വിസയുടെ ഫീസ് ആരാണ് നൽകേണ്ടത്?
text_fields1. കഫറ്റീരിയ, കോൾഡ് സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോട് സ്ഥാപന ഉടമകൾ വിസയുടെ ഫീസ് വാങ്ങുന്നത് ശരിയാണോ? തൊഴിലാളിയാണോ തൊഴിലുടമയാണോ ഇൗ തുക വഹിക്കേണ്ടത്?
2. തൊഴിലാളികൾ വരുമ്പോഴും നാട്ടിൽ പോകുമ്പോഴുമുള്ള വിമാന ടിക്കറ്റ് ചാർജ് തൊഴിലുടമ തൊഴിലാളിക്ക് നൽകേണ്ടതല്ലേ?
3. രണ്ടു വർഷം കഴിഞ്ഞ് നാട്ടിൽ പോയി വരുന്ന തൊഴിലാളികൾക്ക് ലീവ് സാലറിക്ക് അർഹത ഉണ്ടോ.?
4. കഫറ്റീരിയ, കോൾഡ് സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങളിൽ 12ഉം 15ഉം മണിക്കൂർ വരെ പണിയെടുപ്പിക്കുന്നുണ്ട്. വർഷത്തിൽ ഒരുദിവസം പോലും ലീവ് കൊടുക്കാതെ തൊഴിലാളികളെ കൊണ്ട് തൊഴിലെടുപ്പിക്കുകയാണ്. ബഹ്റൈൻ നിയമപ്രകാരം ഈ സ്ഥാപനങ്ങളിലെ ജോലി ടൈം എത്ര മണിക്കൂർ ആണ്? ആഴ്ചയിലോ മാസത്തിലോ ലീവ് ഉണ്ടോ?
5. ലീവിന് പോയി മടങ്ങിവരുന്ന തൊഴിലാളികളുടെ എയർപോട്ടിലെ കോവിഡ് ടെസ്റ്റ് ഫീസായ 36 ദീനാർ തൊഴിലാളിയാണോ തൊഴിലുടമയാണോ അടക്കേണ്ടത്?
അൻവർ കുറ്റ്യാടി
1. ഒരു തൊഴിലാളിക്കുവേണ്ടി കൊടുക്കേണ്ട എല്ലാ സർക്കാർ ഫീസുകളും അതയത്, വിസ ഫീസ്, എൽ.എം.ആർ.എ പ്രതിമാസ ഫീസ്, സോഷ്യൽ ഇൻഷുറൻസ് എന്നിവ തൊഴിലുടമയാണ് നൽകേണ്ടത്. ഇൗ ആവശ്യങ്ങൾക്ക് തൊഴിലാളിയിൽനിന്ന് പണം ഇൗടാക്കാൻ പാടില്ല. തൊഴിലില്ലായ്മക്കുള്ള ഇൻഷുറൻസായി ശമ്പളത്തിെൻറ ഒരു ശതമാനം തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ച് സോഷ്യൽ ഇൻഷുറൻസിൽ അടക്കണം. ഇത് ബഹ്റൈനിൽ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികൾക്കും ബാധകമാണ്. വീടുകളിൽ ജോലി ചെയ്യുന്നവർക്ക് സോഷ്യൽ ഇൻഷുറൻസ് ബാധകമല്ല.
2. നാട്ടിൽ പോകുന്നതിനും വരുന്നതിനുമുള്ള വിമാന ടിക്കറ്റിെൻറ കാര്യം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാറിെൻറ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. പക്ഷേ, തൊഴിൽ കരാർ പൂർത്തിയായി തൊഴിലാളിയെ തിരികെ നാട്ടിൽ വിടുന്നതിനുള്ള ടിക്കറ്റ് തുക നൽകണമെന്ന് എൽ.എം.ആർ.എ നിയമത്തിൽ പറയുന്നുണ്ട്. തൊഴിലാളി ഇവിടെ വേറെ ജോലി കിട്ടി മാറിയാൽ ഇൗ നിയമം ബാധകമല്ല. അതുപോലെ, തൊഴിലാളി ജോലി മതിയാക്കി തിരികെ പോവുകയാണെങ്കിലും തൊഴിലുടമ ടിക്കറ്റ് നൽകണമെന്ന് നിയമം ഇല്ല.
3. ഒരു തൊഴിലാളിക്ക് ഒരു വർഷം 30 ദിവസത്തെ വാർഷിക അവധി ലഭിക്കാൻ അർഹതയുണ്ട്. അതായത്, ജോലി ചെയ്യുന്ന ഒാരോ മാസവും രണ്ടര ദിവസത്തെ ശമ്പളത്തോടെയുള്ള അവധി ലഭിക്കും. രണ്ടു വർഷം ജോലി ചെയ്താൽ 60 ദിവസത്തെ അവധി ലഭിക്കണം.
4. തൊഴിൽ നിയമപ്രകാരം ഒരു ദിവസം എട്ടു മണിക്കൂറാണ് തൊഴിൽ സമയം. ആഴ്ചയിൽ 48 മണിക്കൂർ. അതിൽ കൂടുതൽ സമയം തൊഴിൽ ചെയ്യുകയാണെങ്കിൽ ഒാവർ ടൈം അലവൻസ് നൽകണം. എത്രമണിക്കൂർ ഒാവർടൈം ചെയ്യാം, അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ എത്ര ഒാവർടൈം നൽകണം എന്നിവയെല്ലാം തൊഴിൽ നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. വീടുകളിൽ ജോലി ചെയ്യുന്നവർക്ക് ഇൗ വ്യവസ്ഥകൾ ബാധകമല്ല.
5. കോവിഡ് ടെസ്റ്റിെൻറ കാര്യത്തിൽ വ്യക്തമായ നിയമം ഉള്ളതായി അറിയില്ല. സാധാരണ തൊഴിലുടമയാണ് നൽകേണ്ടത്. കോവിഡ് സംബന്ധമായ കാര്യങ്ങൾ ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ടായതാണ്. സർക്കാർ പലപ്പോഴും വ്യക്തമായ നിർദേശങ്ങൾ നൽകുന്നുണ്ട്. ക്വാറൻറീൻ സമയത്ത് സിക്ക് ലീവ് നൽകണമെന്ന് നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

