ഉള്ള് പൊട്ടിയ രാത്രി
text_fieldsവിറങ്ങലിക്കുന്ന ശരീരങ്ങളും വിറക്കുന്ന ചുണ്ടുകളും എല്ലായിടങ്ങളിലും നിസ്സഹായരായ കുറേ പാവം മനുഷ്യർ മാത്രം. എല്ലാവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ഏകദേശം ഒന്ന് ഒന്നര മണിയായിക്കാണും ഭീകരമായ ഒരു ശബ്ദം കേട്ടു, ഇന്നേവരെ കേട്ടിട്ടില്ലാത്ത ഭയാനകമായ രീതിയിൽ. പിന്നെ എന്തൊക്കെയോ അടർന്നു വീഴുന്നത് പോലെയും പൊട്ടിത്തെറിക്കുന്നത് പോലെയുമൊക്കെയുള്ള ഭയങ്കര ശബ്ദങ്ങൾ.
കൂട്ടക്കരച്ചിലുകളും നിലവിളിയുമൊക്കെ നേർത്തലിഞ്ഞ പോലെ ദൂരെയായും അരികിലായും കേൾക്കാം. മൃഗങ്ങൾ വല്ലാതെ ഓരിയിടുകയും വാവിട്ടുകരയുകയും ചെയ്യുന്നുണ്ടായിരുന്നു. എന്റെ മോളെയും രണ്ടു മക്കളെയും കൂട്ടി ഉമ്മറത്തെ വാതിൽ തുറന്ന് രക്ഷപ്പെടാനൊരുങ്ങിയപ്പോൾ പുറത്തുനിന്ന് ആരോ ഒരിക്കലും തുറക്കാനാവാത്ത രീതിയിൽ ബലമായി പിടിച്ചുവെച്ച പോലെ. എന്റെ മുഖത്തെ നിരാശ കണ്ട് കുട്ടികളും അമ്മയുമടക്കം കൂടെയുള്ളവർ നിലവിളിക്കാൻ തുടങ്ങി. പിന്നെ പിന്നാമ്പുറത്തെ വാതിൽ തുറക്കാൻ നോക്കിയതും പാഴ്ശ്രമമായി. പുറത്ത് എല്ലാം കുത്തിയൊലിച്ചു പോകുന്നതിന്റെ ഭീകര താളം അപ്പോഴൊക്കെ ശക്തമായി കേൾക്കാം.
എന്തു ചെയ്യുമെന്നും എന്ത് ചെയ്യണമെന്നുമറിയാതെ... കുറച്ചു നിമിഷങ്ങൾ. അപ്പോഴാണ് അടുപ്പിന്റെ ചിമ്മിണിയുടെ ഭിത്തിയിൽ ഇളകിക്കിടന്ന കരിപിടിച്ച ഇഷ്ടികകൾ കണ്ണിൽപ്പെട്ടത്. കൈയിൽ കിട്ടിയ ഇരുമ്പ് പൈപ്പുകൊണ്ട് ആ ഇളകിയതും കൂടെ വേറെയും ചില ഇഷ്ടികകൾ ഇളക്കിമാറ്റി ആ വിടവിലൂടെ പുറത്തേക്കിറങ്ങി കൂടെയുള്ളവരെയും ഇറക്കി മുട്ടോളം പൊങ്ങിത്തുടങ്ങിയ ചളിയിലൂടെ മുന്നിൽ കണ്ട കുന്നിൻ മുകളിലെ കാട്ടിലേക്ക് ഓടിക്കയറിയപ്പോൾ മുന്നിൽ ഒരു കൊമ്പൻ... ഒളിഞ്ഞും തെളിഞ്ഞും മദപ്പാടോടെ മാത്രം കണ്ടിട്ടുള്ള കാട്ടാന. ‘‘ഞങ്ങളിന്നൊരു ദുരന്തത്തിലാണ് നീ ഞങ്ങളെ ഒന്നും ചെയ്യല്ലേ, ഈ ജീവൻ മാത്രമേ ഇപ്പം ഞങ്ങടെ കൈയിലുള്ളൂ’’. കൂടെയുള്ളവരെയെല്ലാം അരികിലും പിന്നിലും ചേർത്തു നിർത്തി കൈകൂപ്പിക്കൊണ്ട് കൊമ്പനെ നോക്കി ഞങ്ങൾ കെഞ്ചി, എന്തും സംഭവിക്കാം എന്ന ഭയത്തിൽ നിന്നപ്പോൾ കൊമ്പന്റെ രണ്ടു കണ്ണുകളും നിറയുന്നുണ്ടെന്നറിഞ്ഞു.
