ഏജന്റുമാരുടെ വഞ്ചന; സന്ദർശന വിസയിലെത്തി ജോലി തേടുന്നവർ പെരുവഴിയിൽ
text_fieldsമനാമ: ഏജന്റുമാരുടെ വഞ്ചനമൂലം സന്ദർശന വിസയിലെത്തി വിമാനത്താവളത്തിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു. തൊഴിൽ വിസയിലേക്ക് മാറാമെന്ന് വ്യാജ വാഗ്ദാനം നൽകിയാണ് ഏജന്റുമാർ സാധാരണക്കാരെ വലയിലാക്കുന്നത്. ഇവരിൽനിന്ന് സാധാരണ വിസക്കാവശ്യമായ തുകയുടെ അഞ്ചു മുതൽ പത്തുവരെ ഇരട്ടി തുക ഏജന്റുമാർ ഈടാക്കുകയും ചെയ്യും. എന്നാൽ, ഇങ്ങനെയെത്തുന്നവർ കുടുങ്ങാനുള്ള സാധ്യതയേറെയാണെന്ന കാര്യം ഏജന്റുമാർ മറച്ചുവെക്കുകയാണ്. ജോലി ലഭിക്കാതിരിക്കുന്നതോടെ ഇവർ പെരുവഴിയിലാവും.
കഴിഞ്ഞ ദിവസങ്ങളിൽ പാർക്കുകളിലും മറ്റും അന്തിയുറങ്ങേണ്ടിവരുകയും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടുകയും ചെയ്ത മലയാളികളെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി സുരക്ഷിതസ്ഥലത്തേക്ക് മാറ്റി സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നു. ബഹ്റൈനിലെ നിയമങ്ങൾ സംബന്ധിച്ച് ധാരണയില്ലാതെയാണ് ഇങ്ങനെ അധികമാളുകളും എത്തുന്നതെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാർ മാത്രമല്ല ഇതര രാജ്യക്കാരും ഇങ്ങനെ എത്തുന്നവരിലുണ്ട്. രണ്ടു വിധത്തിൽ സന്ദർശന വിസ എടുക്കാം. ആർക്കും അപേക്ഷിക്കാവുന്ന ഇ-വിസയും അംഗീകൃത ഏജൻസികൾ മുഖേന എടുക്കാവുന്ന ഇ.എൻ.ഒ.സി വിസയും. ഇ.എൻ.ഒ.സി വിസ എടുത്താൽ വരുന്നവരുടെ ഉത്തരവാദിത്തം ഏജൻസിക്കായിരിക്കും.
എന്നാൽ, അധിക ഏജന്റുമാരും ഇ-വിസയിലാണ് ആളുകളെ ഇവിടെയെത്തിക്കുന്നത്. വരുന്ന സമയത്ത് ഉറപ്പായ മടക്ക ടിക്കറ്റും 300 ദീനാറിന് തുല്യമായ തുകയും ബഹ്റൈനിലെ ഹോട്ടൽ ബുക്കിങ്ങോ അല്ലെങ്കിൽ രക്തബന്ധമുള്ളവരുടെ വിലാസമോ കൈവശമുണ്ടാകണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, മടക്ക ടിക്കറ്റിനു പകരം ഡമ്മി ടിക്കറ്റ് നൽകി ആളുകളെ കയറ്റിവിടുന്ന ഏജന്റുമാരുണ്ട്. ഇങ്ങനെയാണ് ഇവർ എമിഗ്രേഷനിൽ തടഞ്ഞുവെക്കപ്പെടുന്നത്.
എന്നാൽ, ഈ കടമ്പയൊക്കെ കടന്ന് എത്തിയാലും ജോലി ലഭിക്കണമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിർബന്ധമില്ല. 60 ദീനാർ അധികം നൽകി സന്ദർശന വിസയിലെത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ ബഹ്റൈൻ സർക്കാർ അനുവദിക്കുന്നുണ്ട്. പക്ഷേ ജോലി ലഭിക്കാതിരിക്കുക, യോഗ്യതക്കനുസരിച്ച് ജോലി ലഭിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുമ്പോൾ ഇങ്ങനെ വരുന്ന പലരും പ്രശ്നത്തിലാകുന്നു. ഇങ്ങനെ വരുന്നവരാണ് അനധികൃത താമസക്കാരായി മാറുന്നത്. സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞാൽ 14 ദിവസത്തേക്ക് 25 ദീനാറാണ് പിഴ നൽകേണ്ടത്.
ഇങ്ങനെ വർഷങ്ങളായി അനധികൃതമായി താമസിക്കുന്നവരുണ്ടെന്നത് യാഥാർഥ്യമാണ്. ഇവർക്ക് നാട്ടിലേക്ക് തിരിച്ചുപോകണമെങ്കിൽ കാലയളവ് കണക്കാക്കി പിഴ നൽകേണ്ടിവരും. തൊഴിൽ വിസയിലെത്തി തിരിച്ചുപോകാൻ സാധിക്കാത്തവർക്കു മാത്രമേ പൊതുമാപ്പ് വന്നാലും ഇളവ് നൽകാറുള്ളൂ. ഇത്തരം സന്ദർശന വിസക്കാർക്ക് പൊതുമാപ്പ് വന്നാലും ഇളവ് ലഭിക്കാറില്ല. കോവിഡ് സമയത്ത് സന്ദർശന വിസക്കാർക്ക് പൊതുമാപ്പിൽ ഇളവ് ലഭിച്ചിരുന്നു. തൊഴിൽ വിസയിലുള്ളവർക്ക് പിഴ വർഷത്തിൽ 15 ദീനാറാണ്.
ഇത്തരക്കാരുടെ വിഷയത്തിൽ ഇടപെടലിന് പരിമിതിയുണ്ടെന്നും രാജ്യത്ത് നിലവിലുള്ള നിയമങ്ങളനുസരിച്ചുള്ള പരിരക്ഷയേ അവർക്ക് ലഭിക്കൂവെന്നും സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടുന്നു. റമദാൻ സമയമായതിനാൽ ധാരാളം പേർ സഹായാഭ്യർഥനയുമായി നാട്ടിൽനിന്ന് സന്ദർശന വിസയിൽ എത്താൻ സാധ്യതയുണ്ട്. എന്നാൽ, യാചനയുൾപ്പെടെ കാര്യങ്ങൾ ബഹ്റൈനിൽ നിരോധിച്ചിരിക്കുന്നതിനാൽ ഇങ്ങനെയെത്തുന്നവർ തടയപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തൊഴിൽ ലഭ്യത ഉറപ്പുവരുത്തിയ ശേഷമേ യാത്രതിരിക്കാവൂ എന്ന മുന്നറിയിപ്പാണ് സാമൂഹിക പ്രവർത്തകർ നൽകുന്നത്.