ഒാർമയിലൊരു പൊൻകണി
text_fieldsമലയാളിയുടെ മനസ്സിൽ സമൃദ്ധിയുടെ ഭാവങ്ങൾ തൊട്ടുണർത്തി വീണ്ടും ഒരു വിഷു. മറ്റെല്ലാ ആഘോഷങ്ങളെയും പോലെ പ്രവാസികൾ മത്താപ്പൂവിെൻറയും പൂത്തിരിയുടെയും നിലാവെളിച്ചം വിതറി അത്യാഹ്ലാദപൂർവം വിഷുവും ആഘോഷിക്കുകയാണ് പതിവ്. എന്നാൽ, കോവിഡ് 19 വ്യാധിയുടെ നടുക്കടലിൽനിന്ന് ലോകജനത മോചിതരായിട്ടില്ല എന്ന തിരിച്ചറിവിൽ ആർഭാടപൂർവമല്ലെങ്കിലും പ്രതീക്ഷയോടെ ഇത്തവണ നാം വിഷുവിനെ വരവേൽക്കുകയാണ്.
'ഏത് ധൂസര സങ്കൽപത്തിൽ വളർന്നാലും, ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിൻ വിശുദ്ധിയും, മണവും, മമതയും, ഒരിത്തിരി കൊന്നപ്പൂവും.' (വൈലോപ്പിള്ളി).
പൂത്തുലഞ്ഞു നിൽപുണ്ട് മനസ്സിൽ ഇപ്പോഴും ആ മരം. കാലം തെറ്റാതെ ഓരോ ആണ്ടിലും പൂക്കുന്ന കൊന്ന. കണിക്കൊന്നയുടെ പൂക്കൾക്ക് ഐശ്വര്യത്തിെൻറ പ്രതീകമായ മഞ്ഞ നിറമാണ്. മഞ്ഞയുടെ പ്രഭാപൂരമാണ് കണിക്കാഴ്ച. കണിക്കാഴ്ച കണ്ട് പുലരുന്ന ഓരോ വിഷുവും നമുക്ക് സുഗന്ധമുണർത്തുന്ന ഓർമയാണ്. വേനലവധിക്കാലത്തെ ഒരേയൊരാഘോഷം. പരീക്ഷയുടെ ചൂടിറക്കി വെച്ച് പാഠപുസ്തകങ്ങൾ തട്ടിൻപുറത്തേക്ക് വലിച്ചെറിഞ്ഞ്, പാടത്തും, പറമ്പിലും തേരോടി നടക്കുന്ന അവധിക്കാലത്തെ വിരുന്നുകാരനാണ് വിഷു.
മീനച്ചൂടിെൻറ ഒടുവിൽ ഇത്തിരി കുളിരു സമ്മാനിച്ച് വേനൽമഴയെത്തും. വിഷുത്തലേന്ന് വൈകീട്ട്, കണിയൊരുക്കാനുള്ള വിഭവങ്ങൾക്കു വേണ്ടി അങ്ങേ തൊടിയിലും ഇങ്ങേ തൊടിയിലുമൊക്കെ കൂട്ടുകാരുമൊത്ത് ഓടിച്ചാടി നടന്നത് മധുരമൂറുന്ന ഓർമയാണ്. ഉറുമ്പിെൻറ കടികൊണ്ട് കൊന്നമരത്തിൽ കൊത്തിപ്പിടിച്ച് കയറി പറിച്ചെടുക്കുന്ന കുലകൾ പങ്കുവെച്ച് സന്ധ്യക്ക് മുമ്പ് വീടണയണം.
കുട്ടികൾ ആർത്തുല്ലസിച്ച് കൊണ്ടുവരുന്ന കണിക്കൊന്നയും മാങ്ങയും, വെള്ളരിയുമെല്ലാം ഏൽപിക്കുക മുത്തശ്ശിമാരെയാണ്.
മഞ്ഞ ചേലയുടുത്ത് ഓടക്കുഴലൂതി നിൽക്കുന്ന കൃഷ്ണെൻറ മുമ്പിൽ നിലവിളക്ക് തെളിയിച്ച് വെള്ളോട്ടുരുളി ഒരുക്കും. കണിവെള്ളരി, വാൽക്കണ്ണാടി, കോടിമുണ്ട്, നാണയം എന്നിവയും തേങ്ങ, മാമ്പഴം, ചക്ക, കശുമാങ്ങ തുടങ്ങി തൊടിയിൽ വിളയുന്ന ഫലങ്ങളും നിരത്തിവെക്കും. ചില പ്രദേശങ്ങളിൽ ഉണ്ണിയപ്പം, നെയ്യപ്പം പോലുള്ള എണ്ണയിൽ പൊരിച്ചെടുത്ത വിഭവങ്ങളും കാണും. പൂക്കൾ എന്നുപറയാൻ കൊന്നപ്പൂവ് മാത്രം. നിലവിളക്കിെൻറ പ്രഭയിൽ പുഞ്ചിരി തൂകി നിൽക്കുന്ന കൃഷ്ണനുമുമ്പിൽ, മഞ്ഞ പ്രഭയോടെ തിളങ്ങി നിൽക്കുന്ന കണി കണ്ടാൽ വരുംവർഷം മുഴുവൻ സമ്പൽ സമൃദ്ധിയായിരിക്കും എന്നാണ് വിശ്വാസം.
