഈ ‘ചിൽ സോണു’കളിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇവിടെ ഡ്രൈവർമാർക്ക് തണുത്ത വെള്ളം, ചായ, ലഘുഭക്ഷണങ്ങൾ എന്നിവയും ലഭ്യമാണ്. എന്നാൽ, ഡെലിവറി ഡ്രൈവർമാർക്ക് വലിയ ആശ്വാസമായി കണ്ട ഈ പദ്ധതി, താമസക്കാർക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.സമൂഹത്തിന്റെ ആവശ്യങ്ങൾക്കും തൊഴിലാളികളുടെ ക്ഷേമത്തിനും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥയിലാണ് നിലവിൽ പദ്ധതിയെന്ന് മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ പറഞ്ഞു.
ഡ്രൈവർമാർ തങ്ങളുടെ വീടിന്റെ അടുത്തായി ഇരുന്ന് ചിരിക്കുകയും സംസാരിക്കുകയും മറ്റു വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി താമസക്കാർ പരാതിപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഈ സംരംഭത്തിന് എതിരല്ല, എന്നാൽ, പദ്ധതി ശരിയായ രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള 12 സ്റ്റേഷനുകളും കൗൺസിലുമായി കൂടിയാലോചിക്കാതെയാണ് സ്ഥാപിച്ചതെന്നും അൽ നാർ സ്ഥിരീകരിച്ചു. നിലവിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ മാറ്റി സ്ഥാപിക്കാൻ പറ്റുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
പൊതുജനങ്ങളുടെ എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ മാറ്റി സ്ഥാപിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ഘട്ടത്തിനുള്ള പദ്ധതികൾ ഇതിനകം നിർത്തിവെച്ചിട്ടുണ്ടെന്നും, മുന്നോട്ടുപോകുന്നതിനുമുമ്പ് ഉത്തരവാദപ്പെട്ടവർ തങ്ങളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയെക്കുറിച്ച് അറിയിക്കാത്തതിലുള്ള നിരാശ മറ്റ് മുനിസിപ്പൽ പ്രതിനിധികളും അറിയിച്ചു. ഈ പദ്ധതിയുടെ ഒരു ഭാഗത്തും ഞങ്ങൾക്ക് പങ്കില്ലായിരുന്നിട്ടും പൊതുജനങ്ങൾ ഞങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും നിലവിലുള്ള 12 കണ്ടെയ്നറുകളുടെയും ലൊക്കേഷനുകൾ പുനർമൂല്യനിർണയം നടത്താനും കൗൺസിലുകൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

