ഗാന്ധിയെ വധിച്ചപ്പോൾ ആർ.എസ്.എസ് ലഡു വിതരണം ചെയ്തു -ടി. പത്മനാഭൻ
text_fieldsപ്രിയദർശിനി മിഡിലീസ്റ്റ് ചാപ്റ്റർ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: മഹാത്മാ ഗാന്ധിയെ വധിച്ചപ്പോൾ മംഗലാപുരത്ത് ആർ.എസ്.എസ് ലഡു വിതരണം ചെയ്തെന്നും അന്ന് മംഗലാപുരത്ത് വിദ്യാർഥിയായിരുന്ന താൻ ഇതിന് സാക്ഷിയാണെന്നും എഴുത്തുകാരൻ ടി. പത്മനാഭൻ. പ്രിയദർശിനി മിഡിലീസ്റ്റ് ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിടെ വലിയ സമ്മേളനം നടന്നപ്പോൾ പ്രസംഗിക്കാൻ വന്നത് ഗോൾ വാൾക്കറാണ്.
ഇന്ന് ഗാന്ധി എങ്ങനെയൊക്കെയോയാണ് മരിച്ചതെന്ന് കഥ മെനയാൻ ശ്രമിക്കുന്നവരൊക്കെ ഇതറിയണം. അന്ന് താൻ മാതൃഭൂമിയിൽ ‘ഒരു കൂമ്പ് കൂടി അടയുന്നു’ എന്ന പേരിൽ കഥ എഴുതി. അതാണ് തന്റെ ആദ്യത്തെ രാഷ്ട്രീയ കഥയെന്നും പത്മനാഭൻ പറഞ്ഞു. താൻ ചിറക്കൽ താലൂക്ക് വിദ്യാർഥി കോൺഗ്രസ് സെക്രട്ടറിയായിരുന്നു.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ചുവരിൽ എഴുതിയതിന് തന്നെ പൊലീസ് പിടികൂടി പ്രായപൂർത്തിയാകാത്തതു കൊണ്ട് ജയിലിൽ അടക്കാതെ വിട്ടു. പിണറായി അടുത്ത സുഹൃത്താണ്. കോടിയേരിയും അടുത്ത ബന്ധമുള്ള നേതാവായിരുന്നു. അതുകൊണ്ട് അവർ ചെയ്യുന്നതെല്ലാം ശരിയാണെന്ന് പറയാനാകില്ല. കേളപ്പജിയാണ് എന്റെ വിഗ്രഹം. അത് കഴിഞ്ഞാൽ പി. കൃഷ്ണപിള്ള ഉപ വിഗ്രഹമാണ്.
മോഷണം തൊഴിലാക്കിയവൻ വരെ ഗാന്ധിയനായി വേഷം കെട്ടുന്ന കാലമാണിത്. അതുകൊണ്ട് കോൺഗ്രസാണെങ്കിലും താൻ ഗാന്ധിയനല്ലെന്നും ടി. പത്മനാഭൻ പറഞ്ഞു. കോൺഗ്രസുകാർ എഴുത്തും വായനയും ശീലിപ്പിക്കാൻ ഒരു പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങിയത് മഹത്തായ കാര്യമാണ്. എഴുത്തുകാർക്ക് ആദ്യം വേണ്ടത് ഭാഷയാണ്. ഇന്ന് ചാനലുകളിലെ അന്തി ചർച്ച ഭാഷയെ വികലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു അധ്യക്ഷനായിരുന്നു. യുവ എഴുത്തുകാരൻ ജേക്കബ് എബ്രഹാം എഴുതിയ ‘ബർണ്ണശേരിയിലെ ചട്ടക്കാരികൾ’ എന്ന പുസ്തകം അദ്ദേഹം ഡോ. മൻസൂർ പള്ളൂരിന് നൽകി പ്രകാശനം ചെയ്തു. പ്രിയദർശിനി പുസ്തക ക്ലബ് എം. വിൻസെന്റ് എം.എൽ. എ ഉദ്ഘാടനം ചെയ്തു.
ടി പത്മനാഭനെ കുറിച്ച് സംവിധായകനും തിരക്കഥ കൃത്തുമായ സുസ്മേഷ് ചന്ദ്രോത്ത് നിർമിച്ച ഫീച്ചർ ഫിലിം ‘നളിനകാന്തി’ പ്രദർശനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാൽ, പ്രിയദർശിനി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് സെയ്ത് എം.എസ്, മിഡിലീസ്റ്റ് ചാപ്റ്റർ കോഓഡിനേറ്റർ സഞ്ജു പിള്ള, പി.വി. രാധാകൃഷ്ണ പിള്ള, രാജു കല്ലുമ്പുറം, നൗഫൽ പാലക്കാടൻ, ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗിൽബർട്ട് ജോൺ, ജോൺ കോശി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

