വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ ജനസാഗരം തീര്‍ത്ത് വാക്ക് വിത്ത് ഷിഫ
text_fieldsവാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ വാക്ക് വിത്ത് ഷിഫ പരിപാടിയിലെ വോക്കത്തണ്‍ ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് റയീസ് ഹസന്‍ സരോവര്‍, പാര്‍ലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുള്‍ വാഹിദ് ഖറാത്ത, നേപ്പാള്‍ എംബസി തേര്‍ഡ് സെക്രട്ടറി ദീപ്‌രാജ് ജോഷി, ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ സിയാദ് ഉമര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
മനാമ: സീഫിലെ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ ജനസാഗരം തീര്‍ത്ത് ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ‘വാക്ക് വിത്ത് ഷിഫ’ പ്രമേഹ ബോധവത്കരണ പരിപാടി. വോക്കത്തണ്‍, സൂംബാ എയറോബിക് വ്യായാമം, ശാരീരികക്ഷമത മത്സരങ്ങള്‍ എന്നിവ ചേര്‍ന്ന പരിപാടി ജനാരോഗ്യ സംരക്ഷണത്തിനായുള്ള സമൂഹത്തിന്റെ അസാധാരണമായ പങ്കാളിത്തത്തിന് സാക്ഷിയായി.
കാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള മൂവായിരത്തിലേറെ പേര്‍ പങ്കെടുത്തു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങോടെയാണ് വാക് വിത്ത് ഷിഫ ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സിയാദ് ഉമര്‍ സ്വാഗതം പറഞ്ഞു. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം കൂടുതല്‍ പേരിലേക്ക് എത്തിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വോക്കത്തൺ
സമൂഹത്തോടുള്ള ഷിഫയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് അംബാസഡര്‍ മുഹമ്മദ് റയീസ് ഹസന്‍ സരോവര്‍, പാര്‍ലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കര്‍ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്ത, നേപ്പാള്‍ എംബസി തേര്‍ഡ് സെക്രട്ടറി ദീപ്‌രാജ് ജോഷി, കാപിറ്റല്‍ ഗവര്‍ണറുടെ പ്രതിനിധിയായി ഇന്‍ഫര്‍മേഷന്‍ ആൻഡ് ഫോളോഅപ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി എന്നിവര്‍ പങ്കെടുത്തു. സമൂഹത്തില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനായുള്ള ഈ സംരംഭത്തെ വിശിഷ്ടാതിഥികള്‍ അഭിനന്ദിച്ചു. ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് ഡയറക്ടര്‍ ഷബീര്‍ അലി പി.കെ, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഓപറേഷന്‍സ് ഹെഡ് ഡോ. ഷാംനാദ് എന്നിവരും പങ്കെടുത്തു.
വിജയികൾക്ക് സൈക്കിൾ സമ്മാനിക്കുന്നു
