സംഘർഷകാലത്തെ അതിജീവിക്കാം മനസ്സിനെ പാകപ്പെടുത്താം
text_fieldsഡോ. അമൽ എബ്രഹാം
( മനോരോഗ വിദഗ്ദ്ധൻ,
കിംസ്ഹെൽത്ത് ഹോസ്പിറ്റൽ)
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബഹ്റൈനടക്കം ഗൾഫ് രാജ്യങ്ങളിലുള്ളവർ കടന്നു പോകുന്നത് ഒരു പ്രത്യേക മാനസികാവസ്ഥയിലാണ്. ആശങ്കയും ഭീതിയും അതിലുപരി അനാവശ്യ പിരിമുറുക്കവും പ്രവാസികളടക്കമുള്ളവരെ വലയ്ക്കുന്നുണ്ട്. വലിയ സ്ഫോടന ശബ്ദങ്ങളും, കാഴ്ചകളും, വാർത്തകളും എങ്ങനെയെല്ലാമാണ് ഇത്തരക്കാരെ ബാധിച്ചിരിക്കുന്നത്. സംഘർഷകാലത്തെ മാനസികാരോഗ്യത്തെ കുറിച്ചും, ആശങ്ക മറികടക്കാനുള്ള ഉപാധികളും, പരിഹാര മാർഗങ്ങളും പറയുകയാണ് പ്രമുഖ മനോരോഗ വിദഗ്ദ്ധനും കിംസ്ഹെൽത്ത് ഹോസ്പിറ്റൽ ഡോക്ടറുമായ ഡോ. അമൽ എബ്രഹാം.
ജനങ്ങളിലുണ്ടാക്കുന്ന ഭീതി
നിലവിൽ ബഹ്റൈനിൽ നിലനിൽക്കുന്ന സാഹചര്യം എന്നു പറയുന്നത് മനുഷ്യ നിർമിത സംഘർഷമാണ്. ഇത്തരത്തിൽ ഏതൊരു മനുഷ്യ നിർമിത ദുരന്തത്തിനും മാനസികവും ശാരീരികവും സാമൂഹികവുമായ ആഘാതം സമൂഹത്തിലുണ്ടാക്കാൻ കഴിയും. പ്രതിസന്ധി തുടങ്ങിയ ശേഷം നമുക്ക് ഏറ്റവും കൂടുതൽ വരുന്ന കേസുകൾ ഉറക്കം കിട്ടാത്തതിന്‍റെയും സ്ഫോടന ശബ്ദങ്ങൾ കേട്ടതുകൊണ്ടുള്ള അനന്തര ഫലങ്ങളുടേതുമാണ്. നേരത്തെ മാനസിക പ്രശ്നങ്ങളുണ്ടായവരെ ഈ സാഹചര്യം കുറേയേറെ ബാധിച്ചിട്ടുണ്ട്. കൂടാതെ പാനിക് അറ്റാക് പോലുള്ള പ്രശ്നങ്ങളുമായി സമീപിച്ചവരുണ്ട്. കൂടാതെ ജോലി, നാട്ടിലേക്ക് പോകാനുള്ള ത്വര, വിസിറ്റ് വിസയിൽ വന്ന് അകപ്പെട്ടവർ എന്നിവയും പലരെയും മാനസികമായി തളർത്തിയിട്ടുണ്ട്. കുട്ടികളുടെ ഉപരിപഠനത്തെക്കുറിച്ചുള്ള ആശങ്കകളും ഒരു ഭാഗത്തുണ്ട്. ഇതെല്ലാം മാനസികമായി നമ്മെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.
സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം
വ്യക്തിപരമായി മാനസിക പിരിമുറുക്കങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മൾ അറിഞ്ഞിരിക്കണം. അതിൽ നമ്മൾ പിന്തുടരേണ്ട ചില നിത്യജീവിത പ്രവർത്തികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിത്യേനയുള്ള വ്യായാമമാണ്. മിനിമം ഒരു 6000 സ്റ്റപ് നടക്കുന്ന രീതിയിൽ ആഴ്ചയിൽ 5 ദിവസം തന്നെ എങ്കിലും വ്യായാമം വേണം. വ്യായാമം മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും പ്രധാനമാണ്. രണ്ടാമത് കൃത്യമായി ഭക്ഷണം കഴിക്കുക എന്നതാണ്. സിനിമ, പാട്ടുകേൾക്കൾ, പുസ്തകം വായിക്കുക, സ്പോർട്സ് ആക്ടിവിറ്റി തുടങ്ങി എല്ലാ ദിവസവും നമ്മെ സന്തോഷിപ്പിക്കുന്ന ഒരു സമയവും കണ്ടെത്തണം. പ്രശ്നങ്ങളുണ്ടെങ്കിൽ തുറന്നു പറയാൻ മടിക്കരുത്. മാനസിക പിരിമുറുക്കം എന്നത് സാധരണ സംഭവമാണ്. അത് മറച്ചുവെക്കേണ്ട കാര്യമല്ല. നമുക്ക് അനുയോജ്യരായ മനുഷ്യരോട് സംസാരിക്കുന്നത് നല്ലതാണ്. സംസാരിക്കുന്നതിലൂടെ നിങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ ഒരു മനോരോഗ വിദഗ്ദ്ധനെ സമീപിക്കുന്നതാണ് ഉചിതം.
കുട്ടികളെ എങ്ങനെയാണ് സമീപിക്കേണ്ടത്
ഈ പ്രശ്നത്തിൽ കുട്ടികളുടെ കേസ് മുതിർന്നവരുടെ കേസുമായി അൽപ്പം വ്യത്യാസപ്പെട്ടാണ് കാണപ്പെടുക.
കുട്ടികളിൽ ദീർഘകാല ട്രോമകൾക്ക് കാരണമായേക്കാവുന്ന ഒരു സാഹചര്യം കൂടിയാണിത്. അവരുടെ വളർച്ചയെ, സ്വഭാവ രൂപീകരണത്തെ വരെ അത് ബാധിച്ചേക്കാം. നിലവിൽ അവരുടെ നിത്യജീവിത പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യാസം വന്നിട്ടുണ്ട്. സ്കൂളിൽ പേകേണ്ട സമയത്ത് വീട്ടിലിരിക്കേണ്ടി വരുന്നു. ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുന്നു. ചില കുട്ടികളുടെ പരീക്ഷയും മുടങ്ങി. കൂടാതെ ഉപരി പഠനത്തിലെ ആശങ്കൾ മുതിർന്ന കുട്ടികളെ കൂടുതൽ പിരിമുറുക്കത്തിലേക്ക് കൊണ്ടു പോകാൻ സാധ്യതയുണ്ട്. ചെറിയ കുട്ടികളിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ പുതുതായിരിക്കും. അതുകൊണ്ട് തന്നെ അവരിൽ പേടി, ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുനേൽക്കൽ പോലുള്ളവ കണ്ടു വന്നേക്കാം. ഇതെല്ലാം സാധാരണ പ്രശ്നങ്ങളാണ്. ഈ അവസരത്തിൽ സാഹചര്യങ്ങളെ കുറിച്ച് അവർക്ക് മുഴുവനായി പറഞ്ഞു കൊടുത്തില്ലെങ്കിലും പ്രശ്നമില്ല. അവർക്ക് വേണ്ടത് നിങ്ങളുടെ പരിചരണവും സ്നേഹവുമാണ്. അത് കൃത്യമായി ഉണ്ടാവണം.