മഴ വീണ്ടും ശക്തമായി, നേരം പുലരുവോളം ആ കാട്ടാനയുടെ കാൽക്കലാണ് ഞങ്ങൾ കിടന്നത്, ഉറങ്ങാതെ അവൻ ഞങ്ങൾക്ക് കാവൽ നിന്നു. പുലർച്ച മൂന്നു മണിക്ക് വീണ്ടും ഭയാനക ശബ്ദങ്ങളും നിലവിളികളും ഉണ്ടായി. ‘‘ആ കുത്തിയൊലിപ്പിലാണ് എനിക്കും, എല്ലാവർക്കും എല്ലാം എല്ലാം നഷ്ടമായത്’’... പിന്നീട് ഒന്നും പറയാനവർക്കാവില്ലായിരുന്നു.
നീട്ടിപ്പിടിച്ച മൈക്ക് പിൻവലിച്ച് തിരിഞ്ഞു നടന്നപ്പോഴാണ് ആ നാടിന്റെ എല്ലാമെല്ലാമായിരുന്ന ഒരു സ്കൂൾ അധ്യാപകൻ എനിക്ക് മുന്നിലെത്തിയത്. അന്നത്തെ ഇരുട്ടിൽ സ്കൂളിന്റെ ഓരത്തുകൂടെ കുത്തിയൊലിച്ചുപോയ പാറക്കൂട്ടങ്ങൾക്കിടയിലെ നിലവിളിയിൽ എന്റെ കുട്ടികളുടെ ശബ്ദം ഞാൻ കേട്ടു, ആ സ്വരങ്ങൾ എനിക്കറിയാം അതെന്റെ പ്രാർഥനയും, സുഹറയും, ഡേവിസും, ശിഖയും, ഒക്കെ ആയിരുന്നു... എനിക്കവരെയും എന്റെ സ്കൂളിനെയും തിരികെ വേണം. പിന്നെ ആ മനുഷ്യൻ അതുതന്നെ പറഞ്ഞു പൊട്ടിക്കരയുകയും കൂടെയുണ്ടായിരുന്ന അധ്യാപകർക്ക് മുകളിലേക്ക് തളർന്നു വീഴുകയുമൊക്കെ ചെയ്യുന്നത് കണ്ടുനിൽക്കാൻ ആവാതെ മെല്ലെ പ്രേക്ഷകരിലേക്ക് മടങ്ങുമ്പോഴാണ് വീണ്ടും മുന്നിലേക്ക് ഒരു ഉമ്മ ഓടി വന്നത്.
‘‘ഒന്ന് ടീവിയിൽ പറയോ, എനിക്കെന്റെ മോനെ ഇതുവരെ കിട്ടിയിട്ടില്ല. മൂക്കോളം ചളിയിൽ മുങ്ങിയപ്പോഴും നെഞ്ചിൽ ചേർത്തുപിടിച്ചതാ ഏറെ നേരം ഞാൻ, പിന്നെ എപ്പോഴോ പിടിവിട്ടു പോയതാ...’’അവതാരകയുടെ കണ്ണുനീർ പ്രേക്ഷകർ പ്രഹസനമാണെന്ന് പറയാതിരിക്കാൻ ഞാൻ ലൈവ് കട്ട് ചെയ്തു. ഇപ്പോൾ നൊമ്പരങ്ങളുടെ ക്യാമ്പ് എന്ന് വിളിക്കാവുന്ന സ്കൂളിന്റെ ഭിത്തിയിൽ ചാരി നിസ്സഹായയായി സ്വയം ഓർക്കുകയായിരുന്നു.. ഈ തിരച്ചിലും, തിരക്കും, ആൾക്കൂട്ടവും സഹായങ്ങളുമൊക്കെ നിലക്കുമ്പോൾ ഈ അഭയ കേന്ദ്രത്തിൽനിന്ന് ഇറങ്ങേണ്ടി വരുന്ന ഈ പാവം മനുഷ്യർ എല്ലാം എല്ലാം നഷ്ടപ്പെട്ട വെറും പാവങ്ങൾ ഇവർ ഇനി എങ്ങോട്ട് പോകും...
അപ്പോഴാണ് പുതിയ ഒരു വാർത്ത ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് ഓടേണ്ടിവന്നത്. ‘മണ്ണിനടിയിൽ നാലു ജീവനുകൾ’ പിന്നെയും ‘‘മലമുകളിലെ പാറയിടുക്കുകളിൽ വിശന്നു വലഞ്ഞ മൂന്നു കുഞ്ഞു മക്കൾ ജീവനോടെ’’... വീണ്ടും പുതിയ പ്രതീക്ഷകൾ... അപ്പോൾ നമ്മൾ അതിജീവിക്കും?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