വോക്കത്തണ്‍ വിശിഷ്ടാതിഥികള്‍ ഫ്ലാഗ് ഓഫ് ചെയ്തു. വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയിലെ രണ്ടു കിലോമീറ്റര്‍ റോഡില്‍ നടന്ന വോക്കത്തണില്‍ സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് പേര്‍ ആവേശപൂര്‍വം അണിനിരന്നു. ഖറാത്ത എം.പിയും വോക്കത്തണില്‍ പങ്കാളിയായി. കുട്ടികളുടെ ഏറോബിക് നൃത്തത്തോടെയും മുതിര്‍ന്നവരുടെ പ്ലാങ്ക് ചലഞ്ചോടെയുമാണ് പരിപാടിക്ക് തുടക്കമായത്. ആവേശകരമായ സുംബ ഏറോബിക്‌സ് വ്യായാമത്തിന് നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രതിനിധി യൂസഫ് യാക്കൂബ് ലോറി ആരോഗ്യ പരിശോധന സ്റ്റാള്‍ സന്ദര്‍ശിച്ചപ്പോള്‍
ബീടുബി ജിമ്മിലെ കോച്ച് മുഫി നേതൃത്വം നല്‍കി. വോക്കത്തണിനു ശേഷം, ഷിഫ സ്റ്റാഫ് സിനിമാറ്റിക് ഡാന്‍സ് അവതരിപ്പിച്ചു. തുടര്‍ന്ന് ഇന്റേണല്‍ മെഡിസിന്‍ സപെഷലിസ്റ്റ് ഡോ. നജീബ് പ്രമേഹ രോഗ പ്രതിരോധത്തിലെ ചില ലളിത മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി. അവരവരുടെ ആരോഗ്യത്തിന്റെ നിയന്ത്രണം അവരവരുടെ കൈയിലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡയറ്റീഷ്യന്‍ ജിഷ ജോസഫ് ഭക്ഷണക്രമത്തിലൂടെ പ്രമേഹം എങ്ങനെ തടയാമെന്നും നിയന്ത്രിക്കാമെന്നും വിശദീകരിച്ചു. നിരവധി പേര്‍ പങ്കെടുത്ത ആവേശകരമായ പുഷ് അപ്, പുള്‍ അപ്, സ്വാട്ട് മത്സരങ്ങള്‍ക്ക് ലൈഫ്‌ലൈന്‍ ജിമ്മിലെ ട്രെയിനര്‍മാരായ റെനില്‍, ജലാല്‍, ഷംസാദ് എന്നിവര്‍ നേതൃത്വം നല്‍കി.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഫുട്‌ബാള്‍ ഷൂട്ട് ഔട്ട് മത്സരങ്ങളും കുട്ടികള്‍ക്കായി വിനോദ കായിക മത്സരങ്ങളും അരങ്ങേറി. സമാപന ചടങ്ങില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ്, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, റേഡിയോ മിര്‍ച്ചി, ലൈഫ്‌ലൈന്‍ ജിം, ബി2ബി ഫിറ്റ്‌നസ് എന്നിവര്‍ക്ക് വൈസ് ചെയര്‍മാന്‍ മെമന്റോ സമ്മാനിച്ചു. പുള്‍-അപ്പില്‍ ഷൗക്കത്തലി, പുഷ്അപ്പില്‍ നിസ്സാര്‍ മുഹമ്മദ്, സ്‌ക്വാട് മത്സരത്തില്‍ ജാനിഫ് എന്നിവര്‍ ഒന്നാം സമ്മാനം നേടി. ഇവര്‍ക്ക് സൈക്കിളുകള്‍ സമ്മാനമായി നല്‍കി. രണ്ടാം സ്ഥാനക്കാര്‍ക്കും മൂന്നാം സ്ഥാനക്കാര്‍ക്കും ഗ്ലൂക്കോമീറ്ററുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിയവയായിരുന്നു സമ്മാനങ്ങള്‍. ഷൂട്ട് ഔട്ട് ചലഞ്ചില്‍ തുടര്‍ച്ചയായി ആറ് ഗോളുകള്‍ നേടി വസ്സിം മുഹമ്മദ് വിജയിയായി.
ചടങ്ങില്‍ ഓപറേഷന്‍സ് ഹെഡ് ഡോ. ഷാംനാദ് മജീദ് നന്ദി പറഞ്ഞു. റേഡിയോ മിര്‍ച്ചിയിലെ ആർ.ജെ. അഭിരാമിയാണ് പരിപാടി നിയന്ത്രിച്ചത്. പങ്കെടുത്തവര്‍ക്ക് സൗജന്യ പ്രമേഹ പരിശോധന, ശരീരഭാര സൂചിക(ബി.എം.ഐ) രേഖപ്പെടുത്തല്‍ എന്നിവയും ഉണ്ടായി. കോംപ്ലിമെന്ററി ഉല്‍പന്നങ്ങളുമായി ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്ടറുകളും പ്രവര്‍ത്തിച്ചു. കൂടാതെ, സൗജന്യ ലാബ് ടെസ്റ്റ് കൂപ്പണുകളും മറ്റ് ഡിസ്‌കൗണ്ട് കൂപ്പണുകളും പങ്കെടുത്തവര്‍ക്ക് ലഭ്യമാക്കി. ഷിഫയിലെ സീനിയര്‍ ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാര്‍, വാക്ക് വിത്ത് ഷിഫ സംഘാടക സമിതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

