വെബ്സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിക്കും-അജിത്ത് കൊളാശ്ശേരി
text_fieldsമനാമ: നോർക്ക റൂട്ട്സ് പുറത്തിറക്കിയ പുതിയ വെബ്സൈറ്റിലെ നടപടിക്രമങ്ങൾക്കെതിരെ ഉയർന്ന പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകി സി.ഇ.ഒ അജിത്ത് കൊളാശ്ശേരി. ‘ഗൾഫ് മാധ്യമം’ കഴിഞ്ഞ ദിവസം നോർക്ക വെബ്സൈറ്റിലെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി വാർത്ത നൽകിയിരുന്നു. ബഹ്റൈൻ കേരളീയ സമാജത്തിൽ ഓപൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ സാഹചര്യത്തിലാണ് വിഷയം ചർച്ചയായതും പ്രശ്ന പരിഹാരത്തിന് മാർഗങ്ങൾ സ്വീകരിക്കാമെന്നും അജിത്ത് കൊളാശ്ശേരി ഉറപ്പു നൽകിയത്.
ഒന്നരമാസം മുമ്പ് നോർക്ക പുറത്തിറക്കിയ പുതിയ സൈറ്റാണ് ഉപയോഗിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെന്ന് പ്രവാസികൾ പരാതി അറിയിച്ചിരുന്നത്. പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയത് ഏറെ പ്രയാസത്തിലാക്കിയിരുന്നു. പുതിയ നിർദേശ പ്രകാരം സൗകര്യപ്പെടുന്ന (മൊബൈൽ നമ്പർ വഴി വരുന്നതോ, ഇ-മെയിൽ വഴി വരുന്നതോ) ഒരു ഒ.ടി.പി മാത്രം പരിഗണിച്ചാൽ മതിയാകും.
കൂടാതെ എൻ.ആർ.ഒ അക്കൗണ്ട് ആവശ്യപ്പെടുന്ന നിർബന്ധിത രീതിയും ഒഴിവാക്കിയേക്കും. ഇതിനെക്കുറിച്ച് വെബ്സൈറ്റുമായി ബന്ധപ്പെട്ട വിദഗ്ധരുമായി ചർച്ച ചെയ്തെന്നും വേണ്ട പരിഹാര മാർഗം വൈകാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക ഡയറക്ടർമാരെ പരിഗണിക്കുന്നതിനായി ജി.സി.സിയിൽ നിന്ന് പ്രമുഖരായ ചിലരെ പരിഗണിക്കുന്നുണ്ട്.
ഒരു രാജ്യത്തുനിന്ന് ഒരാൾ എന്ന തീരുമാനം ഉണ്ടാവില്ല. തെരഞ്ഞെടുക്കുന്ന ഡയറക്ടർമാർ എല്ലാ ജി.സി.സി രാജ്യങ്ങളുടെയും പ്രതിനിധിയായിരിക്കും. ബഹ്റൈനിൽ നിലവിൽ ഒരു നോർക്ക ലീഗൽ കൺസൽട്ടന്റിന്റെ ഒഴിവുണ്ടെന്നും അതിനുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ നടന്നുവരുകയാണെന്നും പെൻഷൻ അടവ് തെറ്റിയവർക്ക് വരുന്ന ഭീമമായ പിഴത്തുകയിൽ ഇളവ് വരുത്താനായി പ്രവാസി വെൽഫെയർ ബോർഡിൽ വിഷയം അവതരിപ്പിക്കാമെന്നും
അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

