വോയ്സ് ഓഫ് ആലപ്പി സംഘടനാ തെരഞ്ഞെടുപ്പുകൾക്ക് തുടക്കം
text_fieldsമനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. 2022ൽ രൂപംകൊണ്ട വോയ്സ് ഓഫ് ആലപ്പിക്ക് ബഹ്റൈനിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എട്ട് ഏരിയ കമ്മിറ്റികൾ നിലവിലുണ്ട്.
ആദ്യ ഭരണ സമിതിയുടെ കാലയളവായ രണ്ട് വർഷം പൂർത്തിയാകുന്നതുകൊണ്ടാണ് ഏരിയകളിൽ അടക്കം തെരഞ്ഞെടുപ്പ് നടത്തി പുതിയ സെൻട്രൽ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത്. വനിതാ വേദി, ചാരിറ്റി വിങ്, സ്പോർട്സ് വിങ്, കലാകാരന്മാർക്കായി അരങ്ങ് ആലപ്പി, തൊഴിൽ അന്വേഷകർക്കായി ജോബ് ഹട്ട് എന്നിവയും വോയ്സ് ആലപ്പിക്കുകീഴിൽ പ്രവർത്തിക്കുന്നു.
സംഘടനയുടെ വടം വലി ടീം ചുരുങ്ങിയ കാലം കൊണ്ട് ബഹ്റൈനിലെ മുൻ നിര വടം വലി ടീമുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു. കൂടാതെ ക്രിക്കറ്റ് ടീമും സംഘടനക്ക് നിലവിലുണ്ട്.
മുഹറഖ്, മനാമ, ഗുദൈബിയ, ഉമ്മൽ ഹസം, സൽമാബാദ്, റിഫ, ഹമദ് ടൗൺ, സിത്ര തുടങ്ങിയ ഏരിയകളിലാണ് നിലവിൽ ഏരിയ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. ഏരിയ തെരഞ്ഞെടുപ്പ് നടപടികൾക്ക് സിബിൻ സലിം, ധനേഷ് മുരളി, ഗിരീഷ് കുമാർ, അനസ് റഹിം, ജോഷി നെടുവേലിൽ, ജിനു കൃഷ്ണൻ, ജഗദീഷ് ശിവൻ, ബോണി മുളപ്പാമ്പള്ളി എന്നിവർ നേതൃത്വം നൽകും.
സെൻട്രൽ കമ്മിറ്റി തെരെഞ്ഞെടുപ്പുകൾക്ക് രക്ഷാധികാരികളായ ഡോ. പി.വി ചെറിയാൻ, സെയ്ദ് റമദാൻ നദ്വി, അനിൽ കുമാർ യു.കെ എന്നിവരും നേതൃത്വം നൽകും. ഡിസംബറിൽ സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി ജനുവരി മുതൽ പുതിയ കമ്മിറ്റികൾ സ്ഥാനമേൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