മുതിർന്ന് കുട്ടികൾക്ക് ഏകദേശ ധാരണ ഉണ്ടായേക്കാം. അവരോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാം. ടെൻഷനും സ്ട്രസ്സും സാധാരണ കാര്യമാണെന്ന കാര്യവും കുട്ടികളെ ബോധ്യപ്പെടുത്തണം. കൂടാതെ നിലവിലെ സാഹചര്യത്തിൽ കുട്ടികളെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ ജോലിക്കോ മറ്റോ പോവരുത്. ഈ സമയത്ത് മാതാപിതാക്കളുടെ സാമീപ്യം കുട്ടികൾക്ക് ആവശ്യമുണ്ട്. അതിന് സാധ്യമാവാത്ത സാഹചര്യത്തിൽ മറ്റു ഉപാധികൾ കാണണം. സോഷ്യൽ മീഡിയയിൽ നിന്നുള്ള തെറ്റായ വിവരങ്ങളിൽ നിന്ന് അവരെ മാറ്റി നിർത്താനും ശ്രദ്ധിക്കണം.
പെട്ടന്ന് കേൾക്കുന്ന ശബ്ദങ്ങളിൽ നിന്നുള്ള പേടിയെ തരണം ചെയ്യാൻ
സൈറൺ, സ്ഫോടനം ശബ്ദം എന്നിവ മനുഷ്യരിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പാനിക് അറ്റാക് അതിന്‍റെ വലിയൊരുദാഹരണമാണ്. നെഞ്ചിടിപ്പ് കൂടുക, ശ്വാസം വേഗത്തിലാവുക, തരിപ്പ്, തലകറക്കം, ശരീരം വിറയ്ക്കുക തുടങ്ങിയ സാഹചര്യത്തിൽ നമുക്ക് തന്നെ സ്വന്തമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങളുണ്ട്. ആ സമയം ദീർഘ ശ്വാസം മൂക്കിലൂടെ എടുത്ത് 4 സെക്കന്‍റ് ഹോൾഡ് ചെയ്ത് വായിലൂടെ പതിയെ പുറത്ത് വിടുന്ന പ്രവർത്തി ചെയ്യാവുന്നതാണ്. ഇതിന് പുറമേ ഗ്രൗണ്ടിങ് ടെക്നിക് ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്. നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളേയും ഉണർത്തുന്നതിനെയാണ് ഗ്രൗണ്ടിങ് ടെക്നിക് എന്ന് പറയുന്നത്. ഇതിന്‍റെ ഭാഗമായി അഞ്ച് വ്യത്യസ്ത കാഴ്ചകളിലേക്ക് നമ്മുടെ കണ്ണിനെ എത്തിക്കുക, കുറച്ച് വസ്തുക്കൾ കൈയിലെടുത്ത് മനസ്സിലാക്കുക, കണ്ണടച്ച് മൂന്ന് ശബ്ദങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക, എപ്പോയും എന്തെങ്കിലും ഒന്ന് മണക്കാനോ രുചിക്കാനോ കരുതുക. ഈ പ്രവർത്തികളിലൂടെ പാനിക് സാഹചര്യത്തെ മറികടക്കാൻ സാധിക്കും.
വാർത്തകൾ അമിതമാവുന്നത് ദോഷം ചെയ്യും
ഇങ്ങനെയുള്ള സംഘർഷം നിറഞ്ഞ സമയത്ത് ഒരുപാട് വാർത്തകളും വിവരങ്ങളും വിവിധ ഇടങ്ങളിൽ നിന്നായി നമുക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇപ്പോൽ എ.ഐ വീഡിയോകളടക്കം ഇറങ്ങുന്ന കാലമാണ്. തെറ്റിദ്ധരിപ്പിക്കുന്നതോ പേടിപ്പെടുത്തുന്നതോ ആയ വീഡിയോകളാവാം അധികവും. ഇത്തരം വാർത്തകളും ദൃശ്യങ്ങളും നമ്മെ കൂടുതൽ ആശങ്കയിലാക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വാർത്തകൾ പരമാവധി ഒഴിവാക്കി നിർത്തുക. അംഗീകൃത വാർത്താ സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക. ദിനേന രണ്ടോ മൂന്നോ തവണ മാത്രം വാർത്തകൾ അറിയാൻ ശ്രമിക്കുക. തുടർച്ചയായി വാർത്തകൾ കേട്ടിരിക്കുന്നത് നമ്മിലെ ആശങ്ക വർധിക്കാനേ കാരണമാകുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

