ഡയബറ്റിക് സൊസൈറ്റി നടത്ത മല്‍സരത്തില്‍ വിജയിച്ചവരെ ആദരിച്ചു 

11:30 AM
21/04/2019
ഡയബറ്റിക് സൊസൈറ്റി സംഘടിപ്പിച്ച നടത്ത മല്‍സരത്തില്‍ വിജയികളായവരെ ആദരിക്കുന്നു

മനാമ: ഡയബറ്റിക് സൊസൈറ്റി സംഘടിപ്പിച്ച നടത്ത മല്‍സരത്തില്‍ വിജയികളായവരെ ആദരിച്ചു. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ ഗള്‍ഫ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലാണ് ആദരവ് നല്‍കിയത്. സമൂഹത്തി​​െൻറ വിവിധ തുറകളിലുള്ളവരെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് പ്രമേഹമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ അബ്​ദുല്ല വ്യക്തമാക്കി. ദിനേനയെന്നോണം ഇത് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പ്രമേഹ ബാധയില്ലാത്ത ഒരു ബഹ്റൈനി കുടുംബം പോലുമ​ില്ലെന്നതാണ് യാഥാര്‍ഥ്യം. പൊണ്ണത്തടിയും വ്യായാമില്ലായ്മയുമാണ് ഇതിന് കാരണമാകുന്നത്. ആഗോള തലത്തില്‍ ആരോഗ്യ മേഖലക്ക് ഭീഷണിയുയര്‍ത്തുന്ന ഒന്നായി പ്രമേഹം മാറിക്കഴിഞ്ഞു. 

ആരോഗ്യദായകമല്ലാത്ത ജീവിത ശൈലിയാണ് ടൈപ് 2 പ്രമേഹത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാമൂഹികവും, സാമ്പത്തികവും ആരോഗ്യപരവുമായ മേഖലയില്‍ വലിയ ഭാരമാണ് ഈ രോഗം സമ്മാനിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേഹം ചെറുക്കുന്നതിന് വിവിധ പദ്ധതികളും പരിപാടികളും ബഹ്റൈന്‍ ഡയബറ്റിക് സൊസൈറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. ആപത്കരമായ ഇതിന്‍െറ വ്യാപനം തടയേണ്ടത് അനിവാര്യമായതി​​െൻറ പശ്ചാത്തലത്തിലാണ് വിവിധ പരിപാടികളുമായി മുന്നോട്ടു പോകുന്നത്. നടത്തവും വ്യായാമവും പ്രോല്‍സാഹിപ്പിക്കുന്നതിനും ആരോഗ്യ ദായക ഭക്ഷണ ശീലം കൈവരിക്കുന്നതിനും പദ്ധതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യായാമം മനസ്സിനും ശരീരത്തിനും സമൂഹത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണെന്ന് ബഹ്റൈന്‍ ഡയബറ്റിക് സൊസൈറ്റി ചെയര്‍പേഴ്സണ്‍ ഡോ. മര്‍യം അല്‍ ഹാജിരി വ്യക്തമാക്കി. കൊഴുപ്പ് അടിയുന്നത് ഇല്ലാതാക്കാനും കിഡ്നികളുടെ പ്രവര്‍ത്തനം നേരെയാക്കാനും ശരീര ഭാരം സന്തുലിതമാക്കാനും ഇത് വഴിയൊരുക്കും. കൂടാതെ ഹൃദ്രോഗം, ഇടുപ്പുകളിലെ വേദന, അസ്ഥികളുടെ ബലക്ഷയം എന്നിവ ഇല്ലാതാക്കാന്‍ അത്യുത്തമമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നടത്ത മല്‍സരത്തിന് പിന്തുണ നല്‍കിയ കമ്പനികളെയും വിജയികളായവരെയും പരിപാടിയില്‍ ആദരിച്ചു. 

Loading...
COMMENTS