സിത്രയിൽ വേസ്റ്റ് ബോക്സുകൾക്ക് തീയിട്ട കേസ്: സ്വദേശിക്ക് എട്ടു വർഷം തടവുശിക്ഷ
text_fieldsമനാമ: ബഹ്റൈനിലെ സിത്രയിൽ വേസ്റ്റ് ബോക്സുകൾക്ക് തീയിട്ട കേസിൽ 46 കാരനായ ബഹ്റൈൻ സ്വദേശിക്ക് എട്ടു വർഷം തടവുശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. എട്ടോളം ബോക്സുകൾക്ക് തീയിട്ട സംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ്, ഓരോ വർഷം വീതം തടവുശിക്ഷ വിധിച്ചത്.
പ്രതി ആഭ്യന്തര മന്ത്രാലയത്തിലെ റിട്ടയേർഡ് ജീവനക്കാരനാണ്. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ സിത്ര മഹസ്സയിലാണ് ഇയാൾ തുടർച്ചയായി വേസ്റ്റ് ബോക്സുകൾക്ക് തീയിട്ടത്. പ്രതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന അഭിഭാഷകന്റെ വാദത്തെത്തുടർന്ന് കോടതി സൈക്യാട്രിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് മെഡിക്കൽ കമ്മിറ്റിയുടെ പരിശോധനക്ക് വിധേയനാക്കിയിരുന്നു.
എന്നാൽ ഇയാൾ ലഹരി ഉപയോഗത്തിന് അടിമയാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കിയെങ്കിലും, വിചാരണ നേരിടാൻ മാനസികമായി പ്രാപ്തനാണെന്ന് ഹെൽത്ത് മിനിസ്ട്രിയുടെ മെഡിക്കൽ കമ്മീഷൻ കണ്ടെത്തി. മാലിന്യം കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനാൽ ഉണ്ടാകുന്ന ദുർഗന്ധവും രോഗ സാധ്യതയും ഒഴിവാക്കാനാണ് ടിഷ്യൂ പേപ്പറിന് തീയിട്ട് ബിന്നുകളിലേക്ക് എറിഞ്ഞതെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ മനഃപൂർവം തീയിട്ടു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ തീരുമാനിച്ചത്. എന്നാൽ തീകൊളുത്തിയ മാലിന്യത്തിന് മൂല്യമില്ലാത്തതിനാലും ബിന്നുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കാത്തതിനാലും സാമ്പത്തിക പിഴ ചുമത്തിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