ഓണം പൂക്കളുടെ ഉത്സവമാണെങ്കിൽ വിഷു ഫലസമൃദ്ധിയുടെ ഉത്സവമാണ്. കേരളീയർ വിഷു ആഘോഷിച്ചു തുടങ്ങുന്നത് കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടാണെന്ന് കരുതുന്നതാവും കൂടുതൽ ശരി. നെൽകൃഷിയുമായാണ് ഇതിന് ഏറെ ബന്ധം. ധനു, മകരം, കുംഭം മാസങ്ങൾ നമ്മുടെ നാട്ടിൽ വേലകളുടെയും ഉത്സവങ്ങളുടെയും കാലമാണ്. അത് കഴിഞ്ഞ് കർഷകർ വീണ്ടും പാടത്തേക്കിറങ്ങുകയാണ്. വിത്തും കൈക്കോട്ടും പാടി വിഷുപ്പക്ഷി കർഷകരെ വയലിലേക്ക് ക്ഷണിക്കുന്നു എന്നാണ് സങ്കൽപം. കർഷകന് അതോടെ അധ്വാനത്തിെൻറ നാളുകൾ തുടങ്ങുകയായി. സമൃദ്ധിയുടെ ഒരുവർഷം കൂടി ലഭിക്കട്ടെ എന്ന ശുഭാശംസയും പ്രതീക്ഷയുമാണ് ഈ ആഘോഷത്തിന് പിന്നിലുള്ളത്.
നെൽവയലുകളും കന്നുകാലികളുമെല്ലാം ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു എന്ന് ഈ അനുഷ്ഠാനം തെളിയിക്കുന്നു. വീട്ടിലുള്ളവരെല്ലാം വിഷുക്കണി കണ്ടുകഴിഞ്ഞാൽ പിന്നെ തൊഴുത്തിലെ കന്നുകാലികളെ കൊണ്ട് ചെന്ന് കാണിക്കുന്ന പതിവും പണ്ടുണ്ടായിരുന്നു. നാണ്യവിളകൾ നടാനും മണിമന്ദിരങ്ങൾ പണിയാനും വേണ്ടി നെൽപാടങ്ങളത്രയും നികത്തിക്കഴിഞ്ഞു. കാർഷിക സംസ്കൃതി ഇന്ന് ഭൂരിഭാഗത്തിനും പഴങ്കഥയാണ്. എങ്കിലും വിഷുവിെൻറ അനുഷ്ഠാനങ്ങൾക്ക് മങ്ങലേറ്റിട്ടില്ല.
വിഷുവിന് കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ ഒരു പക്ഷേ, കണി കണ്ടുകഴിഞ്ഞ് മത്സരിച്ചുള്ള പടക്കം പൊട്ടിക്കലാവും. കുട്ടികൾ സ്വയം മറന്ന് ആഹ്ലാദിക്കുന്ന നിമിഷവും അതായിരിക്കും. കണി കണ്ടു കഴിഞ്ഞാൽ വീട്ടിലെ മുതിർന്നവർ കൈനീട്ടം തരും. കാലുറുപ്പികയോ എട്ടണയോ ആവും കൈനീട്ടം. ഈ കൈ നീട്ടമാണ് വിഷുക്കാലത്തിെൻറ സുന്ദരമായ ഓർമ. പോക്കറ്റ് മണി കിട്ടാത്ത കാലത്ത് വിലപിടിച്ച സമ്പാദ്യം തന്നെയായിരുന്നു അതെന്ന് പുതിയ തലമുറ വിശ്വസിച്ചെന്നു വരില്ല. ലോകത്തെവിടെയുള്ള മലയാളിക്കും, അവൻ വാങ്ങുന്ന ശമ്പളം എത്ര ഉയർന്നതായാലും അതിനേക്കാൾ വിലമതിക്കും അന്ന് കിട്ടിയ കാലുറുപ്പിക നാണയങ്ങൾ.
രാവിലത്തെ ആഘോഷങ്ങൾ കഴിഞ്ഞാൽ ഉച്ചക്ക് സമൃദ്ധമായ സദ്യ. എങ്കിലും തിരുവോണം പോലെ അത്ര വിസ്തരിച്ചുള്ള സദ്യയില്ല. ഓരോ നാട്ടിലും ഓരോ സമ്പ്രദായത്തിലാണ് വിഷു സദ്യ. മലബാറിൽ മാമ്പഴ പുളിശ്ശേരി നിർബന്ധമാണ്. ചില സ്ഥലങ്ങളിൻ നവധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന കഞ്ഞിയാണ് പ്രധാനം. വിഷുവിന് മത്സ്യവും മാംസവും കൂട്ടി ഊണുകഴിക്കുന്ന പ്രദേശങ്ങളുമുണ്ട്. ഒട്ടേറെ അനുഷ്ഠാനങ്ങളൊന്നും വിഷുവിനില്ല. പേക്ഷ, ഉള്ളതത്രയും പ്രത്യക്ഷത്തിൽ മതപരമെന്ന് തോന്നാമെങ്കിലും അതിലുപരി കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ടതാണ്.
ജ്യോതിശാസ്ത്ര പ്രകാരവും ഒട്ടേറെ പ്രാധാന്യമുള്ള ദിനം കൂടിയാണ് വിഷു.
വിശ്വാസങ്ങളെന്തായാലും, അതിൽ എത്രമാത്രം സത്യമുണ്ടായാലും ഇല്ലെങ്കിലും ശരി, ആണ്ടുപിറവിയായി പണ്ടുനാൾ മുതലേ നാം വിഷു ആഘോഷിച്ചു വരുന്നുണ്ട്. അന്ന് കാണുന്ന കണി വരും കൊല്ലം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം.
'വിഷു വരും വർഷം വരും, തിരുവോണം വരും... പിന്നെ ഓരോ തളിരിലും പൂവരും കായ് വരും' എന്ന് സഫലമീ യാത്രയിൽ എൻ.എൻ. കക്കാട് എഴുതിയതു പോലെ നിറം മങ്ങാത്ത മനസ്സുമായി മലയാളി കാത്തിരിക്കുകയാണ് ഓരോ വിഷുക്കാലത്തെയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.