വയനാട് പുനരധിവാസ ഫണ്ട്; ലക്ഷ്യത്തിനപ്പുറം നൽകി കെ.എം.സി.സി ബഹ്റൈൻ
text_fieldsമനാമ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ.എം.സി.സി ബഹ്റൈൻ 66 ലക്ഷം നൽകി. മുസ് ലിം ലീഗ് പുനരധിവാസ ഫണ്ട് സംബന്ധമായി പ്രഖ്യാപനം വന്നയുടൻ ആരംഭിച്ച്, 10 ദിവസം കൊണ്ടാണ് കെ.എം.സി.സി ബഹ്റൈൻ ഈ തുക സ്വരൂപിച്ച് നൽകിയത്.
പ്രഥമഘട്ടത്തിൽ തന്നെ ആദ്യ ഗഡു കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് എ. ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങരയും ചേർന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയിരുന്നു.
പ്രഖ്യാപനതുകയും ലക്ഷ്യം വെച്ച് ഫണ്ട് സ്വരൂപിക്കാനിറങ്ങിയ കെ.എം.സി.സി ബഹ്റൈന് ഇരട്ടി തുക മുസ് ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറാൻ സാധിച്ചു.
കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ല കമ്മിറ്റികളുടെയും ബാക്കി ജില്ലകൾ ഉൾപ്പെടുന്ന സൗത്ത് സോൺ മേഖല കമ്മിറ്റിയുടെയും ഹിദ്ദ് -അറാദ് -ഗലാലി, മുഹറഖ്, ഹൂറ -ഗുദൈബിയ, സനാബിസ്, ജിദ് ഹഫ്സ്, ഇസടൗൺ, ബുദയ്യ, ഹമദ് ടൗൺ, സിത്ര, ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ ഏരിയ കമ്മിറ്റികളുടെയും ജില്ല കമ്മിറ്റികളിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലം കമ്മിറ്റികളും മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പഞ്ചായത്ത് കമ്മിറ്റികളും തുടങ്ങിയ ഘടകങ്ങളുടെ സേവനനിരതമായി പൂർത്തിയാക്കിയ കർത്തവ്യം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
ബഹ്റൈനിലെ സ്വദേശികളും വിദേശികളും കേരളത്തിനപ്പുറമുള്ള ഇന്ത്യൻ സമൂഹവുമടക്കം മുഴുവൻ മനുഷ്യസ്നേഹികളും കെ.എം.സി.സി ബഹ്റൈന്റെ ഈ സ്നേഹസ്പർശം പകർന്നേകുന്ന കാരുണ്യകർത്തവ്യത്തിൽ പങ്കാളികളായി.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, എൻ.എ. അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പള്ളി, സെക്രട്ടറിമാരായ അഷ്റഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പിള്ളി, ഫൈസൽ കണ്ടിത്താഴ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മാനുഷികമൂല്യം ഉയർത്തിപ്പിടിച്ച് ഇത്തരമൊരു സത്കർമത്തിന് മുന്നിട്ടിറങ്ങിയ ഓരോ പ്രവർത്തകരോടും അതുപോലെ ഇതിനോടൊപ്പം ചേർന്നുനിന്ന് സഹകരിച്ച മനുഷ്യസ്നേഹികളോടും ബഹ്റൈൻ സംസ്ഥാന കമ്മിറ്റിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് അസ് ലം വടകരയും ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

