വിദ്യാർഥികൾക്ക് പഠനോപകരണങ്ങളുമായി സന്നദ്ധ സംഘടനകൾ
text_fieldsമനാമ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പുതിയ അധ്യയനവർഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ബഹ്റൈനിലെ വിവിധ സന്നദ്ധ സംഘടനകൾ രംഗത്ത്. സംഭാവനകളിലൂടെയും ചാരിറ്റി കാമ്പയിനുകളിലൂടെയും വിദേശികളും സ്വദേശികളുമായ വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യം.
ബഹ്റൈനിലെ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായ 'അവർ റെസ്പോൺസിബിലിറ്റി' മൂന്ന് പ്രധാന പദ്ധതികളാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. പരിപാടിയുടെ ആദ്യപടിയെന്ന നിലക്ക് തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുമെന്ന് ഗ്രൂപ്പിന്റെ സ്ഥാപക റയാന സയ്യാർ പറഞ്ഞു. ബഹ്റൈനിലെ ഒരു അനാഥാലയത്തിലെ കുട്ടികളെ ലുലു ഹൈപ്പർമാർക്കറ്റിൽ കൊണ്ടുപോയി ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കും. ഓരോ കുട്ടിക്കും 30 ദിനാറിന്റെ വൗച്ചറുകൾ ലഭിക്കും. അതുപയോഗിച്ച് ഇഷ്ടമുള്ള സാധനങ്ങൾ തെരഞ്ഞെടുക്കാം.
ഈ മൂന്ന് പരിപാടികളിലൂടെ 300ൽ അധികം കുട്ടികളെ സഹായിക്കാൻ കഴിയുമെന്ന് റയാന കൂട്ടിച്ചേർത്തു. സംഘടനയിൽ രജിസ്റ്റർ ചെയ്ത 170ലധികം കുടുംബങ്ങൾക്ക് ലഭിക്കുന്ന അധിക സംഭാവനകൾ നൽകുമെന്നും അവർ പറഞ്ഞു.
ഓരോ കുട്ടിക്കും ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് പോകാൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണെന്ന് അവർ അഭിപ്രായപ്പെട്ടു. സംഭാവനകൾ നൽകുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ (39751570) എന്ന നമ്പറിലോ കൂടാതെ ഇൻസ്റ്റാഗ്രാമിൽ @ourresponsibility_bh, @p_w_a_bahrain എന്നിവരുമായോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

